'കക്കുകളി' നാടക നിരോധന ഭീഷണി: ശക്തമായ പ്രതിരോധം ഉയർത്തും
- വാർത്ത - ലേഖനം
തൃശൂർ: 'കക്കുകളി' നാടകാവതരണത്തിനെതിരെ വിശ്വാസസംരക്ഷണത്തിന്റെ പേരിൽ കേരളത്തിലെ ക്രൈസ്തവസഭ നേതൃത്വം ഉയർത്തുന്ന നിരോധന ഭീഷണിക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തുമെന്ന് ആവിഷ്കാരസ്വാതന്ത്ര്യ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മത പൗരോഹിത്യത്തിന്റെ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി ജനാധിപത്യാവകാശങ്ങൾക്ക് വിലങ്ങിടുന്ന ഒരു നടപടിക്കും സർക്കാർ വഴങ്ങരുത്.
പുന്നപ്രയിലെ നെയ്തൽ നാടക സംഘം അവതരിപ്പിക്കുന്ന, തീര ദേശവാസികളുടെ ജീവിതം പ്രമേയമാക്കുന്ന നാടകം നിരോധിക്കാൻ വിശ്വാസികളെ തെരുവിലിറക്കുകയും കോടതിയെ സമീപിക്കുകയും ചെയ്ത മെത്രാൻ സമിതിയുടെ നടപടി അപലപനീയമാണ്. നാടകം നിരോധിക്കാനുള്ള ശ്രമത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ഒപ്പു ശേഖരണം സംഘടിപ്പിക്കും. മേയ് ആദ്യവാരം തൃശൂരിൽ വിപുലമായ ആവിഷ്കാര കൺവെൻഷൻ സംഘടിപ്പിക്കും.
പ്രദർശനാനുമതി നൽകരുതെന്ന കേരള മെത്രാൻ സമിതിയുടെ ആവശ്യത്തെ ബി.ജെ.പി പിന്തുണക്കുന്നത് ഇതിന് പിന്നിലെ രാഷ്ട്രീയത്തെയാണ് വെളിപ്പെടുത്തുന്നത്. ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സംബന്ധിച്ച തുറന്ന സംവാദത്തിന് 'കക്കുകളി'ക്കെതിരെ ഉയർന്ന പ്രതിഷേധം വഴിതെളിക്കേണ്ടതുണ്ടെന്ന് സിനിമഗാന രചയിതാവ് റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. വാർത്തസമ്മേളനത്തിൽ പി. കെ. വേണുഗോപാലൻ, കെ. എ. മോഹൻദാസ്, ഗണേഷ് രംഗചേതന, ഇ. ഡി. ഡേവിസ് എന്നിവരും സംബന്ധിച്ചു.