"അനർഘ നിമിഷം"; പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം. രണ്ടാം ദിവസം.
- ഒപ്പീനിയന്‍
ഫാത്തിമ ഖമിസ്
നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ (12-1-22) സമാജം വേദിയിൽ അരങ്ങേറിയത് എക്കാലത്തെയും പ്രശസ്ത നോവലിസ്റ്റ് വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവലിനെ ആസ്പദമാക്കി ജയൻ മേലത്ത് രചനയും സംവിധാനവും നിർവ്വഹിച്ച്, ബഹ്‌റൈൻ പ്രതിഭ റിഫാ മേഖല അവതരിപ്പിച്ച "അനർഘ നിമിഷം" എന്ന നാടകമായിരുന്നു.
ഇത്തിരി സ്നേഹം ലഭ്യമായാൽ മനുഷ്യർക്ക് തടവറകളും കാത്തിരിപ്പിന്റെ സ്വർഗീയ ഇടമാകും എന്നതാണ് "അനർഘ നിമിഷം" കണ്ടുകൊണ്ടിരിക്കുമ്പോൾ തോന്നിയത്. ഇരുപത്തി രണ്ടാമത്തെ വയസ്സിൽ തന്നെ കടന്നു പിടിക്കാൻ ശ്രമിച്ച ഉടമസ്ഥനെ വെട്ടി ക്കൊല്ലേണ്ടി വന്ന് ജയിലിൽ ജീവപര്യന്തം കഠിന തടവിനു വിധിക്കപ്പെട്ടു കഴിയുന്ന നാരായണിയുടെ പ്രണയവും, കാത്തിരിപ്പും, ദുഃഖവും "അനർഘ നിമിഷ" ത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്കും പകർന്നു നൽകുവാൻ രചയിതാവും സംവിധായകനുമായ ജയൻ മേലത്തിനു കഴിഞ്ഞിരിക്കുന്നു എന്നത് വളരെ പ്രശംസനീയമായ കാര്യമാണ്.
അഭിനയ പ്രാധാന്യമുള്ള നാരായണി എന്ന കഥാപാത്രത്തിന് ജീവൻ നൽകി മനോഹരമാക്കിയ സ്വപ്ന ഏറെ പ്രതീക്ഷകൾ നല്കുന്ന കലാകാരിയാണെന്നു തെളിയിച്ചിരിക്കുന്നു. നാരായണിയുടെ ജയിലിലെ പകലുകൾ ഉണരുന്നത് ചെടികൾക്കും മരങ്ങൾക്കും ഇടയിൽ, അണ്ണാനോടും ബഷീറിനോടും കിന്നാരവും ആവലാതികളും, പരിഭവങ്ങളും പറഞ്ഞു കൊണ്ടാണ്.. വായുവിൽ ഉയരുന്ന കമ്പുകളും, മതിൽ കടന്നെത്തുന്ന റോസാപ്പൂക്കളും അണ്ണാനും ഒക്കെ മനുഷ്യരെപ്പോലെതന്നെ ഇതിലെ കഥാപാത്രങ്ങളാണ്. നിശ്ശബ്ദമായ മതിൽ ക്കെട്ടിനപ്പുറത്തെ ഒച്ചയ്ക്ക് വേണ്ടിയുള്ള നാരായണിയുടെ ഒടുങ്ങാത്ത കാത്തിരിപ്പും ഒടുക്കം താൻ ആർക്കു വേണ്ടി കാത്തുനിന്നുവോ അയാൾ ജയിൽ മോചിതനായി പോയി എന്ന അറിവ് നാരായണിയെപ്പോലെ ഹൃദയമുള്ള ഏതൊരാളെയും തകർത്തു കളയുന്നതാണ്.
എഴുത്തുകാരനായ ബഷീറിന്റെ മറ്റൊരു കഥാപാത്രമായ കേശവൻ നായർ സ്വപ്നത്തിലൂടെ നാരായണിയുടെ അടുത്തേക്ക് വരുമ്പോൾ എഴുതുന്നതൊന്നും ജീവിതത്തിൽ പാലിക്കാത്ത എഴുത്തുകാരുടെ രീതികളെക്കുറിച്ചാണ് നാരായണി പരിഭവം പറയുന്നത്. നഷ്ടപ്രണയത്താൽ അണ്ണാനോട് പോലും കയർക്കുന്ന നാരായണിയുടെ ദുഃഖം പ്രേക്ഷകരുടെ മനസ്സിലേക്ക് പകരുന്നതിൽ നാടകത്തിലെ സംഗീതം വലിയ തോതിൽ സഹായിച്ചിരിക്കുന്നു. വൈക്കം മുഹമ്മദ് ബഷീർ എന്ന മികച്ച എഴുത്തുകാരനോടുള്ള വലിയ ആദരവായി തോന്നി ഈ നാടകം.
വിഷ്ണു നാടക ഗ്രാമത്തിന്റെ ലൈറ്റിംഗ് ആവശ്യത്തിനുള്ള വെളിച്ചവും ഇരുട്ടും ആൺ പെൺ ജയിലിനിരുപുറവും ഉള്ള കഥാപാത്രങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പ്രേക്ഷക മനസ്സിൽ സൃഷ്ടിക്കുവാൻ സാധിച്ചിട്ടുണ്ട്. അധികം കഥാപാത്രങ്ങൾ കടന്നുവരാത്ത ഈ നാടകത്തിൽ ബഷീറും സഹതടവുകാരും, നാരായണിയുടെ സഹതടവുകാരികളും പോലീസുകാരും എല്ലാം അവരവരുടെ വേഷങ്ങൾ നന്നാക്കുവാൻ ഏറെ ശ്രമിച്ചിട്ടുണ്ട്.
ജീവിത സഞ്ചാരങ്ങൾക്ക് ജയിലിനകത്ത് ചലനം കുറവായതു കൊണ്ടാണോ നാടകം ചിലയിടങ്ങളിൽ പതിയെ ചലിച്ചത് എന്നൊരു സംശയം ഒരു നാടക ആസ്വാദക എന്ന നിലയിൽ എന്നെ ചിന്തിപ്പിച്ചു.. അതുപോലെ മതിലുകൾ നാടകത്തിലേക്ക് ആവിഷ്കരിച്ചപ്പോൾ ഇഷ്ടിക പാകിയ വെളുത്ത പുതിയ മതിലുകൾ അരോചകമായി എന്ന് പറയാതെ വയ്യാ.. കാലം നിറം മങ്ങിയ പൂപ്പൽ പിടിപ്പിച്ച ഇരുണ്ട മതിലുകൾ ആയിരുന്നുവെങ്കിൽ ഒന്നും കൂടി നാടക ആസ്വാദനത്തെ ആനന്ദകരമാക്കുമായിരുന്നു.. എന്തായാലും ഉള്ളിൽ ഒരു വേദനയോടെ മുപ്പത്തിയഞ്ചു മിനിറ്റ് നല്ല രീതിയിൽ നാടകം ആസ്വദിക്കാൻ പ്രേക്ഷകർക്കു കഴിഞ്ഞു എന്നതിൽ ഈ നാടകത്തിന്റെ സംവിധായകനും, അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിമാനിക്കാം.
PC. വി പി നന്ദകുമാർ