നടനും നാടക പ്രവർത്തകനുമായ വിക്രമൻ നായർ അന്തരിച്ചു.
- വാർത്ത - ലേഖനം
കോഴിക്കോട്: നടനും നാടക പ്രവർത്തകനുമായ വിക്രമൻ നായർ അന്തരിച്ചു. 77 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആറരപ്പതിറ്റാണ്ടുനീണ്ട നാടകജീവിതത്തിനൊപ്പം സിനിമ, സീരിയൽ രംഗങ്ങളിലും വിക്രമൻ നായർ തിളങ്ങി. പതിനായിരത്തിലധികം വേദികളിൽ നാടകം അവതരിപ്പിച്ച അദ്ദേഹം 53 പ്രൊഫഷണൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഗ്രഹാരം, ബൊമ്മക്കൊലു, അമ്പലക്കാള തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. മരക്കാർ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
മണ്ണാർക്കാട് പൊറ്റശ്ശേരിയിൽ പരേതരായ വേലായുധൻ നായരുടെയും വെള്ളക്കാംപാടി ജാനകിയുടെയും മകനാണ്. ഭാര്യ: ലക്ഷ്മിദേവി. മക്കൾ: ദുർഗാ സുജിത്ത്, ഡോ. സരസ്വതി ശ്രീനാഥ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക്.