തൃശ്ശൂർ ജില്ലയിലെ നാടക വിശേഷങ്ങൾ - ഭാഗം 2
- ലേഖനം
ചാക്കോ ഡി അന്തിക്കാടിന്റെ നാടക വർത്തമാനങ്ങൾ
(ലക്കം 13)
നാടകത്തിൽ എത്രത്തോളം സദാചാരവാദികൾ ഇടപെടും? അങ്ങനെ ഇടപെട്ടതുകൊണ്ട് നാടകാവതരണത്തിന് എന്തെങ്കിലും കോട്ടം സംഭവിക്കുമോ? നാടക ചരിത്രത്തിൽ ഈ സദാചാരവാദികൾക്കുള്ള പങ്ക് എന്താണ്?
പണ്ട് (25 വർഷങ്ങൾക്ക് മുൻപ്) ചേർപ്പ് നാട്ടരങ്ങിൽ ഹരോൾഡ് പിന്ററുടെ 'One for the Road' എന്ന നാടകം എറണാകുളം-കൈതാരത്തുള്ള പ്രൊഫ. എൻ. ജി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു. സാംകുട്ടി പട്ടംകരി ആർട്ട് ചെയ്തു. രാജേഷ് വല്ലച്ചിറ, ഡേവിസ് കെ. എ., ജോളി ചിറയത്ത്, എന്നിവർ പ്രധാന വേഷം ചെയ്തു. ഫാസ്സിസം നിശ്ശബ്ദമായി ഒരു ബുദ്ധിജീവിയെ മാനസികമായി പീഡിപ്പിക്കുന്നതാണ് വിഷയം.
ശാരീരികമായ പീഡനങ്ങൾ പ്രത്യക്ഷത്തിലില്ല. എന്നാൽ പരോക്ഷമായി അതു വ്യക്തം. കാരണം മുകളിലത്തെ നിലയിൽ പട്ടാളക്കാരാൽ ശാരീരികമായി തച്ചു തകർക്കപ്പെട്ട വിക്ടർ എന്ന ബുദ്ധിജീവിയും, ഒരുപാട് തവണ ബലാൽസംഗത്തിനിരയായ ഗില എന്ന ഭാര്യയും, ഭയം വിഴുങ്ങി മിണ്ടാട്ടം മുട്ടിയ അവരുടെ മകനും, അവരെ ഇടയ്ക്കിടെ മദ്യപിച്ചു കളിയാക്കി ചോദ്യം ചെയ്യുന്ന നിക്കോളസ് എന്ന നാസ്സി ഓഫീസറും അടങ്ങുന്ന ഭയാനകമായ അന്തരീക്ഷം .ഓഫീസർ മാത്രം കൂടുതൽ സംസാരിക്കും. ഈ വയലൻസിനെ ന്യായീകരിക്കും. എല്ലാം 'ദൈവനിശ്ചയ'മാണത്രേ ! ഒരു നരച്ച അന്തരീക്ഷം. കോൺസൻട്രേഷൻ ക്യാമ്പിനോട് ചേർന്നുള്ള ഓഫീസറുടെ രഹസ്യ മുറി. എല്ലാ ഫാസ്സിസ്റ്റുകൾക്കും ശാരീരിക പീഡനത്തിന്റെ സെല്ലുകൾ ഉള്ളപ്പോഴും, അവിടെ ഉപയോഗിക്കുന്ന പുളിച്ച തെറിക്ക് പകരം ദേഹോപദ്രവമേൽപ്പിക്കാതെ, ഒരു സുഹൃത്തിനെപ്പോലെ, വളരെ മാന്യമായി പീഡിപ്പിക്കുന്ന ഒരു രഹസ്യസെൽ ഉണ്ടായിരിക്കും! ഒന്നും തുറന്നു പറയാത്തവരിൽനിന്നും ഈ മാന്യനായ ഓഫീസർ വളരെ തന്ത്രപരമായി ഇടപെട്ട് രഹസ്യങ്ങൾ ചോർത്തിയെടുത്തിരിക്കും. അത് വളരെ ശക്തമായ രംഗഭാഷയിൽ, ഒരു മികച്ച നാടക രചനയാക്കി പിന്റർ, രാഷ്ട്രീയ നാടകലോകത്തിന് സംഭാവന ചെയ്തിരിക്കുന്നു. ഹെലികോപ്റ്റർ ശബ്ദം മാത്രം സീൻ ചേയ്ഞ്ചിൽ ഉപയോഗിച്ചുള്ള മികച്ച സംവിധാനമായിരുന്നു ഉണ്ണികൃഷ്ണൻ മാഷുടേത്. അവതരണം-ചേർപ്പ് നാട്ടരങ്ങ്.
ഒരു വർഷം മുൻപ് കൊച്ചിയിൽ ചവറ കൾച്ചറൽ സെന്ററിൽ ഈ നാടകത്തിന്റെ ഇംഗ്ലീഷ് അവതരണം നടന്നപ്പോൾ (1993-94 ആണെന്ന് തോന്നുന്നു) കൊച്ചിൻ ഷിപ്പ് യാർഡിലെ ജീവനക്കാർ അഭിനയിച്ചു. ഭർത്താവ് ഓഫീസറും അയാളുടെ ഭാര്യ ഗിലയുടെ വേഷവും ചെയ്തപ്പോൾ, ഓഫീസറുടെ പീഡനം കലർന്ന വാക്കുകൾ സഹിക്കാതെ തളർന്നു വീഴുന്ന ഗിലയുടെ അവസ്ഥ, ശരിക്കും ഇവിടെ, ഓഫീസറുടെ ഭാര്യയ്ക്ക് (ആ നടിയുടെ പേര് ഓർമ്മയില്ല. ഭർത്താവിന്റെ പേര് ബെന്നി എന്നാണെന്നു തോന്നുന്നു. ഷിപ്പ് യാർഡിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു രണ്ടുപേരും) സംഭവിച്ചത് ഇന്നും ഞാൻ ഓർക്കുന്നു.
പിന്റർ ഓഫീസറുടെ വേഷവും പിന്ററുടെ ഭാര്യ ഗിലയുടെ വേഷവും ചെയ്തപ്പോൾ, ലണ്ടൻ അവതരണത്തിൽ, ആ രംഗത്തിന്റെ അവസാനം,... 'Men! I'am afraid of Men!'... എന്നലറി ഗില കുഴഞ്ഞു വീഴുന്ന ഭാഗം സ്റ്റേജിൽ ശരിക്കും സംഭവിച്ചത്രേ! ആംബുലൻസ് വിളിപ്പിച്ച് പിന്ററുടെ ഭാര്യയെ ആശുപത്രിയിലെത്തിച്ചത് മറ്റൊരു ചരിത്രം!
ഏറ്റവും സ്ലോവായി വെളിച്ചം പതുക്കെ മാറിമാറി ഷെയ്ഡ് നിറയുന്ന രീതിയിൽ, ഞാനായിരുന്നു ലൈറ്റ് ഡിസൈൻ ചെയ്തത്. പഴയ കാലത്തെ സ്പോട്ട് ലൈറ്റ് & ഡിമ്മർ സെറ്റ് ഉപയോഗിച്ച്, അരിച്ചരിച്ചു വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ആ വെളിച്ചനിയന്ത്രണം ചെയ്തതും ഞാനായിരുന്നു.
ആ നാടകത്തിന്റെ രാഷ്ട്രീയ-ദാർശനിക തലവും ഭയാനകതയും, നിശ്ശബ്ദതയും മുഴങ്ങും വിധം വെളിച്ച സംവിധാനം നിർവ്വഹിച്ചതിനെ ഒരുപാടുപേർ അനുമോദിച്ചിരുന്നു. ഇടയ്ക്ക് സംഗീതമില്ലാത്തതു കാരണം ഭയങ്കര നിശ്ശബ്‌ദത ഒരു വെല്ലുവിളിയായി അന്തരീക്ഷത്തെ മുറിവേൽപ്പിച്ചിരുന്നു. ഒരിക്കലും 'സഡൺ ജർക്ക് ലൈറ്റ്' പ്രയോഗവുമില്ലാതെ അത് ഞാൻ നിർവ്വഹിച്ചു.
വിഷയം അതല്ല. അതിന്റെ ആർട്ട് വർക്കിലാണ് പ്രശ്നം തുടങ്ങുന്നത്. ഓഫീസറുടെ മുറിയിലെ മിനി ബാറിൽ നഗ്നയായ ഒരു സ്ത്രീയുടെ പെയിന്റിംഗ് തലയിലെ പീഠത്തിന്മേൽ മദ്യക്കുപ്പിയും ഗ്ലാസും ഇരിക്കുന്നതാണ് സദാചാരവാദികളെ പ്രകോപിപ്പിച്ചത്.
കൊച്ചിയിലുള്ളവർ അത്ര പ്രശ്നമുണ്ടാക്കിയില്ല. പക്ഷേ വല്ലച്ചിറ 'വൺ ഫോർ ദി റോഡ്' കളിച്ചപ്പോൾ ചിലർ ഇടപെട്ടു. ഇത്തരം സെറ്റ് ഡിസൈൻ രീതി ഗ്രാമത്തിലെ കാണികളെ വെറുപ്പിക്കും,അകറ്റും!... അവർ വാദിച്ചു.
ഗ്രാമവാസികളിൽ അനാവശ്യ ലൈംഗികചിന്തയുണർത്തുമത്രേ ! അവർ നാടകത്തിനിടയ്ക്ക് കയറി ഇടപെട്ടാൽ സംഘാടകർക്ക് നിയന്ത്രിക്കാൻ കഴിയില്ലത്രേ ! എന്നൊക്കെയായിരുന്നു എതിർപ്പിന്റെ ന്യായവാദങ്ങൾ.
വിഷയം ഫാസ്സിസം. അതിനെ നേരിടാൻ ഇത്തരം സദാചാരവാദവുമായി വന്നാൽ, അത് ഫാസ്സിസ്റ്റുകൾക്ക് പെരുത്ത് ഇഷ്ടമായിരിക്കും എന്നൊക്കെ സംവിധായകനും വാദിച്ചു നോക്കി. നാടകാവതരണത്തിനിടയിൽ ഒന്നും സംഭവിച്ചില്ല. നാടകത്തിന്റെ ഉള്ളടക്കവും, ചലനങ്ങളും, നിശ്ശബ്‌ദതയും , അഭിനയവും അത്രയ്ക്ക് മനസ്സിൽ കത്തിക്കയറും വിധമായിരുന്നു അതിന്റെ അവതരണം (വലിയ നാടക ആചാര്യന്മാരും ഈ സദാചാര പോലീസ്സിന്റെ വേഷം കെട്ടിയത് ആരും മറന്നിട്ടില്ല!). തുടർന്ന് കളികൾ ലഭിക്കില്ല എന്ന് ഈ പ്രതിഷേധക്കാർ വെല്ലുവിളിച്ചിരുന്നു.
ഇപ്പോൾ ഇത് ഇവിടെ പറയാൻ കാരണം, പൊതുവെ നാടകമെന്നാൽ സ്ത്രീ-പുരുഷ ബന്ധങ്ങൾ (ചുംബന രംഗങ്ങൾ, കെട്ടിപ്പിടിത്തം, മടിയിൽ തലവെച്ചു കിടക്കൽ, മഴയത്തു ചേർന്നു നിൽക്കൽ, ആണ് പെണ്ണിനെ പിടിച്ചുയർത്തൽ, പെണ്ണ് ആണിന്റെ മേൽ കുത്തിയിരുന്നു മുഖത്തടിക്കൽ, തല്ലിക്കൊല്ലൽ- സുവീരന്റെ 'ചക്രം' നാടകത്തിലെ ധീരമായ ക്ലൈമാക്സ്) കാവ്യാത്മകകമായി, മികച്ച ലൈറ്റ് & ഷെയ്ഡിലൂടെ ചിത്രീകരിച്ചാലും ഉൾക്കൊള്ളാൻ കേരളത്തിന്റെ കപട സദാചാരബോധം സമ്മതിക്കില്ല!(സിനിമയിൽ ആർക്കും എന്തുമാകാം എന്ന ന്യായീകരണവും ഇവർ നിരത്തും!).
സുവീരൻ നാടകം ചെയ്യുമ്പോൾ കൂടുതൽ 'ബോഡി ഇന്റിമേറ്റ് കോൺടാക്ട്' സൃഷ്ടിക്കുന്നത് ദഹിക്കാത്ത കുറേപേർ എന്നോട് രഹസ്യമായി സുവീരനെതിരെ പരദൂഷണം പറഞ്ഞിട്ടുണ്ട്. പോയി പണിനോക്കാൻ ഞാനും തുറന്നടിച്ചിട്ടുണ്ട്!
ഇറ്റ്ഫോക്കിൽ വന്ന ചില ലാറ്റിനമേരിക്കൻ നാടകങ്ങൾക്ക് ശേഷം അൽപ്പം ധീരത ചില സംവിധായകർ കാണിക്കാൻ തുടങ്ങിയത് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.
അതുപോലെ നാടകക്കാർ കള്ളു കുടിക്കുന്നു..(കള്ള് കുടിക്കാത്തവരുടെ അജണ്ട?) തർക്കിക്കുന്നു... തല്ലുകൂടുന്നു... കെട്ടിപ്പിടിച്ചുറങ്ങുന്നു... പിറ്റേ ദിവസം കൈകോർത്തു നടക്കുന്നു! സദാചാര വാദികളായ നാടക വിരോധികൾക്ക് സഹിക്കുന്നില്ല!
എല്ലാ അനീതികളും കാണുമ്പോൾ, വായമൂടി, ഒരു ചൂഷക വ്യവസ്ഥിതിയെ യാതൊരു ഉപദ്രവവുമില്ലാതെ താങ്ങിനിർത്തുന്നവർക്കിടയിൽ അൽപ്പം അനാർക്കിയില്ലെങ്കിൽ പിന്നെയെന്തു നാടകം? എന്ന മറുപടിയാണ് ഞാൻ കൊടുക്കാറ്!
"ലോക സാഹിത്യത്തിലെ ബഹുഭൂരിപക്ഷം മഹാരഥന്മാർ അൽപ്പം (അൽപ്പമല്ല കാര്യമായിത്തന്നെ ) അനാർക്കിയും, ബോഹീമിയൻ ലൈഫ് സ്റ്റൈലും ഒക്കെയായാണ് ഈ മഹത്തായ 'സർഗ്ഗ പ്രക്രിയ'യെ മുന്നോട്ട് കൊണ്ടുപോയതെന്ന് തിരിച്ചറിയാത്ത, 'ചത്തതിനൊക്കുമേ ജീവിക്കുന്ന' ഈ സദാചാര വാദികളെ എന്ന് മറന്നു കളയുന്നുവോ അന്നേ നാട്ടിൽ, കലയുടെ പേരിൽ, നാടകത്തിന്റെ പേരിൽ എന്തെങ്കിലും ചരിത്രം സൃഷ്ടിക്കാൻ കഴിയൂവെന്ന്" ഭരത് പി. ജെ. ആന്റണി പണ്ടേ, അഭിനേതാക്കളെ ബോധ്യപ്പെടുത്തിയിരുന്നതായി, ഇന്ന് ജീവിച്ചിരിക്കുന്ന, കാർത്തികേയൻ (കേയൻ) പോലുള്ള, പി. ജെ.യുടെ അരുമ ശിഷ്യർ ഏറ്റുപറഞ്ഞിട്ടുണ്ട്.
ഇപ്പോൾ വേറൊന്നു കൂടി സംഭവിച്ചു. പാലക്കാടുള്ള ലത മോഹൻ എന്ന മികച്ച അഭിനയ ശേഷിയുള്ള നടി ചേർപ്പിലെത്തി, 'കണ്ണാടി' എന്ന നാടകത്തിൽ (രചന : ടി എം. അബ്രഹാം . സംവിധാനം : സുരേഷ് നന്മ), കൃഷ്ണൻ കളിയരങ്ങിന്റെ കൂടെ കുറേ 'ഇന്റിമേറ്റ് '
ആയി അഭിനയിച്ചറിഞ്ഞ, പാലക്കാട്ടെ ലതയുടെ നാടക സുഹൃത്തുക്കൾ മുന്നറിയിപ്പ് കൊടുത്തുവത്രേ !(തൃശ്ശൂർക്കാരെ സൂക്ഷിക്കണമത്രേ ! ഹ... ഹ... ഹ...!").
ലോക നാടക വേദിയിലും, ഇന്ത്യൻ നാടക വേദിയിലും (സുവീരൻ തന്നെ NSD പ്രൊഡക്ഷനിൽ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു?) 'Nude Theatre' പരീക്ഷണങ്ങൾ എപ്പോഴേ സംഭവിച്ചിരിക്കുന്നു. ചിത്രകലയിൽ 'ന്യൂഡ് പെയിന്റിംഗ്' സിലബസ്സിന്റെ ഭാഗമാണ്.
ശരിയായ പ്രണയവും രതിയും അംഗീകരിക്കാത്ത കലാകാരന്മാർക്ക് വിപ്ലവത്തെക്കുറിച്ചു പറയാൻ എന്തവകാശം? അവർക്ക് ജൻഡർ വിഷയങ്ങളിൽ സത്യസന്ധത പുലത്താൻ എങ്ങനെ കഴിയും? ഒരു ഫ്യൂഡൽ ബോധത്തെയും തകർക്കാൻ ഇത്തരം സദാചാരവാദികൾക്ക് കഴിയില്ലെന്നാണ് എന്റെ പക്ഷം!
(ചില കലാസംഘടനകളും ഇതേ സദാചാരവാദികളുടെ മേലങ്കി അണിഞ്ഞിട്ടുണ്ട്! അവരും നാടക വിരോധികളാവാൻ അധിക കാലം വേണ്ടി വരില്ല!)
ഇതു പറയാൻ കാരണം, ചേർപ്പ് നാട്ടരങ്ങിന്റെ 1985-2008 (36വർഷം) വരെയുള്ള നാടക-സാംസ്കാരിക ഇടപെടൽ ഒരു 'റിബൽ' ചിന്തയുടെ ഭാഗമായി സംഭവിച്ചതായിരുന്നു. (അത്യാവശ്യം കള്ളൊക്കെ കുടിച്ചുതന്നെ!). ശാസ്ത്രസാഹിത്യ പരിഷത് പഠിപ്പിക്കുന്ന, ചോദ്യം ചെയ്യാനുള്ള പ്രവണത ഏറ്റെടുത്ത നാടകസംഘമായിരുന്നു ചേർപ്പ് നാട്ടരങ്ങ്. സ്ഥിരമായ 'കമ്മിറ്റി സിസ്റ്റം' ഇല്ലാതെ എല്ലാവരും നാടകത്തിന്റെ പുരോഗതിക്കു വേണ്ടി കൂട്ടായി പ്രവർത്തിക്കുക...അതിന്റെ 2008ന് ശേഷമുള്ള സ്വാഭാവികമായ കൊഴിഞ്ഞുപോക്ക് പോലും ചരിത്രപരമാണ്. (ഒരു മഹത്തായ പരീക്ഷണം നടത്തിയതിനുശേഷം ലബോറട്ടറി തകർത്തു കളയുന്ന അവസ്ഥയെന്ന് ക്രൂരമായ ഉപമയിലൂടെ വിശദീകരിക്കാം)
അൽപ്പം അനാർക്കി ടച്ചുള്ള റിബൽ ജീവിതരീതി പാലിച്ചിരുന്ന ചേർപ്പ് നാട്ടരങ്ങിന്റെ ഒരു ലഘു നാടക ചരിത്രം എന്റെ പരിമിതമായ അറിവിൽനിന്ന് വിശദീകരിക്കാം.
1. 'മീഡിയ' (യൂറിപ്പിഡസ്) ഡോ. സി. ആർ. രാജoഗോപാലൻ 'മീഡിയ' യ്ക്ക് വേണ്ടി മാസ്‌ക്കുകൾക്ക് രൂപം കൊടുത്തു
(സംവിധാനം : ജോസ് ചിറമ്മൽ)
2. 'ഒരു അരാജകവാദിയുടെ അപകടമരണം' (ദാരിയൊ ഫോ),
3 . 'ചെഗുവേര' (മരിയോ ഫ്രട്ടി) രണ്ട് നാടകങ്ങളുടെയും സംവിധാനം : ഡോ. രാമചന്ദ്രൻ മൊകേരി.
മൊകേരി മാഷ് വിവർത്തനം ചെയ്ത 'ചെഗുവേര' എന്ന നാടകഗ്രന്ഥം നാട്ടരങ്ങാണ് പ്രസിദ്ധീകരിച്ചത്
4. 'വൺ ഫോർ ദി റോഡ്' (ഹരോൾഡ് പിന്റർ) &
5. 'ഫയർ റൈസേർസ്'
('തീ വെയ്പ്പുകാർ'-രചന : മാർക്സ് ഫ്രീഷ്)
വിവർത്തനം : ചാക്കോ ഡി അന്തിക്കാട്
രണ്ട് നാടകങ്ങളുടെയും സംവിധാനം : എൻ. ജി. ഉണ്ണികൃഷ്ണൻ.
6. 'ജനനം' (രചന സംവിധാനം : കെ. ആർ. രമേഷ്)
1986ൽ ആൽബർ കാമുവിന്റെ 'ദി ജസ്റ്റ്' നാടകം റിഹേഴ്സൽ തുടങ്ങിയെങ്കിലും സാങ്കേതികവും, മാനുഷികവുമായ കാരണങ്ങളാൽ അവതരണം നടന്നില്ല. (അന്തരിച്ച ഫിലിം ഡയറക്ടർ മോഹൻ രാഘവനായിരുന്നു സംവിധാനച്ചുമതല)
പി. എം. താജിന്റെ 'കനലാട്ടം' നാടകത്തിനും ഇതുതന്നെ സംഭവിച്ചു. റിഹേഴ്സൽ തുടങ്ങിയെങ്കിലും പൂർത്തീകരിച്ചില്ല.
1986-90 കാലഘട്ടത്തിൽ ചെയ്ത തെരുവു നാടകങ്ങൾ സമകാലിക പ്രസക്തം. പ്രധാനമായും സി. ഡി. ജോസ് രചനയും സംവിധാനവും ചെയ്ത 'വഴിയോരക്കാഴ്ചകൾ' എന്ന തെരുവുനാടകം. (അഗസ്റ്റോ ബോളിന്റെ 'ഇൻവിസിബിൾ തിയറ്റർ' രീതിയിലുള്ള ഇടപെടൽ, മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു!) നാടകമാണ് നടക്കുന്നതെന്ന് ജനങ്ങൾ അറിയാതെ തായംകുളങ്ങരനിന്നും ചേർപ്പ് ആശുപത്രിയിലും, പോലീസ് സ്റ്റേഷൻവരെയും സംഭവിക്കുന്ന കാര്യങ്ങളാണ് നാടകമായി പരിണമിച്ചത്. ഒരാളെ സൈക്കിൾ മുട്ടുന്നു. അയാളെയുംകൊണ്ട് ആശുപത്രിയിലെത്തുന്നു. പോലീസ് ഇടപെടുന്നു. ഒരിക്കലും നടന്മാരാണെന്ന് അവസാനംവരെ പിടി കൊടുക്കുന്നില്ല (അവസാനം വെളിപ്പെടുത്തും!).
ജനങ്ങളുടെ പ്രതികരണങ്ങൾ തിരിച്ചറിയുന്നതിനുള്ള ഉപാധിയായി നാടകമാധ്യമത്തെ ഉപയോഗിച്ചതായിരുന്നു.
ഫെയർ സ്റ്റേജ് വിഷയത്തിൽ നടത്തിയ പ്രതിഷേധ നാടകങ്ങൾ- 'ചട്ടമ്പിക്കല്ല്യാണി' ധാരാളം അവതരണങ്ങൾ നാട്ടിലും പട്ടണത്തിലുമായി കളിച്ചിരുന്നു.
സഫ്ദർ ഹഷ്‌മിയുടെ രക്തസാക്ഷിത്വമുണ്ടാക്കിയ ഉണർവ്വിൽ അവതരിപ്പിച്ച 'ഹല്ലേബോൽ' & 'സ്ത്രീ' എന്നീ നാടകങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
1992ൽ നാട്ടരങ്ങിന്റെ സംഘാടനത്തിൽ കേരളത്തിലെ പല ജില്ലകളിൽ നിന്നായി 32ഓളം ലഘുനാടകങ്ങൾ (3 ദിവസ്സങ്ങൾ) ചേർപ്പ് മഹാത്മാ മൈതാനിയിൽ അരങ്ങേറി. ജോസ് ചിറമ്മൽ, അഡ്വ. പ്രേംപ്രസാദ് എന്നിവർ നാടകങ്ങൾ കാണുകയും, പിറ്റേ ദിവസം നടന്ന ചർച്ചയിൽ സജീവമായി ഇടപെടുകയും ചെയ്തു.
നാടകം അവതരിപ്പിച്ച ടീം, രചയിതാവ്, സംവിധായകർ ചർച്ചകളിൽ അവരുടെ നിലപാട് വ്യക്തമാക്കിയത്, നാടകമെന്ന ജനാധിപത്യ മാധ്യമത്തിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് സന്ദർഭമൊരുക്കി. ഇത് മറ്റ് സംഘങ്ങൾക്ക് മാതൃകയായി തീർന്നു.
ചുമ്മാ നാടക മത്സരത്തിൽ പങ്കെടുത്തു പിരിയുകയല്ല, നാടകപ്രവർത്തനംതന്നെ ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന പരിപാടിയായിരുന്നു അത്.
ഞാൻ അന്ന് ചെയ്തത് ജൂലിയസ് ഫ്യൂച്ചിക്കിന്റെ ജയിൽ ഡയറി- 'കൊലമരത്തിൽനിന്നുള്ള കുറിപ്പുകൾ'-ആയിരുന്നു (രചന & സംവിധാനം) അവതരണം : ജീവൻ കലാവേദി ചേർപ്പ് വെസ്റ്റ്.
ഇതുപോലെ മറ്റൊരു നാടക സംഗമം-സംവാദം നാട്ടരങ്ങ് സംഘടിപ്പിച്ചത് 2002ൽ ആയിരുന്നു. അന്നും 3 ദിവസങ്ങളായി 32ഓളം നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. പി. എം. ആന്റണി ഉദ്ഘാടനം ചെയ്തു. തുടർന്ന് പി. എം. ആന്റണിയുടെ 'ടെററിസ്റ്റ്' നാടകത്തിന് വേദിയൊരുക്കി.
'ദിനോസോറുകൾ'
(രചന : സിവിക് ചന്ദ്രൻ . സംവിധാനം : സുർജിത് ആലപ്പാട്), തൃശ്ശൂർ ജില്ലയിലെ വിവിധ നാടകപ്രവർത്തകരുടെ കൂട്ടായ്മയിൽനിന്നു രൂപപ്പെട്ടതാണ്.
2002ലെ നാടകസംഗമം ഫെസ്റ്റിൽ നാട്ടരങ്ങിനുവേണ്ടി പ്രിയനന്ദനൻ 'നായും നരനും' (കവിത : രാവുണ്ണി), 'കാവ്യകല്ലോലം എന്റെ ഹൃദയത്തിൽ' (കഥ : അശോകൻ ചരുവിൽ) 'രേഖാശാസ്ത്രം' (കഥ : എൻ. പ്രഭാകരൻ) ചെയ്‌തത്, പിന്നീട് നിരന്തരമായി, മത്സരത്തിലും അല്ലാതെയും കളിച്ചിരുന്നു.
2000ത്തിന് മുൻപ് പ്രിയനന്ദനൻ സംവിധാനം ചെയ്ത 'പ്രിയപ്പെട്ട അവിവാഹിതൻ' (രചന : പി. എം. താജ്) മികച്ച അവതരണമായിരുന്നു. മത്സരത്തിലും ധാരാളം അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. പ്രിയനന്ദനൻ, ടെസ്സി പഴുവിൽ, ഡേവിസ് കെ. എ., സജീവൻ ആനക്കല്ല് ആയിരുന്നു അഭിനേതാക്കൾ. സി. ഡി. ജോസും ഞാനും അതിലെ ലൈറ്റ് ഡിസൈൻ ചെയ്തു.
സി. ഡി. ജോസ് സംവിധാനം ചെയ്ത സച്ചിദാനന്ദന്റെ 'തീരം' ശ്രദ്ധേയമായിരുന്നു. ലൈറ്റ് ഡിസൈൻ ഞാൻ ചെയ്തു.
2002ൽ (നാടക സംഗമം) ശശിധരൻ നടുവിൽ സംവിധാനം ചെയ്ത 'പദപ്രശ്നങ്ങൾക്കിടയിൽ മേരിയും ലോറൻസും' (രചന : സതീഷ് കെ. സതീഷ്) മികച്ച അവതരണമായിരുന്നു.,
മനോജ് നാരായണൻ സംവിധാനം ചെയ്ത 'ചിരുത ചിലതൊക്കെ മറന്നു' (എ. ശാന്തകുമാർ) ചെയ്തപ്പോൾ, ഇപ്പോൾ നമുക്ക് നഷ്ടപ്പെട്ട പ്രശസ്ത നടൻ ദിനേശ് മേനോൻ പ്രധാന വേഷം ചെയ്തു. കൂടെ സംസ്ഥാന അമേച്വർ നാടക മത്സരത്തിലെ മികച്ച നടി രേവതിയും (ദിനേശന്റെ ഭാര്യ) ഉണ്ടായിരുന്നു.
പി. എം. ആന്റണിയുടെ സൈക്കിൾ നാടക യാത്രയ്ക്ക് ("അരങ്ങിൽനിന്നും അടുക്കളയിലേക്ക്") നാട്ടരങ്ങിന്റെ ഐക്യദാർഢ്യമുണ്ടായിരുന്നു.
നിരന്തര സംവാദങ്ങളുടെ അരീനയായിരുന്ന നാട്ടരങ്ങിൽ വരാത്തവർ കുറവാണ്.
കേരളത്തിലെ പ്രധാന നാടകപ്രവർത്തകരും, കവികളും, എഴുത്തുകാരും, സിനിമാപ്രവർത്തകരും നിരന്തരം സന്ദർശിച്ചിരുന്ന നാട്ടരങ്ങിന്റെ മറ്റൊരു മികച്ച സംഘാടനമായിരുന്നു 2008 ലെ 'അടയാളങ്ങൾ' പ്രൊജക്റ്റ്.
5 അനുസ്മരണങ്ങൾ. 5 ദിവസം നാടകങ്ങൾ. വേദി : ചേർപ്പ് മഹാത്മാ മൈതാനം.
പി. ജെ. ആന്റണി സ്മരണ 'ഇൻക്വിലാബിന്റെ പുത്രൻ' (രചന & സംവിധാനം : പി. എം. ആന്റണി).
ഈ നാടകത്തിൽ പി. ജെ. ആയി അഭിനയിച്ച സ: അശോകൻ വല്ലച്ചിറ, ഒരു ആക്സിഡന്റിൽ നഷ്ടപ്പെട്ടത് , LDF പ്രസ്ഥാനത്തിനും നാടക വേദിക്കും തീരാനഷ്ടംതന്നെ. ഈ നാടകത്തിൽ ഞാൻ ക്രൈസ്റ്റ് ആയും ('പ്രളയം' നാടകത്തിന്റെ ഭാഗം), പി. ജെ.യുടെ അന്ത്യനിമിഷത്തെ അവസ്ഥയിൽ പി. ജെ. ആയും അഭിനയിച്ചു.
മറ്റൊരു നാടകം സുരാസു സ്മരണയായി എൻ. ജി. ഉണ്ണികൃഷ്ണൻ ചെയ്ത നാടകം, 'ഇവൻ സ്വയം ഒരു പുസ്തകം'
പി. എം. താജ് സ്മരണയായി ശശിധരൻ നടുവിൽ സംവിധാനം ചെയ്ത നാടകം, 'ബാക്കി ഇതിഹാസം'
ജോൺ എബ്രഹാം സ്മരണയായി സോബി സൂര്യഗ്രാമം ചെയ്ത നാടകം 'കഴുത പറയുന്നു എന്തെന്നാൽ...'
(രചന : ചാക്കോ ഡി അന്തിക്കാട്).
ജോസ് ചിറമ്മൽ സ്മരണയായി ഞാൻ രചനയും സംവിധാനവും നിർവ്വഹിക്കേണ്ട, പഞ്ചായത്ത് മുഴുവൻ ഉപയോഗിച്ച് ചെയ്യേണ്ട, തെരുവ് നാടകം പ്രച്ഛന്നവേഷമത്സരം', സംഘാടനത്തിന്റെ സമയക്കുറവ് കാരണം നടക്കാതെപോയി.
2008ന് ശേഷം നാട്ടരങ്ങിന്റെ സ്ഥലസംബന്ധമായ കേസിൽ കുടുങ്ങി ആ ജനകീയ പ്രസ്ഥാനം അതിന്റെ സ്വാഭാവികമായ പരിസമാപ്‌തിയിൽ കലാശക്കൊട്ട് നടത്തി... ഓർമ്മകളിൽ ലയിച്ചു! ആയതിന്റെ വൈയക്തികവും, സാമൂഹികവും, സാമ്പത്തികവുമായ കാരണങ്ങൾ കൂടുതൽ ആഴത്തിലുള്ള പഠനം-വിശകലനം ആവശ്യപ്പെടുന്നത് കൊണ്ട്, കൂടുതൽ ആഴത്തിൽ മറ്റൊരവസരത്തിൽ, പൊതുവേയുള്ള നിഷ്‌ക്രിയത്വത്തിന്റെ കാര്യ-കാരണങ്ങൾ വിശദീകരിക്കുമ്പോൾ, വ്യക്തമാക്കാം.
റിബൽ ആയിരിക്കുകയെന്നത്, ജീവിതത്തോട്, ചരിത്രത്തോട് നീതി പുലർത്തുക എന്നതാണ്. അതിന് ചരിത്രത്തെ നിരന്തരം ഗുണപരമായി മാറ്റിമറിക്കേണ്ടതുണ്ട്. അതിൽ സ്വാർത്ഥത കലരുമ്പോൾ, തുറന്ന സംവാദങ്ങൾക്ക് സ്വയം 'ലിമിറ്റ്' നിർണ്ണയിക്കപ്പെടും.
അപ്പോൾ പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ സംശയിക്കാൻ തുടങ്ങും. നാടകമാധ്യമത്തിന്റെ ബദ്ധശത്രുവാണ് ഈ സംശയരോഗം!
ഫാസ്സിസ്സം തഴച്ചുവളരാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഈ സംശയരോഗത്തെയാണ്.
നാട്ടരങ്ങിന്റേതടക്കം പല ഗ്രാമീണ കലാ സമിതികളുടെയും സ്വയം സമർപ്പണം വഴിമാറി സഞ്ചരിച്ചതിന് സംഘാടകരെമാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ മൊത്തം സാംസ്കാരിക നയത്തിന്റെ അപചയംകൂടി കണക്കിലെടുക്കേണ്ടതുണ്ട്!
ഗുണവും ദോഷവും ഒരു കൂട്ടായ്മയുടെ, ഉത്തരവാദിത്വബോധത്തിന്റെ, സൃഷ്ടിയും സ്ഥിതിയും സംഹാരവും കൂടിയാണല്ലോ!
നിലവിലെ മുതലാളിത്ത-കോർപ്പറൈറ്റ്-ഫാസ്സിസ്റ്റ് അജണ്ടയെ നേരിടാൻ നമ്മൾ റിബൽ എന്ന് സ്വയം അവകാശപ്പെടുന്നവർ, ചെറു ഗ്രൂപ്പിൽ നിന്നും പഠിക്കുന്നതിനൊപ്പം, ബഹുജന പുരോഗമന പ്രസ്ഥാനത്തിന്റെ വിപുലമായ സംഘാടന മികവിൽനിന്നും പലതും പഠിക്കേണ്ടിയിരിക്കുന്നു... എന്നുമാത്രം തത്കാലം സമ്മതിക്കുക. അതിന് വിമർശനത്തിനൊപ്പം സ്വയം വിമർശനവും നടത്താനുള്ള ലെനിനിസ്റ്റ് യുക്തിയെ വീണ്ടും ആശ്രയിക്കുക. തത്കാലം ഈ എഴുത്ത് ഇന്ന് നിർത്തുന്നു.
അടുത്ത ലക്കത്തിൽ തൃശ്ശൂർ ജില്ലയിലെ മറ്റ് ഗ്രാമീണ നാടക വിശേഷങ്ങളുമായി വീണ്ടും കാണാം. ലാൽസലാം.