കപിലോത്സവം 2023 ഏപ്രിൽ 20 മുതൽ 21 വരെ
- വാർത്ത - ലേഖനം
കൊച്ചി : 2016 ൽ കൊച്ചി ആസ്ഥാനമായി രൂപംകൊണ്ട നാടകസംഘമാണ് കപില കൊച്ചി. പുത്തൻ തലമുറയെ നാടകമെന്ന മാധ്യമം പരിചയപ്പെടുത്തുകയും, അതിലൂടെ സാമൂഹ്യ വിഷയങ്ങളിൽ തല്പരരാക്കുകയും ചലച്ചിത്രമേഖലയിലേക്ക് കൈപിടിച്ച് ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കപില കൊച്ചി ഒരുപറ്റം യുവാക്കളുടെ ശ്രമഫലമായി രൂപം കൊണ്ടത്.
കപില കൊച്ചിയുടെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2023 ഏപ്രിൽ 20, 21 തീയതികളിൽ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക വേദിയിൽ കപിലോത്സവം 2023 സംഘടിപ്പിക്കുന്നു.
കപിലോത്സത്തിന്റെ ഭാഗമായി ഈ വർഷം മുതൽ കലാ സാംസ്കാരിക മേഖലയ്ക്ക് സമഗ്ര സംഭാവനകൾ നൽകുന്ന വ്യക്തികളെ, "കപിലവ് എക്സലൻസ് അവാർഡ്" നൽകി ആദരിക്കുന്നു.
പ്രഥമ കപിലവ് 2023 എക്സലൻസ് അവാർഡ് നൽകുന്നത് ശ്രീ. കെ ജയകുമാർ IAS അവർകൾക്കാണ്. ഏപ്രിൽ 20ന് വൈകിട്ട് 3.00ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വച്ച് ഫലകവും പ്രശസ്തിപത്രവും നൽകി ആദരിക്കുന്നു. ചടങ്ങിൽ വിശിഷ്ട അതിഥികൾ പങ്കെടുക്കുന്നു.
തുടർന്ന്, സംസ്ഥാനതല മൂകാഭിനയ മത്സരം നടത്തപെട്ടും. വിജയികൾക്ക് ഒന്നാം സമ്മാനം-22222 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 11111 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 5555 രൂപയും ട്രോഫിയും നൽകുന്നു.
രണ്ടാം ദിവസം 21-ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ നാടക രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തിത്വങ്ങളായ ശ്രീ. ഡോ. സാംകുട്ടി പട്ടംകരി, ശ്രീ. കെ വി ഗണേഷ്, ശ്രീ. ബിജു ഇരിണാവ്, ശ്രീ. ശ്രീജീത്ത് പൊയിൽക്കാവ്, ശ്രീ. പി എൻ മോഹൻ രാജ് എന്നിവരെ ആദരിക്കുന്നു.
സമ്മേളനത്തിൽ വച്ച് മൂകാഭിനയ മത്സരത്തിന്റെ സമ്മാനദാനവും, ശ്രീ ജീസ് കൈതാരം രചനയും സംവിധാനവും നിർവ്വഹിച്ച കാവൽക്കാരൻ എന്ന ലഘുനാടകവും അവതരിപ്പിക്കപ്പെടുന്നു.
എറണാകുളം പ്രസ്സ് ക്ലബ്ബിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിൽ ആണ് 2023 കപിലവ് എക്സലൻസ് അവാർഡ് ശ്രീ. കെ. ജയകുമാർ IAS നു സമർപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്. കപിലോത്സവത്തിന്റെ പൂർണ വിവരങ്ങൾ വാർത്താക്കുറിപ്പായി കപില സംഘടന അംഗങ്ങൾ മാധ്യമങ്ങൾക്ക് നൽകി.