"അൽ അഖിറ"; പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം. ഒൻപതാം ദിവസം.
- ഒപ്പീനിയന്‍
ആൽബർട്ട് ആന്റണി
ദക്ഷിണ ഫ്രാൻസിലെ ആൾസിലുള്ള നമ്പർ- 2 പ്ലെയ്സലാ മാർട്ടിൻ എന്ന് പേരായ ഇളം മഞ്ഞ ചുവരുകളുള്ള ആ മഞ്ഞ വീടിൻ്റെ മഞ്ഞ വാതിലിൻ്റെ മുറ്റത്തെ സൂര്യകാന്തിപ്പൂക്കളും.. ആകാശത്ത് നിറയെ മഞ്ഞ നക്ഷത്ര തിളക്കങ്ങളും നിറഞ്ഞ വിൻസൻ്റ് വാൻഗോഗിൻ്റെ സ്വപ്ന പറുദീസയിൽ നിന്നും പ്രണയവും, വിരഹവും, കലഹങ്ങളും, വെടിയൊച്ചയും ഒത്തുചേർന്ന് ക്യാൻവാസിൽ പകർത്തിയ ഒരു മനോഹര ചിത്രമായിരുന്നു ഇന്നലെ ബഹറിൻ കേരളീയ സമാജത്തിൽ ഹരീഷ് മേനോൻ്റെ സംവിധാനത്തിൽ അരങ്ങിലെത്തിയ അൽ അഖിറ (Al Akhirah) എന്ന നാടകം.
എന്ത് പറഞ്ഞാണ് അഭിനന്ദിക്കുക എന്നറീല.. അഭിനയിച്ചവരൊക്കെ സത്യത്തിൽ ജീവിക്കയായിരുന്നു. ഫിറോസ് തിരുവത്രയുടെ ചിന്തയിലെ കഥാപാത്രങ്ങളൊക്കെ ഒത്ത് ചേർന്നതോടെ രാംഗാവതരണം ഗംഭീരമായി.
"കൊടും പട്ടിണിയിലും വിശപ്പ് സഹിക്കാൻ വയ്യാതെ.., ആത്മാഭിമാനം പണയം വക്കാതെ മഞ്ഞ വീടിൻ്റെ മേലത്തെ ബാൽക്കണിയിൽ അലക്കിയ തുണി വിരിച്ചിടുന്ന സ്ത്രീയോട് വിൻസൻ്റ് വാൻഗോഗ് ചോദിക്കുന്നുണ്ട് "ഹേയ് സ്ത്രീയെ നിൻ്റെ കയ്യിൽ സൂചിയുണ്ടോ? എൻ്റെ ചെരുപ്പിൻ്റെ വാറ് പൊട്ടി അത് തുന്നാനാണ്.. അവരുടെ മറുപടി, വിൻസൻ്റ് സുചിയുണ്ട് പക്ഷേങ്കില് ഇത് ഞാനെങ്ങനെ താഴെക്കിടും.?
ഇന്നലത്തെ ബ്രഡ് അടുക്കളയിൽ ബാക്കിയുണ്ടങ്കിൽ അതിൽ കുത്തി താഴെക്കിടു... എന്ന് ചെറിയ മന്ദഹാസത്തിൽ പറഞ്ഞ പട്ടിണിക്കാരനായ "വട്ടൻ" ചിത്രകാരനെ ഇത്രക്ക് ചായം ചാലിച്ചു വരച്ചു കാട്ടാൻ ഹരീഷെ നിനക്കല്ലാതെ മറ്റാർക്കാ പറ്റുക. അഭിനന്ദനങ്ങൾ.
വിൻസൻ്റായി അരങ്ങിൽ നിറഞ്ഞാടിയ വിജു കൃഷ്ണൻ, ചിത്രകാരൻ്റെ വിരലുകളിലെ ലാളിത്യം ക്യാൻവാസിൽ മാത്രമല്ല അഭിനയത്തിലും ഭദ്രമെന്ന് പറയാതെ പറയുകയായിരിന്നു. സാൾവദോർ ദാലിയായി ബിനു വേലിയിലിന്റെ വേഷപ്പകർച്ച ഹൃദ്യമായിരുന്നു. വിർജീനിയായി ശ്രീവിദ്യയും മറ്റെല്ലാകഥാപാത്രങ്ങളും വളരെ ശ്രദ്ദേയമായ അഭിനയം കാഴ്ചവെച്ചു.
അലങ്കോലമായി കിടക്കുന്ന ഒരു ചിത്രകാരൻ്റെ ഇടുങ്ങിയ കൊച്ചു മുറിക്ക്, കാലത്തിൻ്റെ ചക്ര മുരുട്ടി സമയസൂചികയാൽ രംഗപടമൊരുക്കിയ ദിനേശ് മാവൂരിൻ്റെ കൈവിരുതിനു ഒരുമ്മ.
വിഷ്ണുവിൻ്റെയും കൃഷ്ണകുമാറിന്റെയും നിത്യവും കാണുന്ന മുഖത്തിൻ്റെ വെളിച്ചം പോലായിരുന്നു രംഗത്ത് നിറഞ്ഞു തെളിഞ്ഞുവീണ ഓരോ പ്രകാശരേണുവും.
കാലം മങ്ങൽ ഏൽപ്പിക്കാത്ത വാൻഗോഗിന്റെ ചിത്രങ്ങൾ പ്രേക്ഷകമനസ്സിന്റെ ചുവരുകളിൽ തൂക്കിയിടാനും ഉചിതസ്ഥാനം നൽകി അലങ്കരിക്കുവാനും ഈ നാടകത്തിലെ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്.
ഒരിക്കൽ കൂടി നാടക അഭിവാദ്യങ്ങൾ ടീം അൽ അഖിറ.
PC: വി പി നന്ദകുമാർ