അഥീന നാടകോത്സവം: നാടകക്കാർക്ക് പ്രതീക്ഷയുടെ അരങ്ങുണരുന്നു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കണ്ണൂർ: ഒന്നരക്കൊല്ലത്തിലധികമായി അടച്ചിടപ്പെട്ട വേദികൾ അഥീന നാടക-നാട്ടറിവ് വീട് ഒരുക്കുന്ന സംസ്ഥാന തല അമച്വർ നാടകോത്സവത്തോടെ ഉണരുന്നു. അടച്ചിടപ്പെട്ട അരങ്ങുകളുടെ പിന്നിൽ നിന്നും അന്ന വഴികൾ മുട്ടിപ്പോയ അരങ്ങാളികൾക്ക് പ്രതീക്ഷയുടെ പുതുവെട്ടമേകിക്കൊണ്ട് മയ്യിൽ കയരളം ഗ്രാമത്തിലെ അഥീന ഹാളിൽ ഒക്ടോബർ 23ന് അഥീന നാടകോത്സവത്തിന് തിരിതെളിയുന്നു.
നാടക രംഗത്ത് സജീവമായ പതിമൂന്ന് സമിതികൾ അഥീന നാടകോത്സവത്തിൽ നാടകം അവതരിപ്പിക്കപ്പെടുമ്പോൾ നാടകപ്രവർത്തകരും നാടകാസ്വാദകരും ഏറെ പ്രതീക്ഷയിലാണ്.
ആദ്യ ദിനത്തിൽ ജയപ്രകാശ് കുളൂരിന്റെ വെളിച്ചെണ്ണയുമായി സുധി പാനൂരും തിയറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാടിന്റെ പുലികേശി രണ്ടും അരങ്ങുണർത്തുന്നു.
24ന് പരപ്പനങ്ങാടി അടുപ്പ് തിയറ്റർ അവതരിപ്പിക്കുന്ന പരീക്ഷണം ഒരു നിരീക്ഷണം അഥവാ നിരീക്ഷണം ഒരു പരീക്ഷണവും അമ്മ കലാക്ഷേത്ര തൃശ്ശൂരിന്റെ ഉന്മാദിയുടെ ചിത്രമെഴുത്തും ഒക്ടോബർ 25ന് എ കെ ജി വായനശാല ചെമ്മാടം അവതരിപ്പിക്കുന്ന ശിശിരങ്ങൾക്കപ്പുറവും തെസ്പിയൻ തിയേറ്റർ തകഴി ആലപ്പുഴ അവതരിപ്പിക്കുന്ന ജോസഫിന്റെ റേഡിയോയും വേദിയിലെത്തും. 26ന് പയ്യന്നൂർ ഗ്രാമം പ്രതിഭ അവതരിപ്പിക്കുന്ന രാക്ഷസി, കോഴിക്കോട് സർഗ്ഗ തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഒരു കിണ്ടിക്കഥ. 27ന് ജ്വാല കരുവാക്കോടിന്റെ ശ്രദ്ധേയമായ നാടകം ബാവുൾ അരങ്ങിലെത്തുന്നു. 28ന് അഥീന നാടക നാട്ടറിവ് വീട് മയ്യിൽ അവതരിപ്പിക്കുന്ന രാജ്യദ്രോഹിയുടെ അമ്മ, ഷിബു ഇഛംമഠം കൊല്ലം അവതരിപ്പിക്കുന്ന ആരാച്ചാർ, നാടകത്തറ പിലാത്തറ കണ്ണൂർ അവതരിപ്പിക്കുന്ന ഈ മനോഹരതീരത്ത് എന്നീ നാടകങ്ങളും അരങ്ങുണർത്തും. 29ന് സമാപന ദിനത്തിൽ മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ് രചിച്ച് മീനാരാജ് സംവിധാനം നിർവ്വഹിച്ച് ലോക നാടകവേദി കൊച്ചി അവതരിപ്പിക്കുന്ന മത്തായിയുടെ മരണം വേദിയിയിലെത്തും. പ്രശസ്ത നാടക സിനിമാ സംവിധായകൻ ശ്രീജിത്ത് പൊയിൽ കാവും ജിജു ഒറപ്പടിയുമാണ് ഫെസ്റ്റിവെൽ ഡയരക്ടേഴ്സ്.
നാടകോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും നാടകം തുടങ്ങുന്നതിന് 30 മിനുട്ട് മുൻപ് നാടകപ്പാട്ടുകളും നാടകവർത്തമാനവും സംഘടിപ്പിക്കും. കേരളത്തിലെ പ്രശസ്തരായ നാടകപ്രവർത്തകർ പങ്കെടുക്കും.
കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ട് ആദ്യം എത്തിച്ചേരുന്ന 50 പേർക്ക് മാത്രമായിരിക്കും നാടകോത്സവ ഹാളിലേക്ക് പ്രവേശനം. കൂടുതൽ പേർക്ക് നാടകോത്സവം കാണുന്നതിനായി നവ മാധ്യമങ്ങളിൽ തത്സമയ സംപ്രേക്ഷണവും നടത്തും.