കേരള സംഗീത നാടക അക്കാദമി ഏകപാത്ര നാടകോത്സവത്തിന് ന്യൂമാഹിയില്‍ ഇന്ന് തിരിതെളിയും
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവത്തിന് ഇന്ന് (ജൂണ്‍ 26) ന്യൂമാഹിയില്‍ തിരിതെളിയും. സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവത്തിൻ്റെ ആദ്യ കേന്ദ്രമാണ് ന്യൂമാഹി.
നാടകോത്സവത്തിൻ്റെ ഭാഗമായി ഓരോ കേന്ദ്രത്തിലും 10 ഏകപാത്രനാടകങ്ങള്‍ വീതം അരങ്ങേറും. ന്യൂമാഹിയില്‍ തലശ്ശേരി ആര്‍ട്‌സ് സൊസൊറ്റിയുമായി സഹകരിച്ചാണ് അക്കാദമി നാടകോത്സവം സംഘടിപ്പിക്കുന്നത്.
ഇന്ന് വൈകീട്ട് 5.30 ന് ന്യൂമാഹി മലയാള കലാഗ്രാമത്തിലെ എം.ഗോവിന്ദന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന നാടകോത്സവത്തിൻ്റെ ഉദ്ഘാടനം എം മുകുന്ദന്‍ നിര്‍വഹിക്കും. അക്കാദമി വൈസ്‌ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. എന്‍ ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തും നാടകപ്രവര്‍ത്തകരായ വി.കെ പ്രഭാകരന്‍, ഒ അജിത്ത് കുമാര്‍, രാജേന്ദ്രന്‍ തായാട്ട്, നാടക് ജില്ലാ ട്രഷറര്‍ ടി.ടി വേണുഗോപാലന്‍ എന്നിവര്‍ സംസാരിക്കും. അക്കാദമി പ്രൊഗ്രാം ഓഫീസര്‍ വി.കെ അനില്‍ കുമാര്‍ സ്വാഗതവും ആര്‍.ഐ പ്രശാന്ത് നന്ദിയും പറയും.