അരങ്ങിന്റെ ആത്മഗതങ്ങൾ
വെറുതെ.......
വെറും വെറുതെ
ഒരു നാടക ജീവിത ചിന്ത !!!
ഏവരുടെയും സ്നേഹത്തോടെയുള്ള പ്രതികരണം മുൻനിർത്തി, തുടരുന്നു - കഴിഞ്ഞ ഭാഗം "ആമുഖ"മായും ഈ ലക്കം മുതൽ ഭാഗം 2- ആയും തുടരുന്നു...
ഞാൻ കഴിഞ്ഞ ഭാഗം സൂചിപ്പിച്ചൂ - അയാൾ.......അതായത്, ഈ ഞാൻ അന്വേഷണത്തിലാണ്.
എന്താണ് നാടകം !!!-
ആരാണ് നാടകം !!!
എങ്ങിനെയാണ്നാടകം !!!
ഈ നാടകം എവിടെയാണ് ഒളിഞ്ഞിരിക്കുന്നത് !!!!!
ഞാൻ മുറ്റത്തെക്കിറങ്ങി., പതിവില്ലാത്തത് പോലെ, ലോകം ( അന്നൂര് ) വിശാലമാകുന്നത് പോലെ!!!
ഇളം കാറ്റിൽ എറൻറചിന്തകൾ, ആകാശത്തിലൂടെ കിളികൾക്കൊപ്പം -
അല്ല,
നാടകത്തി നൊപ്പം പറന്നു പറന്നു നടന്നു.
ഛെ - പറക്കുമ്പഴെങ്ങനാ നടക്കുക - വാക്കുകൾ കൂട്ടി ചേർക്കാൻ കഴിയാത്ത കാലം -
(അൽപം നാടകീയത കിടക്കട്ടെ അല്ലെ - )
പെട്ടന്ന് ഒരശരീരി പോലെ
"അന്വേഷിപ്പിൻ കണ്ടെത്തും "
ശരിയാ-പലപ്പോഴുo - എനിക്ക് തോന്നാറുണ്ട്, ഒരു ഉൾവിളി - അശരീരി - അദൃശ്യ ശക്തി - ജീവിതത്തിലെപ്പോഴും -, ഇപ്പോഴും ,-വഴികാട്ടിയായിട്ട് മുന്നിലുണ്ടാകും . വിശ്വാസമുള്ളവർ അതിനെ സുഹൃത്തെന്നോ, ദൈവമെന്നോ-
പേർ ചൊല്ലി വിളിക്കും -
അങ്ങനെ ചിന്തിച്ചിരിക്കവെ,
വീടിൻ്റെ മുന്നിലൂടെ ഒരാൾ താടിയും തടവി ,....കാററിൽ പറന്നകലുന്ന സ്വന്തം മുടി കൈകൊണ്ട് ഒതുക്കി, മുണ്ടിൻ്റെ കോന്തല കയ്യിൽ പിടിച്ച് നടന്നകലന്നു ...... വേമ്പു ,എന്ന നാടക സംവിധായകൻ്റ ശിഷ്യൻ - MT അന്നൂർ -ഞാൻ കണ്ടിട്ടുണ്ട് പട്ടമ്മാർ കൊവ്വലിലെ ,നാടക അരങ്ങിലല്ലെങ്കിലും, അണിയറയിൽ സജീവം.
അംഗ_ചലന - ഭാവാദികളോടെ നീങ്ങുന്ന
MT യുടെ താടിയിൽ എൻ്റെ കണ്ണുടക്കി നിന്നു ., ഇനി,MTയുടെതാടിരോമങ്ങൾക്കിടയിലാണോ നാടകം ഒളിഞ്ഞിരിക്കുന്നത് ? .
ഞാനുമൊന്ന് തടവി നോക്കി സ്വന്തംതാടി???? -പക്ഷെ ... ഫലം നിരാശ ????????മീശ പോലും മുളക്കാത്ത എനിക്കെവിടെ താടി,
സാരമില്ല വലുതായാൽ എനിക്കും വളർത്തണം താടി.
കാരണം നാടകം ഒളിഞ്ഞിരിക്കുന്നത് "താടിയിലാണല്ലോ ? "
വീട്ടിൽ അമ്മമ്മ (കെ.യു.ദേവിയമ്മ. ഇന്ന് ജീവിച്ചിരിപ്പില്ല) പുരാണ കഥകൾ ആവശ്യത്തിലെറേ പറഞ്ഞു തരുമായിരുന്നു.
സ്കൂളിൽ നിന്നും ചന്ദ്രൻ മാഷ് പാഠം പറഞ്ഞു തരുന്നതിനേക്കാൾ, ശ്രദ്ധയോടെ, _ കൗതുകത്തോടെ, _ ഞാനത് കേട്ടിരിക്കും.
സ്ക്കൂളിനേക്കാൾ വ്യത്യസ്തമാണ് - ഇവിടം -
കാരണം :-
വെറുതെ കേട്ടിരുന്നാൽ മതി മാത്രം മതി ചോദ്യങ്ങളൊന്നുമുണ്ടാകില്ല -
മാത്രമല്ല,,
അതിലുമുണ്ട് ഒരു നാടകീയത -
( ഛെ .....നാടകമെ
ന്തെന്നറിയാത്ത ഞാനെങ്ങിനെയാ -, നാടകീയതയെക്കുറിച്ച് ചിന്തിക്കുന്നത്-) എങ്കിലും
"വാക്കിൻ്റെ ഭംഗിക്ക് " വേണ്ടി ഇത് ഇവിടെയിരിക്കട്ടെ)
ഒരു മനുഷ്യൻ നിത്യജീവിതത്തിൽ തന്നോടു തന്നെ സ്വയം ചോദിക്കേണ്ടേയിരിക്കേണ്ട ഒന്നാണ്
"ചോദ്യങ്ങൾ "
എന്ന തിരിച്ചറിവ് അന്നില്ലാതെ പോയി.
അങ്ങിനെ സ്കൂളും - ചന്ദ്രൻ മാഷും - എൻ്റെറ ശത്രുക്കളും ,
നാടകവും പുരാണവും - എന്റെ മിത്രങ്ങളുമായ കാലം!!!
അന്ന് പുരണത്തിലെ എന്റെ അറിവ് കണ്ടാൽ എനിക്കു തന്നെ തോന്നും, എന്നെ പെററിട്ടത് പുരാണത്തിലാണെന്ന്..
ഓരോരോ ചിന്തകളെ...
ഇതിനിടയ്ക്ക് - തെക്കെ ചായ്പ് "തറ" യാക്കി - എളേമ്മയുടെ സാരി
"മറ" യാക്കി,, വീട്ടുകാരെ
"പ്രേക്ഷക"രാക്കി - എൻ്റെ "ഒറ്റയാൾ നാടകം അഥവാ -ഏകാഭിനയം "
മുറക്ക് നടക്കുന്നുണ്ട്
വീട്ടുകാർ എന്നേ വെറുതെ .....
വെറും വെറുതെ.......
അഭിനന്ദിച്ചു കൊണ്ടെയിരിക്കും.
അമ്മയും ഇളയമ്മമാരും അമ്മമ്മയും - അമ്മമ്മയുടെ അമ്മയും - ഇവരാണ് എൻ്റെ സ്ഥിരം പ്രേക്ഷകർ
(സ്ത്രീകൾ മാത്രം, പുരുഷൻമാരുടെ അടുത്ത് ഈ അടവ് നടക്കില്ല )
എന്നാൽ ,ഇവരുടെ അനാവശ്യമായ അഭിനന്ദനങ്ങൾ
എന്നിലെ " അഹം " എന്ന ഭാവത്തിലെ
"അ" മൊല്ലെ തലപൊക്കി തുടങ്ങി യോ..യോ .......?
എന്ന് തോന്നാതിരുന്നില്ല.
അതെ.
ഒരാൾ അറിയാതെ, അയാളിൽ വന്ന് ചേരുന്ന - ഭാവത്തിൻ്റെ പേരാണത്രെ
"അഹംഭാവം".!!!
ഏതൊരു വ്യക്തിയെയും - കലാകാരനെയും - മനുഷ്യനെയും, നാശത്തിലേക്ക് നയിക്കുന്നതും, ഈ ചെകുത്താൻ ഭാവമാണത്രെ.
വ്യത്യസ്ത ഭാവങ്ങളിലൂടെ നവരസങ്ങൾ പിറന്നപ്പോഴും -
ഈ "ഭാവത്തെ
ഏഴയൽപക്കത്ത് പോലും അടുപ്പിച്ചില്ല എന്നത് സത്യം.
അവിടെയാണ് -
കല - ദൈവീക മാകുന്നതും - കലാകാരൻ - ദൈവത്തിൻ്റെ വര ദാനമാകുന്നതും.
ഒരു കലാകാരൻ്റെ ഏറ്റവും വലിയ സമ്പത്തും, - അധികാരവും,
അരങ്ങിൽ ഈ ഭാവത്തെ നടിക്കുകയും -
ജീവിതത്തിൽ നിന്നും "അഹംഭാവത്തെ " അകറ്റുകയും ചെയ്യുക എന്നതാണ്
ചെറിയ വായയിലെ,വലിയ വാക്കുകൾ.......
ചെറിയപ്രായത്തിലെ വലിയ ചിന്തകൾ......
തുടരാം അല്ലെ ?
സ്നേഹവിശ്വാസങ്ങളോടെ..
[ തുടരും]
പയ്യന്നൂർമുരളി