കനൽ ഷീ തിയേറ്റേഴ്‌സ് നാടകവുമായി അരങ്ങിലേക്ക്...!
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
വാഴയൂർ: വാഴയൂർ ഗ്രാമപ്പഞ്ചായത്തിലെ വനിതാ നാടകപ്രവർത്തകർ രൂപംകൊടുത്ത കനൽ ഷീ തിയേറ്റേഴ്‌സിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. ‘ജോഗിനി ഒരു തുടർക്കഥ’ എന്ന സ്റ്റേജ് നാടകവുമായി അരങ്ങിലേക്ക്. സ്ത്രീസൗഹൃദ ഗ്രാമപ്പഞ്ചായത്താക്കുന്നതിന്റെ ഭാഗമായി വാഴയൂർ പഞ്ചായത്ത് തയ്യാറാക്കിയ ‘കൂട്ടുകാരി’ പദ്ധതിയുടെ ഭാഗമായി പിറവിയെടുത്ത വനിതാനാടകക്കൂട്ടായ്മയാണ് "കനൽ ഷീ തിയേറ്റേഴ്സ് ".
കുടുംബശ്രീയുടെ സഹായത്തോടെ പഞ്ചായത്തിന്റെ പരിധിയിലുള്ള, നാടകരംഗത്തു പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള സ്ത്രീകളെ കണ്ടെത്തി, പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാടകപരിശീലന ക്യാമ്പ് സംഘടിപ്പിച്ചപ്പോഴാണ് 'കനല്‍ ഷീ തീയേറ്റേഴ്സ്' ഔദ്യോഗികമായി രൂപവത്കരിച്ചത്. തങ്ങളുടെ കലാഭിരുചികൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വേദി ലഭ്യമായതോടെ പഞ്ചായത്ത് പരിധിയിലെ ഒട്ടേറെ സ്ത്രീകളും കുട്ടികളും നാടകട്രൂപ്പിന്റെ ഭാഗമായി. അപ്രതീക്ഷിതമായെത്തിയ കോവിഡ് കാരണം നാടക ക്യാമ്പിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. നിയന്ത്രണങ്ങളിൽ മാറ്റം വന്നതോടെയാണ് നാടകക്കളരി വീണ്ടും സജീവമാക്കുന്നത്. "ജോഗിനി ഒരു തുടർക്കഥ"എന്ന നാടകം വ്യത്യസ്ത പ്രമേയമാണ് മുന്നോട്ടു വെയ്ക്കുന്നത്. ദേവദാസി സമ്പ്രദായത്തിന്റെ തുടർച്ചയെന്നോണം മാറിയകാലത്ത് പുതിയ ചൂഷണങ്ങൾക്ക് ഇരയാവുന്ന സ്ത്രീസമൂഹത്തിന്റെ അവസ്ഥാന്തരങ്ങളാണ് നാടകം തുറന്നുകാട്ടുന്നത്. ജിമേഷ് കൃഷ്ണനും ടി.പി. പ്രമീളയും ചേർന്ന് രചിച്ച ഈ നാടകം മോഹൻ കാരാടാണ് സംവിധാനം ചെയ്യുന്നത്. വൈഷ്ണവി ദർപ്പണ നൃത്തസംവിധാനവും. നിർവ്വഹിക്കുന്നു. അരങ്ങിലും അണിയറയിലുമായി വാഴയൂർ ഗ്രാമത്തിലെ ഒട്ടേറെ കലാകാരൻമാരാണ് ഈ നാടകത്തിന്റെ ഭാഗമാവുന്നത്. വാഴയൂരിലെ നാടക കലാകാരൻമാരുടെ കൂട്ടായ്മയായ നാട്ടുറവയും ഈ നാടകവുമായി സഹകരിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നാടക റിഹേഴ്സൽ ക്യാമ്പ് നടക്കുന്നത്. അടുത്ത മാസം അവസാനം നാടകം അരങ്ങിലെത്തും. ബോധവത്കരണ നാടകമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കാനാണ് കനൽ ഷീ തിയേറ്റേഴ്സ് ലക്ഷ്യമിടുന്നത്.