ആർട്ടിസ്റ്റ് വിവാൻ സുന്ദരം അന്തരിച്ചു
- വാർത്ത - ലേഖനം
ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ ആർട്ടിസ്റ്റ് വിവാൻ സുന്ദരം അന്തരിച്ചു. 79 വയസായിരുന്നു. ബുധനാഴ്ച രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഈ മാസം ആദ്യമാണ് വിവാൻ സുന്ദരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചി ബിനാലെയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്.
ചിത്രകല, ശിൽപ നിർമാണം, പ്രിന്റുകൾ, ഫൊട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, വിഡിയോ ആർട്ട് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ കഴിവു തെളിയിച്ച കലാകാരനാണ് വിവാൻ സുന്ദരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളിലും എക്സിബിഷനുകളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൊച്ചിയിൽ നടക്കുന്ന മുസിസ് ബിനാലെയിൽ തന്റെ മെക്സിക്കൻ യാത്ര, മാച്ചുപീച്ചുവിന്റെ ഉയരങ്ങൾ എന്ന പേരിൽ ഒരു പെയിന്റിംഗ് സാഗ തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഷിംലയിൽ ജനിച്ച അദ്ദേഹം ഡൂൺ സ്കൂളിൽനിന്ന് ബിരുദം പൂർത്തിയാക്കിയശേഷം ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ്, ബറോഡയിലെ മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിൽ പരിശീലനം നേടി. കണ്ണൂലി ആർട് സെന്റർ, ജേണൽ ഓഫ് ആർട്സ് ആൻഡ് ഐഡിയാസ്, സഫ്ദാർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ് എന്നിവയുടെ സ്ഥാപകാംഗമാണ്. ഷെർ-ഗിൽ സുന്ദരം ആർട്സ് ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റി കൂടിയാണ്. ചരിത്ര കലാകാരിയും ക്യുറേറ്ററുമായ ഗീതാ കപൂറാണ് ഭാര്യ. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ബിനാലെ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.