നടൻ ജോജു ജോർജിനെതിരെ കോണ്ഗ്രസ് ആക്രമണം. വാർത്തക്ക് താഴെ വിവാദ കമന്റുമായി ശബരീനാഥൻ കെ.എസ്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊച്ചി : ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച് നടന്‍ ജോജു ജോര്‍ജ്. വൈറ്റില - ഇടപ്പള്ളി ദേശീയപാതയില്‍ ഉപരോധം സൃഷ്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തിയ സമരം, അത്യാസന്ന നിലയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയ രോഗികള്‍ക്ക് ഉള്‍പ്പെടെ ബുദ്ധിമുട്ട് സൃഷ്ടിച്ചപ്പോഴാണ് ജോജു ജോര്‍ജും മറ്റു യാത്രക്കാരും തങ്ങളുടെ പ്രതിഷേധം പാര്‍ട്ടിക്കാരെ അറിയിച്ചത്. എന്നാല്‍ പാര്‍ട്ടിക്കാര്‍, മദ്യപിച്ചു ബഹളമുണ്ടാക്കി എന്ന് ജോജുവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും അദ്ദേഹത്തിന്റെ കാര്‍ നശിപ്പിക്കുകയും ചെയ്തു. വൈദ്യപരിശോധനയില്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.
ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ പ്രതികരിച്ച തന്നോട് അപമര്യാദയായി പെരുമാറുകയും വ്യാജപരാതി നല്‍കുകയും ചെയ്തതിനുമപ്പുറം രക്ഷാകര്‍ത്താക്കളെ അസഭ്യം പറയുകയും ചെയ്തതായി ജോജു പരാതിപ്പെട്ടു. ഈ വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് ജോജു ജോര്‍ജിന്റെ തീരുമാനം.
ജോജുവിനെതിരെ ശബരീനാഥന്‍ കെ. എസ്. നടത്തിയ അഭിപ്രായപ്രകടനവും വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിരിക്കുകയാണ്. ജോജു ജോര്‍ജിനെ പിന്‍തുണച്ച് സിനിമ രംഗത്തെ പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.