കെ.പി.എ.സിയുടെ നാടകവണ്ടി സാരഥി കൊച്ചുകുഞ്ഞുപിള്ള വിടവാങ്ങി.
കൊച്ചുനാരായണപ്പിള്ളയെ നടൻ സജു കെ.പി.എ.സി അനുസ്മരിക്കുന്നു.
ദീർഘ കാലം കെപിഎസി യുടെ ഭാഗമായിരുന്ന കൊച്ചുകുഞ്ഞു പിള്ള ചേട്ടൻ അന്തരിച്ചു. 2002 ൽ ആണ് ഞാൻ കെപിഎസി യിൽ എത്തുന്നത്. ഞങ്ങൾ സഞ്ചരിച്ചിരുന്ന വണ്ടി ഓടിച്ചിരുന്നത് കൊച്ചുകുഞ്ഞുപിള്ള ചേട്ടൻ ആയിരുന്നു. പതിറ്റാണ്ടിലധികമായി കെപിഎസി യുടെ വാഹനത്തിന്റെ വളയം ആ കൈകളിൽ ഭദ്രമായിരുന്നു. എത്ര ദൂരം വണ്ടി ഓടിക്കേണ്ടി വന്നാലും ഒരു മുഷിപ്പും ഇല്ലാതെ , വാഹനത്തിലുള്ളവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെയുള്ള കൊച്ചുകുഞ്ഞുപിള്ള ചേട്ടന്റെ ഡ്രൈവിംഗ് ഒരു കല തന്നെയാണ്. സഡൻ ബ്രേക്ക് ചവിട്ടാതെ 70 കി.മി.സ്പീഡിനുള്ളിൽ നാടകസംഘത്തെ സുരക്ഷിതമായി നാടക സ്ഥലത്തും തിരിച്ചു ക്യാമ്പിലും എത്തിച്ചിരുന്ന കൊച്ചുകുഞ്ഞുപിള്ള ചേട്ടനെ മറക്കാൻ കഴിയില്ല.പഴയ നാടക ഓർമ്മകൾ പലപ്പോഴും സമയം കിട്ടുമ്പോൾ ഞങ്ങളുമായി കൊച്ചുകുഞ്ഞുപിള്ള ചേട്ടൻ പങ്കുവെച്ചിരുന്നു. പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിനു കെപിഎസി യുടെ ഗായകസംഘത്തിന്റെ സാരഥിയും കൊച്ചുകുഞ്ഞുപിള്ള ചേട്ടൻ ആയിരുന്നു. ആ ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.