അബുദാബി ശക്തി അവാർഡിന് 31 വരെ അപേക്ഷിക്കാം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തിരുവനന്തപുരം: 2022ലെ അബുദാബി ശക്തി അവാർഡിനുള്ള കൃതികൾ ക്ഷണിച്ചു. 2019 ജനുവരി ഒന്നു മുതൽ 2021 ഡിസംബർ 31 വരെ കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്.
വിവർത്തനമോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാന സാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനീയം തുടങ്ങിയവ) എന്നീ സാഹിത്യവിഭാഗത്തിൽപ്പെടുന്ന കൃതികൾക്കാണ് അവാർഡ് നൽകുന്നത്. സാഹിത്യനിരൂപണ കൃതിക്ക് ശക്തി തായാട്ട് അവാർഡും ഇതര സാഹിത്യവിഭാഗം കൃതിക്ക് (ആത്മകഥ, ജീവ ചരിത്രം, സ്മരണ, യാത്രാവിവരണം തുടങ്ങിയവ) ശക്തി- എരുമേലി പരമേശ്വരൻ പിള്ള അവാർഡും നൽകും. 25,000 രൂപയാണ് അവാർഡ് തുക. പ്രശസ്തിപത്രവും ശിൽപ്പവും നൽകും.
2017 മുതൽ 2021 വരെ ഈ അവാർഡ് ലഭിച്ചവരുടെ കൃതികൾ പരിഗണിക്കുന്നതല്ല.
കൃതികളുടെ മൂന്ന് കോപ്പി വീതം കൺവീനർ, അബുദാബി ശക്തി അവാർഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷൻ, തിരുവനന്തപുരം 695001 വിലാസത്തിൽ 31നകം കിട്ടത്തക്കവിധം അയക്കണം.