'കക്കുകളി'ക്ക് ഐക്യദാർഢ്യം - ലോക നാടക വാർത്തകൾ
- ലേഖനം
ലോക നാടക വാർത്തകൾ, കക്കുകളി എന്ന നാടകത്തിനെതിരെ തൃശ്ശൂർ അതിരൂപതയുടെ നീക്കത്തിൽ പ്രതിഷേധിക്കുന്നു.
ആലപ്പുഴ പറവൂർ നെയ്തൽ നാടക സംഘത്തിന്റെ കക്കുകളി എന്ന നാടകത്തിനെതിരെ KCBC എന്ന ക്രിസ്ത്യൻ സഭയുടെ തെരുവിലിറങ്ങൽ നയത്തിനെതിരെ സർഗ്ഗാത്മക പ്രതിരോധം ഉയർത്തുകയാണ് മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവമാധ്യമ കൂട്ടായ്മയായ ലോകനാടക വാർത്തകൾ.
ഓരോ നാടകപ്രവർത്തകനും ആവിഷ്കാര സ്വാതന്ത്ര്യം എന്നു പറയുന്നത് അവന്റെ മൗലികമായ അവകാശമാണ്. അതിനെതിരെയുള്ള മതമൗലിക വാദികളുടെ എത് തരത്തിലുള്ള നീക്കത്തെയും ശക്തമായി തടുത്ത് നിർത്തുവാനും പ്രതിഷേധിക്കുവാനും എല്ലാ സാംസ്കാരിക സ്നേഹികളോടും, നാടക പ്രവർത്തകരോടും, LNV സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണ്.
എല്ലാ കാലഘട്ടങ്ങളിലും മതത്തിന്റെ പേരിൽ കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. മതവും, ജാതിയും, നാടിന്റെ നന്മകളിൽ നിന്നും അകന്ന് പോവുകയും, സ്വാർത്ഥതയും, കുതികാൽ വെട്ടും, അന്യതയും, പകപോക്കലും, ഉയർത്തിക്കൊണ്ട് വരികയും ചെയ്യുമ്പോൾ തിന്മകൾക്കെതിരെ പ്രതികരിക്കുന്ന സാംസ്ക്കാരിക പ്രവർത്തനങ്ങളെ ഉൾകൊള്ളാനും, മനസിലാക്കാനും സാധിക്കാത്തവരെ മനുഷ്യ വർഗ്ഗമായി പരിഗണിക്കാൻ കഴിയില്ല.
ശ്രീ.ജോബ് മഠത്തിൽ എന്ന സംവിധായകൻ കക്കുകളി എന്ന നാടകത്തിൽ ഒരു കളിയുടെ പശ്ചാത്തലത്തിൽ ചരിത്രാന്വേഷണം നടത്തിയപ്പോൾ, അതിന്റെ സത്യസ്ഥിതി പലർക്കും ദഹിക്കാൻ പറ്റാതെയായി. കുട്ടികൾ ചിത്രശലഭങ്ങലെപ്പോലെയാണ്, പാറിപ്പറന്ന് നടക്കാനാഗ്രഹിക്കുന്ന മനസ്സാണ്. ബാല്യകാലം നിഷ്കളങ്കതയുടതാണ്. പുതിയ ലോകത്തെക്കുറിച്ചുളള അനുഭവങ്ങൾ, അറിവുകൾ പരുവപ്പെടുന്ന കാലം. അവയെ ഒന്നടങ്കം 'അരുത്' എന്ന ഒറ്റ വാക്ക് കൊണ്ട് അടിവരയിടുമ്പോൾ തകർന്നടിയുന്ന കുഞ്ഞ് മനസിനെയും സ്വപ്നങ്ങളെയും വളരെ ഭംഗിയായി ഈ നാടകത്തിൽ രംഗാവിഷ്കാരം ചെയ്തിട്ടുണ്ട്.
ഒരു തീരദേശ പ്രദേശത്തെ കന്യാസ്ത്രീ മഠവും, മതത്തിനെക്കുറിച്ചും, നീതിയെക്കുറിച്ചും, നന്മയെക്കുറിച്ചും, സത്യത്തിനെക്കുറിച്ചും, നല്ല അവബോധമുള്ള കുറച്ച് നിഷ്കളങ്ക മനുഷ്യരെയും ചുറ്റിപ്പറ്റിയാണ് നാടകം.
'കമ്മ്യൂണിസം' ഒരു നാടിന്റെ പോരാട്ടക്കരുത്താകുന്നതും, മാറ്റത്തിന്റെ ശബ്ദമാകുന്നതും, നാടകത്തിൽ കൃത്യമായി വരച്ചു കാട്ടിയിരിക്കുന്നു. ഓരോ നാടകത്തിനും, അതിന്റേതായ രാഷ്ടീയം പറയുവാനുണ്ടാകും. കക്കുകളി മുന്നോട്ട് വയ്ക്കുന്ന രാഷ്ടീയം ക്രിസ്ത്യൻ സഭയുടെ പള്ളക്ക് കൊണ്ടെങ്കിൽ ഈ നാടകം ഉയർത്തിയ രാഷ്ടീയം വിജയിച്ചു എന്നു തന്നെയാണ് അർത്ഥം. സ്വതന്ത്രമായ ചിന്തയെയും, ആവിഷ്ക്കാരത്തേയും ആർക്കും തളച്ചിടാൻ കഴിയില്ലായെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്.
സന്ന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു എന്നു പറയുന്ന KCBC തന്നെയാണ് കക്കുകളി എഴുതിയ ഫ്രാൻസിസ് നോറോണക്ക് 2019ൽ അവാർഡ് കൊടുത്തതും. അന്നില്ലാത്തത് ഇന്ന് ഉടലെടുത്തെങ്കിൽ ഒരു കാവി മണം സഭയ്ക്കുള്ളിൽ പരിലസിക്കുന്നുണ്ടെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ആരുടെയും വിശ്വാസങ്ങൾക്ക് മേൽ ഈ നാടകം വിരൽ ചൂണ്ടുന്നില്ല. മതസ്ഥാപനങ്ങളിൽ നടക്കുന്ന കൊള്ളരുതായ്മകളിലേക്ക് മാത്രമാണ്. ക്രിസ്തുവിന്റെ ആറാം തിരുമുറിവും, തിരു ശേഷിപ്പും, വായിച്ച് കടന്ന് വന്നവർ തന്നെയാണ് മലയാളികൾ. പക്ഷേ ഇവിടെ മതത്തിന്റെ പേരിൽ തെരുവിലിറങ്ങാൻ അനുയായികളോട് ഒരു മത സഭാനേതൃത്വം ആവശ്യപ്പെടുമ്പോൾ അവിടെ സ്വത്വ ബോധമുള്ള, സാംസ്ക്കാരികോന്നതിയുള്ള ഒരു സമൂഹത്തിനോട് ഉള്ള വെല്ലുവിളിയാണെന്നതും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഇത്തരം പ്രവർത്തനങ്ങളെ ലോകനാടക വാർത്തകൾ ശക്തമായി ചെറുത്ത് നിൽക്കുമെന്ന് ഉറപ്പ് പറയുകയാണ്.
പ്രിയപ്പെട്ട എല്ലാ സാംസ്കാരിക സ്നേഹികളെയും, നാടക പ്രവർത്തകരെയും ഈ ചെറുത്ത് നിൽപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ലോക നാടക വാർത്തകൾക്ക് വേണ്ടി
സെൻട്രൽ അഡ്മിൻ കമ്മിറ്റി.