നടൻ വിജയകാന്ത് അന്തരിച്ചു
- വാർത്ത - ലേഖനം
ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ചെന്നൈ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
അനാരോഗ്യത്തെത്തുടർന്ന് നവംബർ 18-ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നതോടെ ആശുപത്രിയിൽ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു. ആശുപത്രി വിട്ട അദ്ദേഹം ഒരാഴ്‌ച മുമ്പ് ചെന്നൈയിൽ നടന്ന ഡിഎംഡികെ ജനറൽ കൗൺസിൽ യോഗത്തിൽ വിജയകാന്ത് പങ്കെടുത്തിരുന്നു.
എൺപതുകളിലെ ആക്ഷൻ താരമായിരുന്നു വിജയകാന്ത്. വിജയകാന്തിൻ്റെ നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകരൻ വൻ ഹിറ്റായിരുന്നു. അമ്മൻ കോവിൽ കിഴക്കാലേ, വൈദേഹി കാത്തിരുന്താൽ, ചിന്ന ഗൌണ്ടർ, വല്ലരസു, ക്യാപ്റ്റൻ പ്രഭാകരൻ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. 1980 കളിൽ തമിഴ് ചലച്ചിത്രരംഗത്ത് കമലഹാസൻ, രജനികാന്ത് എന്നിവർക്ക് ശേഷം ഒരു മുഖ്യധാര നായകനായിരുന്നു വിജയകാന്ത്. ഒരു ആക്ഷൻ നായകന്റെ പരിവേഷമാണ് വിജയകാന്തിനു തമിഴ് ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നത്.
2005ലാണ് വിജയകാന്ത് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്.2006 ലെ തമിഴ്‌നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ പാർട്ടിക്ക് വിജയം നേടാനായുള്ളു.