'പൊക്കൻ' നാടകം മോഷണം; പ്രതിഷേധവുമായി നാടക കൃത്ത് ആർ.കെ പേരാബ്ര
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി അമച്ച്വർ നാടകോത്സവത്തിൽ അവതരിപ്പിച്ച 'പൊക്കൻ' എന്ന നാടകത്തിൽ സാഹിത്യ ചോരണം ആരോപിച്ച് നാടകൃത്ത് ആർ.കെ പേരാമ്പ്രയുടെ കുറിപ്പ് വിവാദമാകുന്നു.
ആർ.കെ പേരാമ്പ്രയുടെ കുറിപ്പ് വായിക്കാം.
പ്രിയ സുഹൃത്തുക്കളെ,
എൻ്റെ രചനയിൽ ഒരു നാടകമുണ്ട്
പേര് പൊക്കൻ നാടകപ്രേമികൾ ഏറെ ഇഷപ്പെട്ട ഒരു നാടകമാണതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ആ നാടകം ഞാൻ എഴുതുന്നത് 2006 ലാണ് സാഹചര്യങ്ങൾ ഒത്തു വരാത്തതു കൊണ്ട് കുറെക്കാലം അവതരണം നടന്നില്ല. പിന്നീട് 2011ൽ സ്കൂൾ യുവജനോത്സവത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിന് വേണ്ടി ആ നാടകം അരങ്ങേറി. നമ്മുടെ പ്രിയപ്പെട്ട നാടക പ്രതിഭ എ. ശാന്തകുമാറാണ് സംവിധാനം നിർവ്വഹിച്ചത്. ശാന്തേട്ടൻ ചെയ്യുന്ന എൻ്റെ ആദ്യ നാടകം എന്ന പ്രത്യേകതകൂടിയുണ്ട് പൊക്കന്. ശാന്തേട്ടൻ ഏറെ ആസ്വദിച്ച് ചെയ്ത നാടകം കൂടിയായിരുന്നു അത്.
ആ കൊല്ലം നാടകം ജില്ലാതലം വരെ എത്തുകയും ചെയ്തിരുന്നു. ശാന്തേട്ടൻ്റെ അഭിപ്രായ പ്രകാരം ഞങ്ങൾ പിന്നീട് പൊക്കൻ മുതിർന്നവർക്ക് വേണ്ടിയും അരങ്ങിലെത്തിച്ചു.
2015ൽ കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഡേയോട് അനുബന്ധിച്ച് മെഡിക്കൽ കോളജ് തിയ്യറ്റർ ഫോറമാണ് നാടകം വേദിയിൽ എത്തിച്ചത്. അതേ വർഷം തന്നെ കോഴിക്കോട് ടൗൺ ഹാളിൽ പി.ആർ ഡി സംഘടിപ്പിച്ച ദേശീയ നാടകോത്സവത്തിലും പൊക്കന് അവസരം കിട്ടിയിരുന്നു. അങ്ങനെ നിരവധി വേദികളിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഞാൻ എഴുതിയ നാടകമാണ് പൊക്കൻ. പിന്നീട് ശാന്തേട്ടനെ കൂടാതെ മറ്റ് നാടക സുഹൃത്തുക്കളും നാടകം കേരളത്തിലുടനീളം നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
പലയിടങ്ങളിലും സമ്മാനങ്ങളും നേടിയിട്ടുമുണ്ട്.
കൂടാതെ ഈ നാടകത്തെ ഏറെ ഇഷ്ടപ്പെടുന്ന പ്രശസ്ത നാടകകൃത്തും സംവിധായകനുമായ സതീഷ് .കെ സതീഷ് പൊക്കനെ അദ്ദേഹം എഡിറ്റു ചെയ്ത തിയ്യറ്റർ സ്പേസ് എന്ന നാടക സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. നാടകം കാണാത്ത പലരും ടെക്സ്റ്റ് വായിച്ച് ഇപ്പോഴും വിളിക്കാറുണ്ട്. ഇതിലെല്ലാം ഞാൻ ഒരു നാടക പ്രവർത്തകനെന്ന നിലയിൽ ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു.
അങ്ങനെയൊക്കെ ഇരിക്കെ, കേരള സംഗീത നാടക അക്കാദമി അമച്വർ നാടക ഫെസ്റ്റിൻ്റെ ഭാഗമായി ഇന്നലെ കണ്ണൂരിൽ നിന്നുള്ള ഒരു സമിതി പൊക്കൻ എന്ന പേരിൽ ഒരു നാടകം അവതരിപ്പിച്ചതായി സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞു. പൊക്കൻ, എന്റെ രചനയിലുള്ളതാണ് അവരുടെ മനസ്സിലുള്ളത്. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ഞാനും അവരോട് പറഞ്ഞു.
പ്രസ്തുത ലിസ്റ്റിൽ പൊക്കൻ ഉണ്ടെന്ന വിവരം ' അറിഞ്ഞ് മുമ്പ് പലരും വിളിച്ചിരുന്നു. ഈ തവണ ഞാൻ നാടകം അയച്ചിട്ടില്ലെന്നും അതുമാത്രമല്ല പ്രസിദ്ധീകരിക്കാത്ത നാടകമേ അയക്കാൻ പറ്റു എന്നും ഞാൻ സുഹൃത്തുക്കളെ അറിയിച്ചു. പൊക്കൻ എന്ന പേര് ആർക്ക് വേണമെങ്കിലും ഇടാവുന്നതുകൊണ്ട് എനിയ്ക്കും ആശങ്കയുണ്ടായിരുന്നില്ല .
പക്ഷെ ഇന്നലെ അക്കാദമിയിൽ വെച്ച് നാടകം കണ്ട സുഹൃത്തുക്കളിൽ പലരും എന്നെ വിളിച്ചപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നാതിരുന്നില്ല. അവരിൽ പലരും എൻ്റെ പൊക്കൻ നാടകം പലതവണ കണ്ടവരും നാടകത്തെ സ്വന്തം നാട്ടിൽ കളിപ്പിക്കാൻ മുൻകൈ എടുത്തവരുമായിരുന്നു.
നാടകം കണ്ടിട്ട് അവർ പറയുന്നത് ആശയം മാത്രമല്ല ഓരോ സ്വീക്കൻസും, വളർച്ചയും എൻ്റെ രചനയിലേതു തന്നെയാണെന്നും നാടകത്തിൻ്റെ കഥാപാത്രത്തിൻ്റെ പേരിൽ മാത്രമേ മാറ്റമുള്ളൂ എന്നുമാണ്.
എഴുത്തുകാരുടെ ഗ്രൂപ്പായതു കൊണ്ട് മാത്രം ആണ് ഞാൻ എൻ്റെ ആശങ്കകൾ പങ്കുവെക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതി സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ട, പ്രസിദ്ധീകൃതമായ ഒരു രചന എങ്ങനെ ആണ് മറ്റൊരാൾ ചെറിയ മാറ്റങ്ങൾ വരുത്തി അയാളുടേതാക്കുക?
ആശയം പോട്ടെ പേര് പോട്ടെ നാടകത്തിൻ്റെ സന്ദർഭങ്ങൾ അതേപടി തന്നെ എങ്ങനെ ആണ് കോപ്പി അടിക്കുന്നത്?
ഇവിടെ കോപ്പിറൈറ്റ് വന്ന പരിപാടി എൻ്റെ നാടകം പൊക്കൻ പറയുന്നത് പോലെ നോക്ക് കുത്തി മാത്രമോ?
ഇങ്ങനെ ഒക്കെ ആണെങ്കിൽ എങ്ങനെ നമ്മൾ നാടകം പ്രസിദ്ധീകരിക്കും അല്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും?
ഇന്നലെ തൃശൂരിൽ ആ നാടകം കണ്ട് സുഹൃത്തുക്കൾ നിരന്തരം വിളിച്ചപ്പോൾ
ഇത്തരം ചില ആശങ്കകൾ എന്നിൽ ഉണ്ടായി
എന്ന് എഴുത്തുകാരായ നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ് അല്ലാതെ ഒരു വിവാദത്തിനും വേണ്ടിയല്ല ?
സ്നേഹപൂർവ്വം
രാധാകൃഷ്ണൻ പേരാമ്പ്ര