"അമേച്വർ നാടക പ്രണയത്തിന്റെ വസന്തകാലം തിരിച്ചുവരുമോ?"
- ലേഖനം
ചാക്കോ ഡി അന്തിക്കാട്
സത്യത്തിൽ, അടിയന്തരാവസ്ഥയ്ക്കു ശേഷമാണ് ഗ്രാമീണ അമേച്വർ നാടകലോകം ഏകാങ്കനാടക രചനകളിലൂടെ ഗൗരവപൂർവ്വം കൂടുതൽ സമകാലികമാവുന്നതും സജീവമാകുന്നതും...
തീർച്ചയായും 1968നു ശേഷമുള്ള നക്സലൈറ്റ് പ്രസ്ഥാനവും, ജനകീയ സാംസ്കാരിക വേദിയുടെ രൂപീകരണവും, രണ്ടു രീതിയിൽ രാഷ്ട്രീയ ഉണർവ് സൃഷ്ടിച്ചു. രാഷ്ട്രീയത്തിൽ റൊമാന്റിക് തീവ്രവിപ്ലവ നിലപാടെടുത്തതുപോലെ ,
സവർണ്ണ സൗന്ദര്യബോധ ആധിപത്യത്തിനെതിരായുള്ള, ഭരണകൂട ഭീകരതയ്ക്കെതിരായുള്ള, കവിതകളും, കഥകളും, നോവലുകളും, ലേഖനങ്ങളും, വിവർത്തനങ്ങളും, സംവാദങ്ങളും, കൂടുതൽ വിമർശന-അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യബോധം ഉയർത്തിപ്പിടിച്ചപ്പോൾ, നാടകവേദിക്കും ഒഴിഞ്ഞുമാറാൻ കഴിയുമായിരുന്നില്ല എന്നതാണ് വാസ്തവം! അത്, നിലവിലെ ജനപ്രിയ സൗന്ദര്യദർശനത്തെ, ആധുനിക പാശ്ചാത്യ നാടക-സിനിമാ വേദിക്കൊപ്പം ജനകീയമാക്കി പൊളിച്ചു പണിയണമെന്നും നവീകരിക്കണമെന്നും വാശിപിടിച്ചു.
ലോകത്ത് ഈ നവീകരണം നാലു രീതിയിൽ നടന്നിട്ടുണ്ട്. 1850നുശേഷം, ഹെന്റിക് ഇബ്സൻ(1828-1906), 'സോഷ്യൽ പ്രോബ്ലം പ്ലേ'കളുമായി വന്നത് ഒന്നാം ഘട്ടം. 5-15 നൂറ്റാണ്ടുവരെയുള്ള, 'ഇരുണ്ട കാലഘട്ട'ത്തിന്(Dark Age)ശേഷമുള്ള, ഷേക്ക്സ്പീയർ നാടകങ്ങളിൽനിന്നുള്ള വിച്ഛേദം ആയി ഇബ്സന്റെ രചനകൾ വിലയിരുത്തണം. തീർച്ചയായും, പോർട്ടർമാരും, കള്ളുകുടിയന്മാരും, ഷേക്ക്‌സ്പീയർ നാടകങ്ങളിൽ വന്നെങ്കിലും, നായകനും, നായികയും, 'റോയൽ ജനുസ്സി'ൽ പെട്ടവരായിരുന്നല്ലോ? അപ്പർ & ലോവർ മിഡിൽ ക്ലാസ്സിന്റെ വിഷയത്തിലേക്കും, സ്ത്രീസ്വാതന്ത്ര്യം, മാധ്യമസ്വാധീനം, പൊതുജനശത്രു ആര് , ചൂഷണസിദ്ധാന്തം, ഇതൊക്കെ വിഷയമാക്കിയ ഇബ്സൻ, നാടകവേദിയെ കൂടുതൽ 'സമകാലിക'മാക്കുകയായിരുന്നു.
ഷേക്ക് സ്പീയറിന്റെ 'റോയൽ പ്ലോട്ട്',('മാക്ബെത്' & 'ഹാംലെറ്റ്' അടക്കം), സി.ജെ.തോമസ്, ശ്രീകണ്ഠൻനായർ, (ഭാഗികമായി,ചില നാടകങ്ങളിൽ, ജി.ശങ്കരപ്പിള്ള, വയലാ വാസുദേവൻപിള്ള ) എന്നിവരെ, കൂടുതൽ സ്വാധീനിച്ചപ്പോൾ, കാവാലം നോക്കിയത് നാടോടി പാരമ്പര്യത്തിന്റെ 'സംവാദാത്മകമല്ലാത്ത' ഇടങ്ങളിൽ കേന്ദ്രീകരിച്ചുള്ള പരീക്ഷണങ്ങളായിരുന്നു. ഒരുതരത്തിൽ, ദുരിതമനുഭവിക്കുന്ന കാണികളെ, മതപരമായ മാനസിക ഐക്യത്തിൽ, കീഴടങ്ങലിൽ, മെരുക്കിയെടുക്കുന്ന പ്രക്രിയയായിരുന്നു ഈ നാടക പ്രയോഗങ്ങളെല്ലാം!
അതേസമയം, നവോത്ഥാന-പുരോഗമന പ്രസ്ഥാനങ്ങളോടു ചേർന്നുനിന്നവരെല്ലാം, ഇബ്സനെയും , മാക്സിം ഗോർക്കിയടക്കമുള്ള സോവിയറ്റ് എഴുത്തുകാരെയും , ലൂഷൻ പോലുള്ള ചൈനീസ് വിപ്ലവത്തിന്റെ ചാലകശക്തിയായിരുന്ന, എഴുത്തുകാരെയും , ജോർജ് ബർണാർഡ് ഷായെയും , അനുകരിക്കാൻ ശ്രമിച്ചു. അതിൽത്തന്നെ, മികച്ച രാഷ്ട്രീയ ധ്വനികളുള്ള സംഭാഷണങ്ങൾ കടഞ്ഞെടുക്കുന്നതിൽ അവർ പ്രാഗല്‌ഭ്യം തെളിയിച്ചു.
പക്ഷേ, നാടകമാധ്യമത്തിന്റെ സമഗ്രതയിലൂന്നി, വാക്കുകൾക്കിടയിലെ മൗനങ്ങൾക്ക് കൂടുതൽ ഊന്നൽ കൊടുക്കാൻ, ജീവിതഗന്ധിയായ ചലനങ്ങളെ (സ്പേസ് & ടൈം ഓറിയന്റഡ് മോട്ടിവേഷണൽ മൂവ്മെന്റ്സ് + പ്രോപ്പർട്ടി കേന്ദ്രീകരിച്ചുള്ള (സ്റ്റേജ് ബിസിനസ്സുകൾ) കലാമേന്മയോടെ നിർണ്ണയിക്കാനറിയാത്ത സംവിധാനത്തിൽ ചുരുങ്ങിപ്പോയി പല നാടകങ്ങളും!
ഇതിനെയാണ് കളരിപ്രസ്ഥാനവും, സ്കൂൾ ഓഫ് ഡ്രാമയും, പിന്നീട് അമൂർത്തമായെങ്കിലും, (മോഡേൺ നാടക പരീക്ഷണങ്ങൾ നടത്തി),പരിഹരിക്കാൻ ശ്രമിച്ചത്. സമകാലികമായ, സമൂർത്ത സാഹചര്യത്തിന്റ, സമൂർത്ത രചനകൾ, ഈ നവീന ഭാവുകത്വത്തിനും അന്യമായിരുന്നല്ലോ!? സൗന്ദര്യദർശനത്തിലെ ഈ വർഗ്ഗസമരം ഇപ്പോഴും ആധുനിക തിയേറ്റർ അന്വേഷണങ്ങളിലെന്നപോലെ കേരളത്തിലെങ്കിലും തുടരുന്നുണ്ട് എന്നത് ആർക്കും നിഷേധിക്കാനാവില്ല.
രണ്ടാംഘട്ടം, റഷ്യൻ വിപ്ലവത്തിനു ശേഷം, ലോകസാഹിത്യത്തിൽ, എഴുത്തിലും പ്രയോഗത്തിലും, സംഭവിച്ച 'ബ്രേക്ക്' ആണ്. അശരണരായ അടിസ്ഥാനവർഗ്ഗം, സമരവീര്യമുള്ളവരുടെ തൊഴിലാളി വർഗ്ഗബോധം, സംഘടിത രാഷ്ട്രീയപ്രസ്ഥാനം, സംഘടിത വിപ്ലവബോധം, ഇതൊക്കെ സാഹിത്യത്തെ, സിനിമയെ, നാടകത്തെ ആഴത്തിൽ സ്വാധീനിച്ചു. കേരളത്തിൽ, നോവൽ-കവിത-കഥ പ്രസ്ഥാനം, തകഴിയിലൂടെയും , കേശവദേവിലൂടെയും , ഉറൂബിലൂടെയും , ബഷീറിലൂടെയും , കാരൂരിലൂടെയും , എം.ടി.യിലൂടെയും, കുമാരനാശാനിലൂടെയും, വയലാറിലൂടെയും, ചങ്ങമ്പുഴയിലൂടെയും, വൈലോപ്പിള്ളിയിലൂടെയും , നേരത്തേതന്നെ , നവോത്ഥാന, സോഷ്യലിസ്റ്റ് അവബോധം ഉയർത്തിപ്പിടിച്ചിരുന്നല്ലോ? നാരായണഗുരുവിന്റെയും, ഗാന്ധിയുടേയും, അംബേദ്‌ക്കറുടേയും, ലെനിന്റെയും, മാവോയുടേയും, ചെഗുവേരയുടേയും സ്വാധീനങ്ങളും , വിയറ്റ്നാം ജനതയുടെ അമേരിക്കൻ വിരുദ്ധ പോരാട്ടങ്ങളും, ലാറ്റിനമേരിക്കൻ-ആഫ്രിക്കൻ കവിതകളും സാഹിത്യവും, സിനിമയും, 1950നു ശേഷമുണ്ടാക്കിയ സ്വാധീനം പ്രത്യേക പഠനം അർഹിക്കുന്നുണ്ട്.
മൂന്നാംഘട്ടം, രണ്ടാം ലോക സാമ്രാജ്യത്വ മഹായുദ്ധകാലത്തും ശേഷവും, നാടകത്തിലും, സിനിമയിലും, ചിത്രകലയിലും സംഭവിച്ച, ഫാസ്സിസ്റ്റ് വിരുദ്ധ നിലപാടാണ്. ചാർളി ചാപ്ലിന്റെ 'ഗ്രേറ്റ് ഡിക്റ്റേട്ടർ', പിക്കാസോയുടെ 'ഗൂർണിക്ക', ഇതൊക്കെ, ലോകവിപ്ലവചിന്തയെ കാര്യമായി സ്വാധീനിച്ചു. പക്ഷേ, കേരളത്തിൽ, സാമുദായിക നവീകരണത്തിന്റെ ഭാഗമായി, ചില ഒറ്റപ്പെട്ട 'ആഹ്വാനങ്ങൾ' ഉണ്ടായെങ്കിലും, പൊതുവെ നാടകവേദിയിൽ, 'ഇബ്സൻ സ്വാധീന'ത്തിന്റെ, ദുർബലമായ അനുകരണങ്ങളും, അതിന്റെയൊക്കെ ചുവടുപിടിച്ച്, കൂടുതൽ ജനപ്രിയമായ അവതരണങ്ങളിൽ ഊന്നിയുള്ള അന്വേഷണങ്ങളുമാണ് നടന്നത്. തൊഴിലാളി വർഗ്ഗബോധത്തിന്റെ, വൈരുദ്ധ്യാത്മകമായ, ജനകീയ സൗന്ദര്യദർശനത്തിനു പകരം, ഏറ്റവും എളുപ്പത്തിൽ ജനങ്ങളെ സ്വാധീനിക്കുക!...അതിനു വേണ്ടി പാട്ടും, പ്രണയവും, കോമഡിയുമൊക്കെയായി, ജനപ്രിയ മുഹൂർത്തങ്ങൾ രചനകളിൽ സൃഷ്ടിക്കുക! കൂട്ടത്തിൽ അല്പം വിപ്ലവവും! അതാണ് സംഭവിച്ചത്! എഴുത്തുകാർ, ജനങ്ങളുടെ പെട്ടെന്നുള്ള തിരസ്‌കരണം / തിരിഞ്ഞുപോക്ക് ഭയപ്പെട്ടിരുന്നു എന്നതിന്റെ തെളിവായി ഇതിനെ കാണണം!
"ജനങ്ങളെ നല്ലതു പഠിപ്പിക്കുക! "-എന്ന് ബ്രെഹ്റ്റ് പറയും...ഇവിടെ, ജനങ്ങൾ കൂടുതൽ ചോദ്യം ചെയ്യുന്നവരായാൽ, അത് നാളെ, നേതൃത്വത്തിന് തലവേദനയാകുമോ? എന്ന ഭയവും! (അതിപ്പോഴും ഉണ്ടെന്ന്, പൊതുവെ, നാടക വേദിയുടെ ഉന്നമനത്തിനായുള്ള, മെല്ലെപ്പോക്ക് കാണുമ്പോൾ സംശയിക്കണം?). അതുകൊണ്ട് അധികം ലോകനാടക പരീക്ഷണങ്ങൾക്ക് ശ്രമിക്കാതെ, എളുപ്പം മുന്നോട്ടുപോവുക! ഇതൊക്കെ എന്തുകൊണ്ട് സംഭവിച്ചു?
തമിഴ്-പാർസി നാടക വേദിയുടെ സ്വാധീനത്തിൽനിന്ന് നമ്മുടെ നാടകവേദി മോചനം നേടാൻ ആഗ്രഹിച്ചില്ല എന്നതാണ് മുഖ്യകാരണം! അക്കാലത്തെ സിനിമകളിലും ഈ 'മസാല ചേരുവകൾ' കാണാൻ കഴിയും. അൽപ്പം മെലോഡ്രാമയിൽ, വളിപ്പ് കോമഡിയിൽ, കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി.
1950കൾ മുതൽ പ്രൊസീനിയത്തെ ആശ്രയിച്ചുള്ള അവതരണങ്ങൾ സംഭവിച്ചത് സംഘാടകരുടെ സൗകര്യംകൂടി നോക്കിയാണ്. കാണികൾ ഒരേ ദിശയിലേക്ക് നോക്കിയിരിക്കുമ്പോൾ, കാണികളുടെ ദിശയിലേക്കു മാത്രം നേരേ നോക്കി അഭിനേതാക്കൾ അഭിനയിക്കുന്ന, പ്രൊസീനിയം തന്നെ ആശയവിനിമയത്തിന് ഏറ്റവും 'സുഖകരം' എന്ന ചിന്ത കൂടുതൽ സ്വാധീനം ചെലുത്തി! യുറോപ്യൻ പ്രൊഫഷണൽ നാടകവേദിയുടെ തനിപ്പകർപ്പായി,(അതിന്റെ ടോട്ടാലിറ്റി അറിയാതെ), ഈ സങ്കേതം മാറുകയായിരുന്നു.
കൂട്ടത്തിൽ, നമ്മുടെ കഥകളിയുടെ ക്ലാസ്സിക്കൽ മാതൃകയെ മാറ്റിനിർത്തി പരിശോധിക്കാം. അത്, മുദ്രകളുടെ ശാസ്ത്രീയ കണക്കുകളിലൂടെ, 'സമകാലികമല്ലാത്ത', ഒരു പുരാണ-ഇതിഹാസ സന്ദർഭം, നാട്യധർമ്മിയായി, ഉജ്ജ്വലമായി, ആവർത്തിച്ച് അഭിനയിക്കും.(നേരം വെളുക്കുവോളം!).
കൂത്ത്-കൂടിയാട്ട മാതൃകകൾ, തുള്ളൽ പാരമ്പര്യവും ചാക്യാരുടെ വിമർശന സ്വാതന്ത്ര്യവും, ഇതേ പാറ്റേണിൽത്തന്നെയുള്ള ആസ്വാദനം മുന്നിൽ കണ്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മലവാഴിയാട്ടത്തിലെ 'മാണിക്കാര'ന്റെ ജനങ്ങൾക്കിടയിലുള്ള ഇടപെടൽ ,ഒഴുകി നീങ്ങൽ, തെയ്യം-തിറ രൂപങ്ങൾ, കാവടിയാട്ടം, കാക്കാരശ്ശി , പൊറാട്ട് നാടകങ്ങൾ, കുറത്തിയാട്ടം, മറ്റു നാടൻ കളികൾ , അവതരണങ്ങൾ, ഉത്സവങ്ങൾ ഒക്കെ നിരീക്ഷിച്ചാൽ കെട്ടിക്കാഴ്ചകളിൽ കുടുങ്ങാതെ ആളുകൾ കൂടുതൽ സ്വതന്ത്രമായി ഇടപഴകുന്ന രീതി കാണാം.
പക്ഷേ, അവരുടെ അന്നത്തിന്റെ, അതിജീവനത്തിന്റെ വിഷയങ്ങൾ, ഒരിക്കലും കൂത്ത്-കൂടിയാട്ടം-കഥകളി രൂപങ്ങളിൽ സംഭവിക്കില്ല എന്നറിഞ്ഞുകൊണ്ടാണ് അതിൽക്കൂടുതൽ തിയറിയറിഞ്ഞവർ ആസ്വദിക്കാൻ എത്തുന്നത്. അതൊരു അനുഷ്ഠാനം മാത്രമായി ജനങ്ങൾ കാണുന്നു. അവരുടെ നിലനിൽപ്പിന്റെ പ്രശ്നപരിഹാരത്തിനായി, രാഷ്ട്രീയപ്രസ്ഥാനങ്ങളെ ആശ്രയിക്കുമ്പോൾ, നേരംകൊല്ലി 'എന്റർടൈൻമെന്റ്'(അതോ,എസ്സ്‌കെയ്പിസ്റ്റ്?) ആസ്വാദനത്തിനായി, ഉത്സവങ്ങളെ ആശ്രയിക്കുന്നു! ഇതിനിടയിൽ, നെടുനീളൻ ഡയലോഗ് കാച്ചുന്ന നാടകങ്ങൾ, സാമൂഹിക വിപ്ലവം വേദിയിൽ വിളിച്ചുപറയുമ്പോൾ, അതിനു നല്ല കൈയ്യടി കിട്ടുന്നു. രാജാപാർട് മാത്രം കണ്ടിരുന്ന കാണികൾ തനി നാടൻ കഥാപാത്രങ്ങളെ കാണുന്നു. അവരുടെ പ്രാദേശികഭാഷ ജനങ്ങൾ ആസ്വദിക്കുന്നു.
ഇങ്ങനെ, എൻ.കൃഷ്ണപ്പിള്ള, വൈക്കം ചന്ദ്രശേഖരൻനായർ, വി.ടി., എം.ആർ.ബി., പ്രേംജി, ഇടശ്ശേരി, കെ.ദാമോദരൻ, പൊൻകുന്നം വർക്കി, തോപ്പിൽ ഭാസി, കെ.ടി.മുഹമ്മദ്, പി.ജെ.ആന്റണി, എൻ.എൻ.പിള്ള, എസ്.എൽ.പുരം സദാനന്ദൻ, സി.എൽ.ജോസ്, പി.എം.താജ്, പി.എം.ആന്റണി, മധുമാഷ്, കെ.പി.എസ്. പയ്യനെടം, കാളിദാസ് പുതുമന, പി. ബാലചന്ദ്രൻ, എൻ. ശശിധരൻ, എൻ. പ്രഭാകരൻ, ജയപ്രകാശ് കുളൂർ, എ.ശാന്തകുമാർ,, സതീഷ് കെ.സതീഷ്, രാധാകൃഷ്ണൻ പേരാമ്പ്ര, സുരേഷ്ബാബു ശ്രീസ്ത, രമേഷ് കാവിൽ, സാംകുട്ടി പട്ടംകരി, കെ.ആർ.രമേഷ്, ശ്രീജിത്ത് പൊയിൽക്കാവ്, ജോഫിൻ മണിമല, ഗിരീഷ് കളത്തിൽ, ഗിരീഷ് പി.സി.പാലം, ഇന്ദ്രൻ മച്ചാട് (ഈ ലിസ്റ്റ് അപൂർണ്ണം) ഒക്കെ ഒരു ചേരിയിലും, കൈനിക്കര സഹോദരന്മാർ, കാവാലം നാരായണപ്പണിക്കർ, ശ്രീകണ്ഠൻനായർ, എം.ഗോവിന്ദൻ തുടങ്ങിയവർ മറുചേരിയിലും നിലയുറപ്പിക്കുന്നു. (ജി. ശങ്കരപ്പിള്ള, വയലാ വാസുദേവൻ പിള്ള എന്നിവർ ഇതിനു രണ്ടിനുമിടയിൽ മാറിമാറി, അവസരോചിതമായി നിലയുറപ്പിക്കുന്നു.).
അടിയന്തരാവസ്ഥയ്ക്കു മുൻപ് രൂപംകൊണ്ട കളരിപ്രസ്ഥാനം, നിലവിലെ സാമൂഹിക -രാഷ്ട്രീയ മാറ്റത്തിനായി പോരാടാതെ, കളരിയൊക്കെ പഠിപ്പിച്ചുള്ള, 'ഫിസിക്കൽ തിയേറ്റർ' സങ്കേതങ്ങളിൽ ഊന്നിയത്, അരാഷ്ട്രീയവത്കരണത്തിലേക്ക് വഴുതിവീഴാൻ ഇടയാക്കി. സാമൂഹിക മാറ്റം നിത്യജീവിത അജണ്ടയാക്കിയവർ, (ബാദൽ സർക്കാർ, ഹാഷ്മി അടക്കം) രാഷ്ട്രീയ ബോധമുള്ളവർ, അഖിലേന്ത്യാ തലത്തിൽ, ബ്രഹ്റ്റിന്റെ "എപ്പിക്" സങ്കേതം തിരിച്ചറിഞ്ഞവർ, അഗസ്റ്റോ ബോളിന്റെ "മർദ്ദിതരുടെ നാടകവേദി" മനസ്സിലാക്കിയവർ, മറ്റൊരു അവതരണരീതി ഏറ്റെടുക്കുകയാണുണ്ടായത്. (പിന്നീട് വന്ന തലമുറ അതും ഉപേക്ഷിച്ചതായി കാണാം!)
നാലാംഘട്ടം, അടിയന്തരാവസ്ഥയുടെ അനന്തരഫലത്തിന്റേതാണ് . അതിൽ എടുത്തുപറയേണ്ടത് 'നാടുഗദ്ദിക' & 'സ്പാർട്ടക്കസ്' തന്നെയാണ്. തീർച്ചയായും ഗ്രൂപ്പ് ആക്ടിവിറ്റിയും, നാടൻപാട്ടുശീലും, 'സ്ലാങ്' ഭാഷയും, ഫിസിക്കൽ തിയേറ്റർ രീതിയും, ഒപ്പം വിപ്ലവ വിഷയവും കൈകോർക്കുക. അതാണ് ജനകീയ സാംസ്കാരിക വേദി ലക്ഷ്യം വെച്ചത്. 'ശവംതീനികൾ', ചെന്നായ്ക്കൾ...ചെന്നായ്ക്കൾ', 'അഗ്നിപുരാണം', 'അമ്മ', 'പടയണി', 'സ്പാർട്ടക്കസ്' (ബാദൽ സർക്കാരിന്റെ സ്വാധീനം), 'നാടുഗദ്ദിക'...മുതൽ, ജോസ് ചിറമ്മലിന്റെ, 'ഗോസ്റ്റ്', 'സൂര്യവേട്ട', 'ഭോമ', 'മുദ്രാരാക്ഷസം', നരിപ്പറ്റ രാജുവിന്റെ 'പ്രവാചകരെ കല്ലെറിയുന്നവൾ'(ശേഖർ അത്താണിക്കൽ രചന) ഒന്നും മറക്കാൻ പാടില്ല!. ഈ നാടകം ആദ്യം, വേലൂരും പിന്നീട് വല്ലച്ചിറയിലും അവതരിപ്പിച്ചപ്പോൾ, ലോകനാടക വേദിയിലെ, പ്രൊസീനിയം , സാൻഡ് വിച്ച്, അറീന സങ്കേതങ്ങൾ വിദഗ്ദ്ധമായി കൂട്ടിയിണക്കിയത്, അന്നത്തെ ഗ്രാമീണനാടകവേദിയിലെ അത്ഭുതമായിരുന്നു!
ഇന്ന്, ദീപൻശിവരാമന്റെ 'ഖസ്സാക്കിന്റ ഇതിഹാസം' കണ്ട് അമ്പരന്നവർ, നരിപ്പറ്റ രാജുവിന്റെയോ, ജോസ് ചിറമ്മലിന്റെയോ(പെരിഞ്ചേരി പുരോഗമനയ്ക്കു വേണ്ടി ഗ്രാമത്തിന്റെ ഓപ്പൺഎയർ ഉപയോഗിച്ചു ചെയ്ത, 'തേവരുടെ ആന'- രചന- ഓംചേരി ) ജനങ്ങൾ നെഞ്ചിലേറ്റിയ പരീക്ഷണ നാടകങ്ങൾ കാണാത്തവരാണ്!
ജോൺ ഏബ്രഹാമിന്റെ 'ചെന്നായ്ക്കൾ അഥവാ പട്ടിണി മരണം', പി.എം.ആന്റണിയുടെ 'ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകൾ', 'കടലിന്റെ മക്കൾ', 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്', 'വിശുദ്ധ പാപങ്ങൾ', പി.എ.എം.ഹനീഫയുടെ 'കിണർ', ഓംചേരിയുടെ 'ഉലകുടപ്പെരുമാൾ', താജിന്റെ 'കുടുക്ക', 'രാവുണ്ണി', 'മേരി ലോറൻസ്', സച്ചിദാനന്ദന്റെ 'ശക്തൻതമ്പുരാൻ', 'ഗാന്ധി', ആനന്ദിന്റെ 'ശവഘോഷയാത്ര', രാജ്‌മോഹൻ നീലേശ്വരത്തിന്റെ 'മരമീടൻ', അതിനൊപ്പം രചിക്കപ്പെട്ട, ആയിരക്കണക്കിന് ഏകാങ്കങ്ങൾ (മൗലികമായ സ്വന്തം രചനകളും വിവർത്തനങ്ങളും). അങ്ങനെ, ഒരു ബദൽ രാഷ്ട്രീയ നാടക സൗന്ദര്യശാസ്ത്രത്തിനു വേണ്ടിയുള്ള അന്വേഷണം മുറപോലെ നടന്ന കാലഘട്ടമാണ് 1975-2000വരെയുള്ള 25 വർഷങ്ങൾ.
ഏറ്റവും ലളിതമായ, ശുദ്ധമായ, സുന്ദരമായ, അമേച്വർ ഗ്രാമീണ ഏകാങ്ക നാടകങ്ങളുടെ പൂക്കാലം എന്നു പറയുന്നത് ഈ 25 വർഷങ്ങൾ തന്നെയാണ്! സാങ്കേതികതയുടെ ധാരാളിത്തംകൊണ്ട് കാണികളെ വിസ്മയിപ്പിച്ച 'കലാനിലയം' നാടക വേദിയുടെ കച്ചവടക്കൊയ്ത്തു നടന്നതും ഈ കാലത്തുതന്നെയാണ് . ഒരുപക്ഷേ 1960 മുതൽ എന്നു പറയാം. 'റിബൽ' നാടകകൃത്തുക്കൾ മികച്ച വിപ്ലവ നാടക രചനകൾ നടത്തിയ 1950-2000 വരെയുള്ള 50 വർഷങ്ങൾ ആരും കലാനിലയത്തെ അനുകരിക്കാനുള്ള ശ്രമമല്ല നടത്തിയത്. കലാനിലയം മിത്തുകളും, പുരാണങ്ങളും, ഹൊറർ നാടകങ്ങളും, കോമഡികളുമായി, 'സ്ഥിരംനാടക വേദി'യുടെ (ഒരു 'കാർണിവൽ മെഗാഷോ' സംസ്കാരം -കാശ് എറിഞ്ഞു കാശു വാരുന്ന രീതി!), പുത്തൻ വ്യാകരണങ്ങളുമായി, കളം വാണപ്പോൾ, കേരളത്തിലെ, അമേച്വർ മത്സരനാടകവേദി, മൂന്നാംനാടകവേദിയുടേയും, ദരിദ്ര നാടകവേദിയുടേയും, എപിക് നാടകവേദിയുടേയും, ചലനാത്മക തത്ത്വങ്ങൾ (പലരും ഗൗരവത്തിലല്ലെങ്കിലും, ഭൂരിഭാഗംപേരും, ആഴത്തിൽ പഠിച്ചുതന്നെ), ആഴത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചു. ഇതിൽ, ജീവിതത്തിൽനിന്നും നാടകം വായിച്ചും , പ്രയോഗിച്ചും പഠിച്ചവരും, ഡ്രാമാസ്കൂൾ കഴിഞ്ഞ്, ഗ്രാമങ്ങളിൽ വർക്ക് ചെയ്യാൻ ആഗ്രഹിച്ച, നന്മ നിറഞ്ഞ മനസ്സുള്ളവരും കൂടിയുണ്ട് എന്നത് എടുത്തു പറയണം!
ഭരണകൂടം ഏറ്റവും കൂടുതൽ ഭയപ്പെട്ടത് ജനകീയ സാംസ്കാരിക വേദിയുടെ ഈ തുടർച്ചയെയായിരുന്നു. ഒരുപക്ഷേ, ജനങ്ങൾക്കിടയിൽ ഉന്മൂലനരാഷ്ട്രീയ സിദ്ധാന്തം പ്രയോഗിക്കാൻ വളക്കൂറുള്ള മണ്ണില്ലാതെ, വിരലിലെണ്ണാവുന്ന നേതാക്കന്മാർ(കെ.വേണുവും, കെ.എൻ.രാമചന്ദ്രനും, ടി.എൻ.ജോയിയും, മുണ്ടൂർ രാവുണ്ണിയും, സ്റ്റീഫനും, ഉണ്ണിച്ചെക്കനും, സോമശേഖരനും, അജിതയുമടക്കം) വെറും സൈദ്ധാന്തിക ചർച്ചകളിൽ മുഴുകിയപ്പോൾ, ജനകീയ സാംസ്കാരിക വേദി, 1977-82 വരെയെങ്കിലും ജനങ്ങൾക്കിടയിൽ തെരുവു നാടകങ്ങളും, കവിയരങ്ങുകളും, സംവാദങ്ങളും, ചിത്രപ്രദർശനങ്ങളുമായി, സജീവത നിലനിർത്തി. 1982 ആയപ്പോഴേക്കും, സി.പി.ഐ.എം.എൽ നക്സലൈറ്റ് പാർട്ടി, ജനകീയ സാംസ്കാരികവേദിയെ പിരിച്ചുവിട്ടു. അതിന്റെ രാഷ്ട്രീയ നേതൃത്വംതന്നെ , അത്തരം 'റിബൽ' മൂവ്മെന്റുകളെ, ഭരണകൂടത്തെപ്പോലെ, ഭയപ്പെട്ടിരുന്നു എന്നതിന്റെ തെളിവായി ഈ പിരിച്ചുവിടലിനെ കാണണം(!?). ഉടൻ വിപ്ലവം നടന്നില്ലെങ്കിൽ അരാജകവാദം ഭരിക്കുമെന്ന (തുടർന്ന് പ്രതിവിപ്ലവം ഭരിച്ചെങ്കിലോ?) ഭയം ആയിരിക്കണം അവരെ, ഈ തലതിരിഞ്ഞ തീരുമാനത്തിലേക്ക് നയിച്ചത്(!?).
അപ്പോഴേക്കും, നിരൂപകർ ബി.രാജീവൻ, ടി.കെ.രാമചന്ദ്രൻ, കവികൾ...കഥാകൃത്തുക്കൾ...ആറ്റൂർ, സച്ചിദാനന്ദൻ (വിവർത്തനങ്ങൾ അടക്കം), കടമ്മനിട്ട, ബാലചന്ദ്രൻ ചുള്ളിക്കാട്, ഏ.അയ്യപ്പൻ, സുരാസു, ജോൺ എബ്രഹാം, എം.സുകുമാരൻ, അയ്യപ്പപ്പണിക്കർ, പട്ടത്തുവിള, സത്യൻ ഒഡേസ്സ, അങ്ങനെ അനേകം 'റിബൽ' ചിന്തകൾ സാംസ്‌കാരിക നവോത്ഥാനത്തെ മുന്നോട്ടു നയിക്കാൻ പ്രാപ്തി നേടിയിരുന്നു. ഓഷോയുടെ ദാർശനിക വിശകലനങ്ങൾ, എല്ലാ യാഥാസ്ഥിതികതയ്ക്കെതിരേയും ആഞ്ഞടിക്കുന്നതായിരുന്നു.( പ്രത്യേക പഠനം അർഹിക്കുന്ന വിഷയം).
ഇതേ സമയം, പുരോഗമന കലാ സാഹിത്യ സംഘവും, ജനകീയ സാംസ്കാരിക വേദിയും, മുഖാമുഖം വന്ന പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. സി.പി.ഐ., അടിയന്തരാവസ്ഥയ്ക്കുശേഷം നിഷ്‌ക്രിയമായപ്പോൾ, മറ്റ് ഇടതു സാംസ്‌കാരിക ഇടപെടലുകൾ, മേൽക്കോയ്മ നേടാനുള്ള തീവ്രശ്രമങ്ങൾ നടത്തിയിരുന്നു. ജോൺ ഏബ്രഹാം മൂലധനത്തെ നിഷേധിച്ച് 'ഒഡേസ്സ മൂവീസ്' രൂപീകരിച്ചതും, "അമ്മ അറിയാൻ" എന്ന സിനിമ, ജനങ്ങളുടെ കൈയ്യിൽനിന്നുള്ള പിരിവുകൊണ്ട് 1986ൽ പൂർത്തീകരിച്ചതും, ഇടതു പ്രസ്ഥാനങ്ങളെ ഇരുത്തിച്ചിന്തിപ്പിച്ചെങ്കിലും, 'ഒഡേസ്സ'യുടെ തുടർച്ച, ഒരു ഗ്രാമത്തിലും സംഭവിച്ചില്ല!(2010നുശേഷം, സുദേവൻ, ക്രൗഡഡ് ഫണ്ടിങ്ങിലൂടെ,"ക്രൈം-NO.89" എടുക്കുന്നവരെയെങ്കിലും?).ഈ നിസ്സംഗത , നമ്മുടെയുള്ളിലെ മിഡിൽക്ലാസ്സ് ബോധത്തിന്റെ, കപട സുരക്ഷിതത്വബോധത്തിന്റെ, കച്ചവട സിനിമയിലെ, 'രക്ഷകനായകസങ്കല്പ'ത്തിന്റെ ആരാധനയിൽപ്പെട്ടുപോയതിന്റെ ഉത്തമ ഉദാഹരണമായി കാണാം!
ഭാസുരേന്ദ്രബാബു-മൈത്രേയൻ-പി.സി.ജോസി ടീം 'കോസാംബി പബ്ലിക്കേഷൻസ്' & 'പുസ്തകപ്രസാധക സംഘം' തുടങ്ങിയത്, ജനകീയ സാംസ്കാരിക വേദിയുടെ തുടർച്ചയാണ്. ട്യൂഷൻ ക്ലാസുകൾ നിർത്തി പുസ്തകം വിറ്റു നടക്കാൻ തീരുമാനിച്ചത് (രാത്രി നാടക റിഹേഴ്സലും) ആ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ സാംസ്‌കാരിക മൂവ്മെന്റ് ആണ് 'കോസാംബി പബ്ലിക്കേഷൻ' & 'പുസ്തകപ്രസാധക സംഘം'(പിന്നീട്, 'പുരോഗമന പ്രസാധക സംഘം'),എന്നതുകൊണ്ടായിരുന്നു.
സ്വാഭാവികമായും ജോസ് ചിറമ്മലിന്റെ തൃശ്ശൂർ 'റൂട്ട്', പി.എം.ആന്റണിയുടെ ആലപ്പുഴ 'സൂര്യകാന്തി' തീയേറ്റേഴ്സ്, ജോൺ ഏബ്രഹാമിന്റെ 'ഒഡേസ്സാ മൂവിസ്', കൃഷ്ണകുമാറിന്റെ 'റാഡിക്കൽ പെയിന്റേഴ്‌സ് മൂവ്മെന്റ്', എല്ലാം ജനകീയ സാംസ്കാരിക വേദിയുടെ തുടർച്ചയുടെ പുത്തൻകാഹളം മുഴങ്ങുന്ന 10 വർഷം-1980-90 എന്ന് അടിവരയിട്ട് പറയാം.
കാവാലത്തിന്റെ 'അവനവൻ കടമ്പ'യെ നേരിടാൻ പി.എം.താജ്, 'പെരുമ്പറ' & 'കനലാട്ടം' നാടകങ്ങളുമായി രംഗത്തെത്തി. 'സൂര്യവേട്ട', 'ഭോമ', 'മുദ്രാരാക്ഷസം', (ജോസ് ചിറമ്മൽ) ഡൽഹിയിൽ സഫ്‌ദർ ഹാഷ്മി , ബംഗാളിൽ ബാദൽ സർക്കാർ, ഉൽപ്പൽദത്ത്, കർണ്ണാടകത്തിൽ ഗിരീഷ് കർണാട്, അങ്ങനെ ഒരു നവീന ഭാവുകത്വം, സർവ്വമേഖലകളിലും നിറഞ്ഞു കവിയുമ്പോൾ, അതാ ചരിത്രപരമായ ഒരു ഷോക്ക് കിട്ടുന്നു! 1989ൽ സോവിയറ്റ് യൂണിയന്റെ പതനം!... ഒപ്പം, ഡൽഹിയിൽ സഫ്‌ദർ ഹാഷ്മി കോൺഗ്രസ്സ് ഗുണ്ടകളാൽ കൊല്ലപ്പെട്ടത്! എല്ലാം, നവ ഇടതു സാംസ്‌കാരിക മുന്നേറ്റങ്ങൾക്ക് ഇരുട്ടടി / തിരിച്ചടി കിട്ടിയപോലെയായിരുന്നു!
തുടർന്ന് 1990 ൽ വർഗ്ഗീയ അജൻഡയുമായി ലാൽ കൃഷ്ണ അദ്വാനിയുടെ രഥയാത്ര സംഭവിക്കുന്നു! (ഇന്ത്യ കണ്ട ഏറ്റവും പിന്തിരിപ്പൻ തെരുവുനാടകം!). 1992ലെ ബാബറി മസ്ജിദ് തകർക്കപ്പെടൽ നടക്കുന്നു ! പിന്തിരിപ്പൻ ശക്തികൾ, പുരോഗമന പ്രസ്ഥാനങ്ങളുടെ തളർച്ചനോക്കി പ്രഹരിക്കുകയായിരുന്നു! (അതും ഒരു CIA അജണ്ടയായി കാണണം?!). പുരോഗമനപ്രസ്ഥാനങ്ങളെ അങ്കലാപ്പിലാക്കിയ നാളുകൾ!
ചരിത്രപരമായ ഈ പ്രതിസന്ധിയെ പാർലമെന്ററി യുക്തിയിൽ കേരളത്തിലെ LDF മറികടന്നെങ്കിലും, ജനകീയ ബദൽ സാംസ്‌കാരിക നയം പുന:പരിശോധിക്കാൻ ആലസ്യം കാട്ടിയത്, ചരിത്രപരമായ കുറ്റമായി ഇന്നു കാണണം!
1989നു ശേഷം, ജോസ് ചിറമ്മലിനെ അമേരിക്കൻ CIA സ്പോൺസേർഡ് 'ഫോർഡ് ഫൗണ്ടേഷൻ' ചൂണ്ടയിൽ കുരുക്കി! ജോൺ എബ്രഹാം 1989ൽ മെയ് 31ന് കോഴിക്കോട് അയോദ്ധ്യ ലോഡ്ജിൽനിന്ന് വീണു മരിക്കുന്നു! പി.എം.ആന്റണി, തന്റെ കേസ്സും മോചനവും തുടർനാടക അലച്ചിലുമായി മുന്നോട്ടു പോയപ്പോൾ (സൈക്കിൾ നാടക യാത്ര-"അരങ്ങിൽനിന്നും അടുക്കളയിലേക്ക്"-2005), ഇടതു സാംസ്കാരിക സംഘടനകൾ പതിവു പരിപാടികളുമായി 'മെല്ലെപ്പോക്കുനയം ' തുടർന്നു. ഇലക്ഷൻ വരുമ്പോൾ പ്രചാരണ തെരുവുനാടകങ്ങളുമായി വരും. പക്ഷേ, വർഗ്ഗീയ അജണ്ടയെ നേരിടാൻ സമഗ്രമായ, ഡോക്യൂമെന്ററി ഫിലിംമേക്കിങ്, ഗ്രാമീണ ജനകീയ നാടക മൂവ്മെന്റുകൾ, ജോണിനു ശേഷം സംഭവിക്കേണ്ട, ഗ്രാസ്റൂട്ടിലുള്ള ചെലവ് കുറച്ചുള്ള, നവോത്ഥാന വിഷയങ്ങളിലൂന്നിയുള്ള, തെരുവു നാടക-ഷോർട് ഫിലിം നിർമ്മാണങ്ങൾ ഒന്നും പ്രായോഗികമായി സംഭവിച്ചില്ല!
സെമിനാറുകളിൽ 1950നു മുൻപുള്ള, നവോത്ഥാന നാടക ചരിത്രം ഇടയ്ക്കിടെ ഓർമ്മപ്പെടുത്തും എന്നല്ലാതെ ബി.ജെ.പി.യുടെ വർഗ്ഗീയ വേരുകൾ വളരുന്നതു തടയാൻ, ആഴത്തിലുള്ള, ദൃശ്യസാംസ്കാരിക ഇടപെടലിനെക്കുറിച്ച്, സത്യസന്ധമായ ചർച്ചകൾ, പദ്ധതികൾ ഉണ്ടായില്ല!(ഇപ്പോഴും ഉണ്ടോ എന്ന് സംശയിക്കേണ്ടി വരും?)
2000ത്തിനു ശേഷം, അമേച്വർ നാടകവേദിയും, അതിന്റെ 'ഹൈടെക്' സാധ്യതയിലേക്ക് 'തലമറന്നുള്ള എണ്ണതേയ്ക്കൽ' നടത്തി, 'കലാനിലയ'ത്തെ വെല്ലുവിളിച്ച് സ്വയം പാപ്പരായി! പുരോഗമന രാഷ്ട്രീയ ദിശാബോധമില്ലാത്തവർ, നാടക സംവിധാനം ഏറ്റെടുത്തതും, എല്ലാ മതസംഘടനകളും, അവരുടെ യുവ 'ആർട്ടിസ്റ്റിക് റിസോഴ്സസ്', സെക്യൂലർ-ഡെമോക്രാറ്റിക് അവബോധത്തിലേക്ക് വഴിമാറാതെ, വികസിക്കാതെ, സ്വയം യാഥാസ്ഥിതികതയെ സംരക്ഷിക്കുന്നതും ഈ ജനകീയ നാടകചരിത്ര നിഷേധത്തിന് കാരണമായിട്ടുണ്ട്.
സ്കൂൾ ഓഫ് ഡ്രാമ, ആദ്യകാലത്ത്, ജി.ശങ്കരപ്പിള്ള, വയലാ വാസുദേവൻപിള്ള സ്വാധീനത്തിൽ ആയിരുന്നെങ്കിലും, ലോക നാടകവേദിയുടെ യഥാർത്ഥ പൾസ് അറിയുന്നവരിൽ (രഹസ്യമായി അരാഷ്ട്രീയതയെ എതിർക്കുന്നവരിൽ) ജോസ് ചിറമ്മലും, പ്രൊഫ.
പി.ഗംഗാധരനും, അഡ്വ.പ്രേംപ്രസാദും, പ്രൊഫ. ടി.എ.ഉഷാകുമാരി നേതൃത്വം കൊടുത്ത 'സമത'യും, ഇ.ടി.വർഗീസ് നേതൃത്വം കൊടുക്കുന്ന 'രംഗചേതന'യും, പോൾസൺ താണിക്കലിന്റെ 'മുഖം' നാടകവേദിയും, ഷിബു എസ്.കൊട്ടാരവും, സുവീരനും, ഡോ.എസ്.സുനിലും, സുർജിത്തും, ശശിധരൻ നടുവിലും, പ്രിയനന്ദനനും, അഡ്വ.എം.വിനോദും, കരിവള്ളൂർ മുരളിയും, പ്രദീപ് മണ്ടൂരും, ജോയ് മാത്യുവും, അങ്ങനെ, എല്ലാ ജില്ലകളിലും വിരലിലെണ്ണാവുന്നവർമാത്രമെങ്കിലും നാട്ടിലിറങ്ങി ഒരു ജനകീയ നാടക സംസ്കാരം വളർത്തിയെടുക്കാൻ മുൻകൈ എടുത്തത് മറക്കുന്നില്ല!
ഇടതു പ്രസ്ഥാനങ്ങൾക്ക് കൃത്യമായ ജനകീയ നാടക പ്രൊജക്ടുകൾ ഉണ്ടായിരുന്നെങ്കിൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നിറങ്ങിയ ഭൂരിഭാഗം കുട്ടികളെ 'അക്കമോഡെയ്റ്റ്' ചെയ്യാമായിരുന്നു.(ഇടയ്ക്കൊക്കെ ശാസ്ത്ര സാഹിത്യപരിഷത്ത്, വേനൽത്തുമ്പി & SFI കലാജാഥകൾ, കുറേയേറെ നാടക വർക്ക് ഷോപ്പുകൾ നടത്തിയിരുന്നത് മറക്കുന്നില്ല).
ഞാനൊക്കെ ഏറ്റവും കൂടുതൽ നാടകങ്ങൾ ചെയ്തത്, സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, പു.ക.സ., സംഘടിപ്പിച്ച ഇടങ്ങളിലായിരുന്നു. 2000ത്തിനു ശേഷം അത്തരം ഇടങ്ങളും ഗ്രാമീണതലത്തിൽ കുറഞ്ഞുവെന്നത്, സോവിയറ്റ് യൂണിയന്റെ പതനശേഷം സംഭവിച്ച 'സോഷ്യലിസ്റ്റ് സ്വപ്ന'ത്തിനു വന്ന അപചയം തന്നെയല്ലേ എന്ന് ഇന്നും സംശയിക്കേണ്ടിയിരിക്കുന്നു?
(തുറന്ന സംവാദം ആവശ്യപ്പെടുന്ന വിഷയമാണ്!?)
അൽപ്പം പുരോഗമന-വിപ്ലവ സ്വപ്‌നങ്ങൾ ഉള്ളവർ(എ.ആർ.രതീശൻ, പ്രദീപ് മണ്ടൂർ, മണിയപ്പൻ ആറന്മുള, മീനാരാജ്, റഫീഖ് മംഗലശ്ശേരി, ശ്രീജിത്ത് പൊയിൽക്കാവ്, ഹാസിം അമരവിള, സുരേഷ് പി. കുട്ടൻ, സജീവൻ മുരിയാട്, ഈ ലേഖകൻ അടക്കം)ഇപ്പോഴും, ജനകീയ നാടകം, സിനിമ, ഓൺലൈൻ പ്ലാറ്റുഫോമുകൾ ഒക്കെ ലക്ഷ്യമാക്കി, ചെറിയതും സത്യസന്ധവുമായ സംഘാടനങ്ങൾക്ക് ശ്രമിക്കുന്നുണ്ട്. പക്ഷേ, മൂലധനശക്തികൾ കോടികളുടെ 'ബാഹുബലി' പ്രൊജക്ടുകൾ ചുറ്റും വിതറി, ഒരുപാടു പേരെ അവരുടെ ആശയവിപുലീകരണത്തിനായി ഉപയോഗിക്കുന്നുമുണ്ട്.
സംഘാടന തലത്തിൽ സമരത്തിന്റെ ഭാഗമായി കൂടുതൽ തെരുവുനാടകങ്ങൾ ചെയ്യണം എന്നാഗ്രഹിക്കുന്നവരും, ചുമ്മാ വാർഷിക വരിസംഖ്യ പിരിച്ചുള്ള, സേവനകർമ്മങ്ങൾ മാത്രമായി ഒതുങ്ങിക്കൂടിയവരും തമ്മിലുള്ള എല്ലാ വൈരുധ്യങ്ങളും മൂർച്ഛിക്കുന്ന ഈ കെട്ടകാലത്ത് , ലോകഫാസിസം , രക്തഗന്ധമുള്ള തീൻമേശമേൽ വിളമ്പിക്കൊണ്ടിരിക്കുന്നത് ദുരിതങ്ങൾ മാത്രമാണ്!...ആരും മറക്കാതിരിക്കുക !
ഇടതു ബഹുജനപ്രസ്ഥാനങ്ങൾക്ക് ശരിയായ ജനകീയ ബദൽ സാംസ്‌കാരിക നയം ഉണ്ടായില്ലെങ്കിൽ വർഗ്ഗീയ വംശീയ അജണ്ടകൾക്ക് 'ഓശാന' പാടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും! അതായത് വിപ്ലവകരമായതിന്റെ ആലസ്യം എന്തു സംഭവിച്ചാലും, പ്രതിവിപ്ലവകരമായത് ആഞ്ഞടിക്കും! അതൊരു ആഗോള രാഷ്ട്രീയ നിയമമാണ്!
മനുഷ്യപക്ഷത്തു നിൽക്കുന്ന, ആഗോള ചൂഷണ സിദ്ധാന്തങ്ങളെ എതിർക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാതെ, നവോത്ഥാന കാലഘട്ടത്തിന്റെയോ, അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള, 10 വർഷക്കാലത്തെ ചെറുത്തുനിൽപ്പിന്റെയോ കഥകൾ അയവിറക്കിമാത്രം "എന്റുപ്പാപ്പക്ക് ഒരാനേണ്ടാർന്നു!" എന്ന് ഇടയ്ക്കിടെ ഉരുവിട്ടിട്ടെന്തു കാര്യം?
"അമേച്വർ ഗ്രാമീണ നാടക വേദിയുടെ വസന്തകാലം തിരിച്ചു വരുമോ?" അതു മാത്രമാണ് എന്റെ നാടകവർത്തമാനത്തിന്റെ ലക്ഷ്യവും മാർഗ്ഗവും!