തെലുങ്ക് നടൻ കൃഷ്ണ അന്തരിച്ചു
- വാർത്ത - ലേഖനം
വിഖ്യാത തെലുങ്ക് നടൻ കൃഷ്ണ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് പുലർച്ചെ നാലു മണിയോടെ ഹൈദരാബാദിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു മകനാണ്.
ഇന്നലെയാണ് ഹൃദാഘാതത്തെ തുടർന്ന് കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഉച്ചയ്ക്ക് 1.15 ഓടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേത്തിന് ഉടൻ സിപിആർ നൽകുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു.
ഒരുകാലത്ത് തെലുങ്കിലെ മിന്നു താരമായിരുന്നു ഖട്ടമനേനി ശിവ രാമ കൃഷ്ണ മൂർത്തി എന്ന കൃഷ്ണ. 350ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. രാഷ്ട്രീയത്തിലും കൃഷ്ണ ഭാഗ്യം
പരീക്ഷിച്ചിട്ടുണ്ട്. 1980കളിൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം എംപിയായിരുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തോടെയാണ് രാഷ്ട്രീയം വിടുന്നത്. 2009ൽ അദ്ദേഹത്തിന് പദ്മഭൂഷൻ നൽകിയ ആദരിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് കൃഷ്ണയുടെ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിര ദേവി മരിക്കുന്നത്. അദ്ദേഹത്തിന്റെ മൂത്ത മകൻ രമേഷ് ബാബു ജനുവരിയിലും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും നടിയുമായ വിജയ നിർമല 2019ലാണ് മരിക്കുന്നത്.