ഓർമ്മയിൽ ഒ.കെ. മാഷ്
പി ടി മനോജ്
ഇന്ന് ആഗസ്ത് 13 ഒ.കെ.മാഷ് അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് നാലു വർഷമാകുന്നു. നടന്‍, സംവിധായകന്‍, സംഘാടകന്‍, ചമയക്കാരന്‍, അദ്ധ്യാപകൻ, സംഗീത നാടക അക്കാദമി മുൻ ആക്ടിംഗ് സെക്രട്ടറി.......
മലയാളത്തിലെ മുഖ്യധാരാ നാടകവേദിയില്‍ വിസ്മയം തീര്‍ത്ത നാടകങ്ങളിലെ ചരിത്രപുരുഷന്‍മാര്‍ പി.കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി, പഴശ്ശിരാജ, കാറല്‍മാര്‍ക്സ്, ഏംഗല്‍സ്, ഗാന്ധിജി, ചെ ഗുവേര, ഫിഢല്‍ കാസ്ടട്രോ.... പുനര്‍ ജനിച്ചത് ആ മാന്ത്രിക വിരലിലൂടെയാണ്.
ഒരു പക്ഷേ കേരളത്തിലെ അക്കാദമിക നാടക പണ്ഡിത സിംഹങ്ങൾക്കും സിംഹിണികൾക്കും ഈ നാട്ടു നാടകമനുഷ്യൻ അത്രയ്ക്ക് ഓക്കേ ആവണം എന്നില്ല. " ക്ഷ, അങ്ങട് പിടിച്ചില്യ" എന്ന മട്ടിൽ. പക്ഷേ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ സാധാരണ നാടക പ്രവർത്തകർക്ക് മാഷ് OK മാത്രമല്ല, ഡബിൾ OK തന്നെയാണ്.
അതങ്ങിനെത്തന്നെയാകാനാണ് സാദ്ധ്യത. കാരണം "പുഴ വെള്ളത്തിന്റെ ഇറക്ക നേരങ്ങളിൽ ചെറിയമുണ്ടുടുത്ത് വലിയ മുണ്ട് തലയിൽ കെട്ടി അതിൽ വലിയ കുരിയ വച്ച് , ചെറിയ കുരിയ കടിച്ചു പിടിച്ച്, രണ്ടു കൈ കൊണ്ടും ചളി വാരി വാരി മുന്നോട്ടെറിഞ്ഞ് ആ ചളിക്കലക്കിൽ ഒളിക്കാനെത്തുന്ന മുട്ടച്ചെമ്മീനെ തപ്പിപ്പിടിച്ച്" ജീവിതോപാധി കണ്ടെത്തിയ ഓൾനെടിയൻ വെള്ളച്ചിയുടെയും, തെയ്യം കെട്ടിയും തെയ്യത്തിന്റെ മുഖപ്പാളയും മറ്റലങ്കാരങ്ങളും നിർമ്മിച്ചും കുടകിലെ നാരങ്ങത്തോട്ടങ്ങളിൽ പണിക്കു പോയും കഴിഞ്ഞു കൂടിയ, കുന്നുൽ കുഞ്ഞമ്പു മൂപ്പനെന്ന കൊച്ചു ജന്മിയുടെ അടിമ വേലക്കാരനായ ഉറൂട്ടി യുടെയും മകനെ, മഹത്തായ "അവരുടെ മലയാള നാടക വേദി"യുടെ പൂമുഖത്ത് ആ മഹാ പണ്ഡിതർ ഇരുത്തില്ല. അവന്റെ സ്ഥാനം പിന്നാമ്പുറത്തു തന്നെയായിരിക്കും. അന്നും ഇന്നും എന്നും അതുകൊണ്ടാണ് ഒ.കെ. മാഷ് അയാളുടെ പ്രവർത്തന മണ്ഡലത്തിൽ പോലും അർഹമായ രീതിയിൽ വായിക്കപ്പെടാതെ പോയത്.
പക്ഷേ, മാഷ് വളർന്നു. മാഷിന്റെ തന്നെ ഭാഷയിൽ " താഴ്ന്ന ജാതിയിൽ പിറന്നു പോയി എന്നതുകൊണ്ട് പൊതുവഴിയിൽ കൂടി നടക്കാനോ, നല്ല വസ്ത്രം ധരിക്കാനോ, നല്ല പേരുകൾ വിളിക്കാനോ, ക്ഷേത്രകലകളും മറ്റു കലകളും നേരിട്ടു കാണാനോ പഠിക്കാനൊ സാധിക്കാത്ത ദുരവസ്ഥയിലൂടെ കടന്നു വന്ന്, സ്വാമി ആനന്ദതീർത്ഥരോടൊപ്പം ക്ഷേത്ര ദർശനം നടത്തി അടി കൊണ്ട് " 1943 ജനുവരി 18 ന് വളപട്ടണം പുഴയുടെ തീരത്തുള്ള കാരക്കാട് ഗ്രാമത്തിലെ കൊച്ചു കുടിലിൽ, ഉറൂട്ടിയുടെയും വെള്ളച്ചിയുടെയും മകനായി ജനിച്ച ഓൾനടിയൻ കരുണൻ എന്ന കുട്ടി , ഒ.കെ.മാഷായി, ഒ.കെ.കുറ്റിക്കോലായി മലയാളത്തിന്റെ കലാമേഖലയുടെയും അദ്ധ്യാപനത്തിന്റെയും മുഖ്യധാരയിലേക്ക് കടന്നുവരികയും വളർന്നു വരികയും തന്നെ ചെയ്തു.
കുറ്റിക്കോലിലെ പയ്യൻ നാരായണൻ നമ്പ്യാരുടെ ചായക്കടയുടെ മുകളിൽ പ്രവർത്തിച്ച യുവജന കലാസമിതിയുടെ നാടക റിഹേഴ്സലുകൾ കാണാനനുവാദമില്ലാതെ, കേട്ടു നിന്ന ഒ.കരുണനെന്ന കുട്ടി, പിന്നീട് ഫിഷറീസ് സ്കൂളിൽ അദ്ധ്യാപകനായി, നാടകക്കളരി പ്രസ്ഥാനത്തിന്റെ ഭാഗമായി നീലേശ്വരത്ത് സംഘടിപ്പിച്ച ക്യാമ്പിൽ മാഷ് ശങ്കരപിള്ളയുടെയും രാമാനുജത്തിന്റെയും വേണുക്കുട്ടൻ നായരുടെയും ഗോപിനാഥ് കോഴിക്കോടിന്റെയും കൂടെ പഠന - പ്രായോഗിക പരിശീലനം നേടി, കൂവോട്ട് കെ.എം.ആറിന്റെയും കരിവെള്ളൂർ മുരളിയുടെയും കൂടെ സംഘാടകനായി, കളരിയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട സി.എൻ.ന്റെ നാടകങ്ങളിലെ നടനായി, ഇവിടുങ്ങളിൽ നിന്നു കിട്ടിയ നാടകവെളിച്ചത്തിൽ അവിഭക്ത കണ്ണൂർ ജില്ല (ഇന്നത്തെ കണ്ണൂർ - കാസർഗോഡ് ) യിലും കോഴിക്കോടിന്റെ ചില ഭാഗങ്ങളിലെ നാട്ടുനാടകക്കുടികളിലെത്തിച്ചേർന്ന് അവിടങ്ങളിലൊക്കെ നാടക ദീപം തെളിയിച്ച് പ്രകാശമാനമാക്കി....
പഠനത്തിനുശേഷം അധ്യാപനത്തിൽ പ്രവേശിച്ച് സ്ക്കൂൾ കലോത്സവ നാടകത്തിലൂടെ സംവിധാനവും ചമയവും തുടങ്ങി. എം സുകുമാരന്റെ ചരിത്ര ഗാഥയ്ക്ക് സംവിധാനം നിർവഹിച്ച് പ്രശസ്തി നേടി... നിരവധി സംവിധാന സംരംഭങ്ങളിലൂടെ സംവിധായകനെന്ന രീതിയിൽ സ്വന്തമായ ഇടം കണ്ടെത്തി.... അനവധി നടീ നടൻമാരെ നാടകമേഖലയിലേക്ക് കൈപിടിച്ചു നടത്തി, നിരവധി ഗ്രാമീണ കലാസമിതികളിൽ, അവിടുത്തെ ബെഞ്ചുകളിൽ, അവിടുത്തെ കലാ പ്രവർത്തകരോടൊപ്പം ഉണ്ടുറങ്ങി, മാഷ് നാടകം വിതച്ചു നടന്നു. നടനായും സംവിധായകനായും ചമയക്കാരനായും സംഘാടകനായും ദേശീയ പുരസ്ക്കാര ജേതാവായ അദ്‌ധ്യാപകനായും തിളങ്ങി നിന്നു.
അതൊക്കെക്കൊണ്ടു തന്നെയാവണം ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻകയ്യിൽ രൂപം കൊണ്ട് പിന്നീട് കേരളത്തിലാകെയും പുറം ദേശങ്ങളിലും പ്രശസ്തി നേടിയ കണ്ണൂർ സംഘചേതനയെന്ന നാടക സംഘത്തിന്റെ മുഖ്യ ഭാരവാഹി (വൈസ് പ്രസിഡന്റ് )കളിലൊരാളായിരുന്നു മാഷ്. പ്രസിഡന്റ് പ്രശസ്ത കർഷക - കമ്യൂണിസ്റ്റ് നേതാവ് അഭിവന്ദ്യനായ സ. എം. പി.നാരായണൻ നമ്പ്യാർ.ജീവിതാവസാനം വരെ മാഷ് തന്നെ ഏൽപിച്ച ആ സ്ഥാനം ഉത്തരവാദിത്വത്തോടെ നിർവഹിക്കുകയും ചെയ്തു. ആ പാടവം കൊണ്ടാവണം ഒരു ഘട്ടത്തിൽ കേരള സംഗീത നാടക അക്കാദമിയുടെ ആക്ടിംഗ് സെക്രട്ടറി എന്ന സ്ഥാനവും മാഷക്ക് ഏറ്റെടുക്കേണ്ടി വന്നപ്പോൾ അതും ഭംഗിയായി കൈകാര്യം ചെയ്യാൻ മാഷക്ക് സാധിച്ചത്. അന്ന് നടൻ മുരളിയായിരുന്നു അക്കാദമി ചെയർമാൻ.
മാഷ് സെക്രട്ടറിയായിരിക്കുമ്പോഴാണ് , പയ്യന്നൂർ അന്നൂരിൽ നിന്ന് സി.വി.യുടെ ആയുസ്സിന്റെ പുസ്തകവുമായി ഞങ്ങൾ മത്സരിക്കാനെത്തുന്നത്. മേഖലാമത്സരം കല്ലാച്ചിയിൽ നടന്നപ്പോൾ 40 അടി നീളത്തിൽ തയ്യാറാക്കിയ വേദിയിൽ രണ്ടു ഭാഗത്തു നിന്നും പത്തടി വിട്ട് ഇരുപതടിയാണ് അവതരണ ഇടമായി ഉണ്ടായിരുന്നത്. (അക്കാലത്ത് അക്കാദമിയുടെ മറ്റേതോ പരിപാടിക്ക് നേതൃത്വം വഹിക്കാനെത്തിയ വരുടെ മേൽനോട്ടത്തിലായിരുന്നത്രേ നിർമ്മാണം) ഞങ്ങൾക്ക് 24 അടി വേണം acting space ആയി. അതു കഴിഞ്ഞ് രണ്ട് അടി വീതം side wingsനും മൊത്തം 28 ഉള്ളിൽ വേണം. ഈ ഇടുങ്ങിയ ഇടത്തിൽ അവതരിപ്പിക്കാനാവില്ല , നമുക്ക് മടങ്ങാം എന്ന് സംവിധായകൻ സുവീരൻ. പ്രാദേശിക സംഘാടകർ ചർച്ചക്കെത്തി. "ഇന്നലെ ഇവിടെ ഈ വേദിയിൽ , NSD യിൽ നിന്നു വന്നവർ സംവിധാനം ചെയ്ത ,അക്കാദമിയുടെ സൂപ്പർ മാക്കറ്റ് അവതരിപ്പിച്ചിരുന്നു. പിന്നെന്താ നിങ്ങളുടെ നാടകത്തിന് ?". എന്നവരുടെ വാദത്തിന് " അവരുടെ സൂപ്പർ മാക്കറ്റിന് ഒരു പക്ഷേ ഇത് മതിയാവും. പക്ഷേ, ഞങ്ങൾ, പയ്യന്നൂരെ നാടക പ്രവർത്തകരുടെ ആയുസ്സിന്റെ പുസ്തകത്തിന് ഇത് മതിയാകില്ലെ"ന്ന് ഞങ്ങളുടെ പ്രവർത്തകരിലാരോ ഒരാൾ മറുപടി നൽകി. പ്രശ്നം പരിഹാരമില്ലാതെ നീണ്ടു. അപ്പോഴാണ് ഒ.കെ. മാഷ് വിവരമറിഞ്ഞെത്തിയത്. സംഘചേതനക്കാരനോടുള്ള അടുപ്പവും സ്നേഹവും കൊണ്ട് എന്നെ മാറ്റി നിർത്തി മാഷ് പറഞ്ഞു. "മനോജേ, ഉദ്ഘാടന നാടകമാണ്. അവതരിപ്പിക്കാതെ മടങ്ങരുത്. എന്തു ചെയ്യണം ? എന്തു ചെയ്യാൻ പറ്റും?".
ഞാൻ പറഞ്ഞു," മാഷേ, സ്റ്റേജ് പൊളിച്ചു കെട്ടണം, ഞങ്ങൾക്ക് 28 അടി നിർബന്‌ധം " .
"ഇപ്പോ ആരെ പൊളിച്ചു കെട്ടാൻ കിട്ടും "എന്നായി മാഷ്.
ഞാൻ പറഞ്ഞു " ഞങ്ങൾ ചെയ്യും, രണ്ടു മണിക്കൂർ വേണം. നാടകം രണ്ടു മണിക്കൂർ വൈകിയേ തുടങ്ങാൻ കഴിയൂ".
സംഘചേതനയിൽ മുള കൊണ്ട് ഫ്രെയിം കെട്ടൽ കർട്ടൻ കെട്ടൽ തുടങ്ങി സ്‌റ്റേജിലെ എല്ലാ പണികളും ഞങ്ങൾ നടീ നടൻമാർ തന്നെ ചെയ്തു ശീലിച്ചതു കണ്ട അനുഭവം വച്ച് മാഷ് സമ്മതിച്ചു. മാത്രമല്ല ഒരു കുപ്പി കുടിവെള്ളവും കയ്യിൽ കരുതി മാഷ് ഞങ്ങളുടെ കൂടെ സ്‌റ്റേജിൽ നിന്നു . ഒരു വിധം ഒരുങ്ങി എന്നു വന്നപ്പോഴാണ് മാഷ് റെസ്റ്റ് ഹൗസിൽ പോയി കുളിച്ച് ഉദ്ഘാടനത്തിനായി ഒരുങ്ങി എത്തിച്ചേർന്നത്.
എണ്ണ തേച്ച് മിനുക്കിയ, നീട്ടി വളർത്തിയ മുടിയും താടിയുമായി, കറുത്ത കട്ടിക്കണ്ണട ഫ്രെയിമിനകത്തെ കണ്ണിലും ചുണ്ടിലും നിലാച്ചിരി ചിരിച്ച്, മുട്ടിനു താഴെയെത്തുന്ന ജൂബ്ബയും കാഞ്ഞിരോട് വീവേഴ്സിന്റെയൊ, ചിറക്കൽ വീവേഴ്സിന്റെയൊ മഞ്ഞ ഡബിൾ മുണ്ടുമുടുത്ത്, ഇടതു തോളിൽ നീളൻ തുണി സഞ്ചി തൂക്കി, ഇടതു കൈ ഭൂമിക്ക് സമാന്തരമായി വിരിച്ചുപിടിച്ച് വീശി,വലതു കൈ കൊണ്ട് മുണ്ട് മാടിപ്പിടിച്ച്, ഓർമ്മയിലേക്ക് ഒ.കെ. മാഷ് കയറി വരുന്നു.
"എല്ലാം ഒ.കെ. യല്ലേ മനോജേ ...."
"എല്ലാം ഒ.കെ. യാണ് മാഷേ ...."
" എന്നാ ബെല്ല് കൊടുക്കയല്ലേ ....."
"കൊടുത്തൊ മാഷേ ..."
മണി മുഴങ്ങുന്നു.
പുറത്ത് വെളിച്ചമണയുന്നു.
അകത്ത് വെളിച്ചം തെളിയുന്നു.
യവനിക ഉണർന്നുയരുന്നു..
മനസ്സിൽ , അരങ്ങിൽ കാലുറപ്പിച്ച് നിർത്താൻ പ്രാപ്തരാക്കിയവരുടെ മുഖങ്ങൾ നിറയുന്നു.
അതിൽ മുന്നിൽ ഒ.കെ. മാഷുണ്ട്.
ഒ.കെ. കുറ്റിക്കോൽ .
"മാഷേ ..........."