നവോത്ഥാനം ദൃശ്യവിരുന്ന് 23, 24 തീയതികളിൽ
- വാർത്ത - ലേഖനം
ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യ ഒരുക്കുന്ന നവോത്ഥാനം നാടക ദൃശ്യവിരുന്ന് 23, 24 തീയതികളിൽ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഒരു രചനയുടെ രണ്ട് ശൈലികളിലുള്ള അവതരണങ്ങൾ, ഡിജിറ്റൽ തിയേറ്ററായും, ബ്ലാക്ക് ബോക്സ് തിയേറ്ററായും പ്രേക്ഷകർക്ക് മുന്നിലെത്തും.
23 ന് വൈകിട്ട് 6 മണിക്ക് ചേരുന്ന സാംസ്കാരിക കൂട്ടായ്മയിൽ എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടന സന്ദേശം നൽകും. സംഗീത നാടക അക്കാദമി ചെയർമാനും വാദ്യകുലപതിയുമായ പത്മശ്രീ. മട്ടന്നൂർ ശങ്കരൻകുട്ടി കേളി കൊട്ടി ദക്ഷിണമേഖലാ നാടകയാത്രയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് 2 മണിക്കൂർ 10 മിനുട്ട് ദൈർഘ്യമുള്ള നവോത്ഥാനം ഡിജിറ്റൽ തിയേറ്റർ അവതരണം അരങ്ങേറും.
24 ന് പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ വൈകിട്ട് 6 ന് നവോത്ഥാനം ബ്ലാക്ക് ബോക്സ് തിയേറ്ററിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. തുടർന്ന് നവോത്ഥാനം ബ്ലാക്ക് ബോക്സ് തിയേറ്റർ പ്രൊഡക്ഷൻ അരങ്ങേറും. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും തിയേറ്റർ ഇന്ത്യയുടെ ചെയർമാനുമായ
ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്കാരിക കൂട്ടായ്മയിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഒത്തുചേരും. നാടക-ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ പ്രമോദ് പയ്യന്നൂർ സംവിധാനം നിർവ്വഹിച്ച ഈ ദൃശ്യാവതരണത്തിൽ കെ.എസ്. ചിത്ര, യേശുദാസ്, പി. ജയചന്ദ്രൻ, അൻവർ സാദത്ത്, പുഷ്പാവതി, മധുവന്തി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പണ്ഡിറ്റ് രമേഷ് നാരായണന്റേതാണ് സംഗീത സംവിധാനം. അഡ്വ. മണിലാലും പ്രമോദ് പയ്യന്നൂരും ചേർന്ന് രചന നിർവ്വഹിച്ച നാടകങ്ങളിൽ മലയാള പ്രൊഫഷണൽ നാടക രംഗത്തെ ശ്രദ്ധേയരായ അഭിനേതാക്കൾ നവോത്ഥാന കാലഘട്ടത്തിലേയും വർത്തമാനകാലത്തേയും 54 കഥാപാത്രങ്ങളായി അരങ്ങിലെത്തും.