"ഐ സി യു"; പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം. എട്ടാം ദിവസം.
- ഒപ്പീനിയന്‍
മോഹിനി തോമസ്
ബഹ്‌റൈൻ കേരളീയ സമാജം, സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ഈ മഹാമാരിയുടെ കാലത്ത് പൊള്ളുന്ന വേനൽച്ചൂടിൽ ലഭിക്കുന്ന കുളിർമഴയാണ്. നാടകോത്സവം എട്ടാം ദിവസമായ ജനുവരി 18ന് അരങ്ങേറിയ നാടകമായ "ഐ സീ യൂ" വിന്റെ രചന ജയൻ മേലത്തും സംവിധാനം ഷാജിത് രമേഷും നിർവഹിച്ചു.
ആശുപത്രി ജീവനക്കാരന്റെ ക്രൂര പീഡനത്തിനിരയായി മുംബൈയിലെ കെ.ഇ.എം ആശുപത്രിയില്‍ 42 വർഷക്കാലം ജീവച്ഛവമായി കിടന്ന മുംബൈ കിങ്ങ് എഡ്വേര്‍സ് മെമ്മോറിയല്‍ ആശുപത്രി നഴ്സ് അരുണ രാമചന്ദ്ര ഷാൻബാഗ്.
നിയമക്കുരുക്കിൽപെട്ട്മുക്തി നേടാൻ കഴിയാതെ ഒരു കിടക്കയിൽ ചലനമറ്റു കിടന്ന അരുണയുടെ നിസ്സഹായത. മരുന്നു നൽകി കൊല്ലുന്നത് നിയമ വിരുദ്ധമാണെന്നും, എന്നാല്‍ വൈദ്യ സഹായവും ഭക്ഷണവും നല്‍കാതെ മരിക്കാന്‍ അനുവദിക്കാവുന്നതാണ് എന്നും സുപ്രീംകോടതി വിധിയെഴുതിയ ആ ജീവിതകഥ. ഇത് പൂർണ്ണമായി ഒരു സ്റ്റേജിൽ അവതരിപ്പിക്കാൻ സാധിക്കില്ല എങ്കിലും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെടാതെ ആ പീഡന കഥ അവതരിപ്പിക്കാൻ സംവിധായകൻ ഷാജിത് രമേശിന് ഈ നാടകാവതരണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
പ്രേക്ഷകനു നൽകുവാൻ ഒരു സന്ദേശം ഈ നാടകത്തിൽ
ഇല്ലായിരുന്നുവെങ്കിലും നൊമ്പരങ്ങളായ ചില സത്യങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിരുന്നു എന്നു പറയുവാൻ കഴിയും.
എവിടെ എങ്ങനെ ജനിക്കണം എന്നത് സ്വന്തംനിയന്ത്രണത്തിന് അതീതമാണ്. എന്നാൽ മരണമോ, രംഗബോധം ഇല്ലാതെ വരുന്ന കോമാളി എന്ന് പറയുമെങ്കിലും, ആ മരണമെന്ന കോമാളിയെ പ്രതീക്ഷിച്ചുകിടക്കുന്ന ചില ജീവിതങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ട്.
അരുണ രാമചന്ദ്ര ഷാൻബാഗ് ന്റെ ജീവിതം വരച്ചു കാട്ടുന്നതിലൂടെ ഈ നാടകം നമ്മെ ഓർമ്മിപ്പിക്കുന്നത് അതാണ്.
അച്ചു അരുൺ മാനസിക വൈകല്യമുള്ള, ലഹരിക്ക് അടിമപ്പെട്ട സോഹൻ ലാലായി ജീവിക്കുകയായിരുന്നു എന്ന് തോന്നും വിധം വേദി കൈയ്യടക്കി. നിരാലംബയായ നേഴ്സ്, ആക്ടിവിസ്റ്റ്, ഡോക്ടർ, ജഡ്‌ജി, കാമുകൻ, അറ്റൻഡർ, മൃതദേഹം,മാലാഖമാരായി വന്ന കുട്ടികൾ തുടങ്ങി എല്ലാവരും അവരുടെ കഥാപാത്രങ്ങൾ നന്നായി ചെയ്തു.
ദിനേശ് മാവൂരിന്റെയും, സുരേഷ് അയ്യമ്പള്ളിയുടെയും രംഗ സംവിധാനം ശ്രദ്ദേയമായി. പ്രകാശ നിയന്ത്രണം നിർവഹിച്ച വിഷ്ണുവും, കൃഷ്ണകുമാറും ശബ്ദ നിയന്ത്രണം നിർവഹിച്ച പ്രദീപും അഭിനന്ദനം അർഹിക്കുന്നു. ഈ വർഷത്തെ നാടകോത്സവത്തിന്റെ പ്രത്യേകതയായി, അവതരിപ്പിക്കപ്പെട്ട എല്ലാ
നാടകങ്ങളുടെയും പ്രകാശ ക്രമീകരണവും നിയന്ത്രണവും മികച്ചതായിരുന്നു എന്നകാര്യം എടുത്തു പറയേണ്ടതാണ്.
PC: വി പി നന്ദകുമാർ