'ഗവർണറും തൊപ്പിയും' നാടകത്തിന് വിലക്ക്.
- വാർത്ത - ലേഖനം
കൊച്ചി: കൊച്ചിൻ കാർണിവലിന്റെ ഭാഗമായി കാപ്പിരി കൊട്ടക തിയേറ്റർ അവതരിപ്പിക്കാനിരുന്ന 'ഗവർണറും തൊപ്പിയും' നാടകത്തിന് വിലക്ക്. ഫോർട്ട് കൊച്ചി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മീര കെ എസ് ആണ് നാടകത്തിന് വിലക്കേർപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിൽ നാടകം അവതരിപ്പിക്കാനിരുന്ന സാഹചര്യത്തിലാണ് വിലക്ക്. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മറ്റി അംഗം ശിവകുമാർ കമ്മത്ത് നൽകിയ പരാതിയിലാണ് നടപടി. ഫോർട്ട് കൊച്ചി പൊലീസ്, സബ് കളക്ടർ എന്നിവരും നാടകം അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നാടകത്തിന്റെ പേര് മാറ്റണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. ഭരണഘടന പദവിയിലുള്ള വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പേരാണ് നാടകത്തിനുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഗവർണർ എന്ന പേര് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ ആണ നാടകം വിലക്കണമെന്ന് നോട്ടീസ് കിട്ടിയത്. ഇതിനെതിരെ പ്രതിഷേധിക്കാനാണ് തീയേറ്റർ അംഗങ്ങളുടെ തീരുമാനം. ക്രിസ്റ്റഫർ ഫെഡറിക് ഷില്ലർ എഴുതിയ ജർമ്മൻ നാടകത്തിന്റെ മലയാളം രൂപത്തിന്റെ ചെറിയ ഭാഗമാണ് ഈ നാടകത്തിൽ അവതരിപ്പിക്കുന്നത്. മുൻപ് പല വേദികളിലും ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്.