ചിത്രകലാ അധ്യാപകന്റെ ആത്മഹത്യ. നിയമ നടപടി ആവശ്യപ്പെട്ട് കലാപ്രവർത്തകരുടെ ഫേസ്ബുക്ക് കാമ്പെയിൻ
സാംസ്കാരിക ലേഖകൻ
മലപ്പുറം ജില്ലയിലെ വേങ്ങര വലിയോറയിലെ അദ്ധ്യാപകനും, ചിത്രകാരനും, ശില്പിയും, സിനിമാ കലാസംവിധായകനുമായ സുരേഷ് ചാലിയത്തിനെ 13-8-2021 ന് അദ്ദേഹം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഇരുപതോളം വരുന്ന ഗുണ്ടകൾ അമ്മയുടെയും മക്കളുടെയും മുമ്പിൽ വെച്ച് അസഭ്യം പറയുകയും മർദ്ദിച്ചവശനാക്കി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി അതിൽ വെച്ചും മർദിക്കുകയും ഫോൺ തട്ടിപ്പറിച്ചു കൊണ്ടുപോവുകയും ചെയ്തിരുന്നു .
അഭിമാനക്ഷതത്താലും ഇതിൽ മനംനൊന്തും സുരേഷ് ചാലിയത്ത് അന്നു രാത്രി ഒരു തുണ്ട് കയറിൽ ജീവനൊടുക്കിയ വാർത്തയാണ് അറിയാൻ കഴിഞ്ഞത്. വലിയ ഭാവിയുള്ള ഒരു കലാകാരനാണ് വളരെ ചെറുപ്പത്തിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിൻ്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്.
ഇതൊരു കരുതിക്കൂട്ടിയുള്ള കൊലപാതകമാണ്. ഇതിനു കാരണക്കാരായവരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റു ചെയ്ത് തുടർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. സദാചാര ഗുണ്ടായിസത്തിനെ ഫലപ്രദമായി നേരിടാത്തതുകൊണ്ടാണ് ഇതുപോലെ യുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത്.
ഇനി ഒരാളും സദാചാര പോലീസിൻ്റെ ആക്രമണത്തിന് വിധേയരായിക്കൂടാ.
പരമാവധി സുഹൃത്തുക്കൾ പേരെഴുതി ഷെയർ ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.