ഇപ്റ്റ സംഘടിപ്പിക്കുന്ന ടി എസ് സന്തോഷ് കുമാർ അനുസ്മരണം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ഇന്ത്യൻ പീപ്പിൾസ് തീയ്യേറ്റർ അസ്സോസിയേഷൻ (ഇപ്റ്റ) ദേശീയ കമ്മിറ്റിയംഗവും ദീർഘകാലം ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്ന കേരളത്തിലെ കലാ -സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന നാടക പ്രവർത്തകനും നാടൻപാട്ടുകാരനുമായിരുന്ന ടി. എസ്. സന്തോഷ്‌കുമാർ അന്തരിച്ചിട്ട് 2022 ജൂൺ 6ന് ഒരുവർഷം തികയുകയാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനകീയ കലാപ്രസ്ഥാനങ്ങളോടും, അവിടങ്ങളിലെ രംഗകലാകാരന്മാരോടും അടുപ്പവും,സൗഹൃദവും നിലനിർത്തി പോന്നിരുന്ന സന്തോഷ്കുമാർ അവരോടൊപ്പം ചേർന്ന് ഇപ്റ്റയിലെ കലാകാരൻമാരോടൊപ്പം നിരവധി പരിപാടികൾ കേരളത്തിലും ഇന്ത്യയിലെമ്പാടും അവതരിപ്പിച്ചിട്ടുണ്ട്.
1990 കളിൽ നാട്ടുമ്പുറങ്ങളിൽ യുവജനകൂട്ടായ്മകളുടെയും ഗ്രന്ഥശാലകളുടെയും നേതൃത്വത്തിൽ നടന്നിരുന്ന നാടക പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന സന്തോഷ് കുമാർ അവരെയെല്ലാം കൂട്ടിയിണക്കി ജനകീയ കലാപ്രസ്ഥാനത്തിന്റെ കീഴിൽ അണിനിരത്തി എസ്.എൽ.പുരം കേന്ദ്രമായി ഇപ്റ്റ നാടക പഠനകേന്ദ്രം ആരംഭിക്കുവാൻ മുൻകൈ എടുക്കുകയും തെരുവുനാടകങ്ങളുടെയും, നാടൻ പാട്ടുകളുടെയും പ്രചാരകനായിമാറുകയും, ജനകീയ പങ്കാളിത്തത്തോടെ കുട്ടികളുടെ നാടകക്യാമ്പുകളും അവധിക്കാല നാടക പരിശീലന കളരികളും നാടിന്റെ വിവിധ ഭാഗങ്ങളിൽ വിജയകരമായി നടത്തിപ്പോരുകയും ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളിലെ കുട്ടികളുടെ നാടകസംഘങ്ങളെ ക്ഷണിച്ചുവരുത്തി കഴിഞ്ഞ പതിനഞ്ചുവർഷക്കാലവും മുടങ്ങാതെ കഞ്ഞിക്കുഴി വെളിനിലത്തുള്ള കെ. കെ. നാരായണൻ സ്മാരകത്തിൽ ഇപ്റ്റയുടെ നേതൃത്വത്തിൽ കുട്ടികളുടെ സംസ്ഥാനതല നാടകോത്സവവും കളിക്കൂട്ടവും സംഘടിപ്പിക്കുന്നതിന്റെ മുഖ്യ ശില്പികളിലൊരാൾ ടി.എസ്.സന്തോഷ് കുമാറായിരുന്നു.
ആലപ്പുഴയിലെ തീരദേശഗ്രാമമായ കാട്ടൂർ കേന്ദ്രമാക്കി ടി. എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഇപ്റ്റ നാട്ടരങ്ങ് നാടൻപാട്ടുസംഘം ഇന്ന് കേരളത്തിലെമ്പാടും, ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളിലും, ആറോളം വിദേശരാജ്യങ്ങളിലും വിജയകരമായി പരിപാടികൾ അവതരിപ്പിക്കുകയും, മൺമറഞ്ഞു പോകുമായിരുന്ന നമ്മുടെ നാടിന്റെ പാരമ്പര്യ അനുഷ്‌ഠാന കലകളുടെ തനിമ നിലനിർത്തി പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്തുപോരുന്നു. മുപ്പതോളം കലാകാരന്മാരെ നാട്ടരങ്ങിലൂടെ താരങ്ങളാക്കി മാറ്റി അവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാനും ഗ്രാമീണതൊഴിലാളികളായ അവരുടെയെല്ലാം കുടുംബങ്ങളെ ചേർത്തുനിർത്തുവാനും, അവർക്കുവേണ്ടി ക്ഷേമപദ്ധതികൾ തുടങ്ങുവാനും തന്റെ മികച്ച സംഘടനാ പാടവവും ദീർഘവീക്ഷണവും കൊണ്ട് അതെല്ലാം നിലനിർത്തിപോരുമ്പോളാണ് അദ്ദേഹം കാൻസർ രോഗബാധിതനായി, ആകസ്മികമായി നമ്മളെ വിട്ടുപോകുകയും ചെയ്തത്. അദ്ദേഹത്തിന്റെ ഓർമ്മകൾ തുടിക്കുന്ന ഈ കാലയളവിൽ സന്തോഷ് കുമാറിനെ എക്കാലവും ഓർമ്മിക്കുവാൻ ഉചിതമായ ഒരു പഠന ഗവേഷണ കേന്ദ്രവും സാംസ്‌കാരിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ഒരു സ്മാരകവുമാണ് ഇപ്റ്റ ഉദ്ദേശിക്കുന്നത്.
കഞ്ഞിക്കുഴി വെളിനിലത്തുള്ള ഇപ്റ്റ സെന്ററിൽ ജൂൺ 6 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് ചേരുന്ന ടി. എസ്. സന്തോഷ്‌കുമാർ അനുസ്മരണ സമ്മേളനം ബഹുമാന്യനായ കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ.പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇപ്റ്റ ആലപ്പുഴ ജില്ലാ സെക്രട്ടറി കെ.സജീവൻ സ്വാഗതം പറയും. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ശ്രീ.ടി. വി. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തും. ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിപ്ലവ ഗായിക ശ്രീമതി. പി. കെ. മേദിനി, ശ്രീമതി.ഷേർളി സോമസുന്ദരൻ, ശ്രീ. ജോസഫ് ആന്റണി, ചലച്ചിത്ര നടൻമാരായ ജയൻ ചേർത്തല, അമൽ രാജ്ദേവ് , ഇപ്റ്റ ദേശീയ കമ്മിറ്റിയംഗം ആർ. ജയകുമാർ, ഇപ്റ്റ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ.സി.പി മനേക്ഷ, ശ്രീമതി.ഗീതാ പുഷ്കരൻ, ശ്രീ.പി.എസ്. സന്തോഷ്‌കുമാർ , ഗിരീഷ് അനന്തൻ, സജീവ് കാട്ടൂർ, കെ. നാസർ, വി.പ്രസന്നൻ എന്നിവർ സംബന്ധിക്കും. എം.ഡി. അനിൽകുമാർ നന്ദി പറയും.
പ്രസ്തുത ചടങ്ങിൽ കുട്ടനാടിൻ്റെ പാട്ടമ്മയായ കാവാലം രംഭാമ്മയുടെ സ്മരണയ്ക്കായി ഇപ്റ്റ നാട്ടരങ്ങ് പീപ്പിൾസ് കൾച്ചറൽ സെൻ്റർ ഏർപ്പെടുത്തിയ നാലാമത് "കാവാലം രംഭാമ്മ ഫോക്‌ലോർ പുരസ്കാരം" നാടൻപാട്ടു കലാകാരൻ ശ്രീ.ബുധനൂർ രാജന് മന്ത്രി സമ്മാനിക്കും. പതിനായിരത്തിയൊന്ന് രൂപയും ഇപ്റ്റ ജില്ലാ കമ്മിറ്റിയംഗം ശ്രീകുമാർ അരീപ്പറമ്പ് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരമായ് നൽകുന്നത്. കേരളത്തിലെ നാടൻ പാട്ട് മേഖലയിൽ വ്യക്തിമുദ്ര ചാർത്തിയ പ്രഗൽഭരായ കലാകാരന്മാർക്ക് നൽകിവരുന്ന കാവാലം രംഭാമ്മയുടെ പേരിലുള്ള ഫോക് ലോർ പുരസ്‌കാരം മുൻവർഷങ്ങളിൽ ലഭിച്ചിട്ടുള്ളത് ശ്രീ. രമേശ് കരിന്തലക്കൂട്ടം, പോൾസൺ താന്നിക്കൽ , സുബ്രഹ്മണ്യൻ കക്കാട്ടിരി എന്നിവർക്കാണ്.
കഴിഞ്ഞ ഒരു മാസമായി കഞ്ഞിക്കുഴി കെ.കെ.നാരായണൻ സ്മാരകത്തിൽ ലിറ്റിൽ ഇപ്റ്റ കുട്ടികളുടെ നാടക പരിശീലന ക്യാമ്പിൽ രൂപംകൊണ്ട ഡോ. അയ്യപ്പപണിക്കരുടെ കവിത "റോസിലി" യുടെ നാടകാവിഷ്കാരം അന്നേ ദിവസം രാത്രി അരങ്ങേറും. ജോസഫ് ആന്റണിയാണ് നാടകം സംവിധാനം ചെയ്തത്. 5 വയസ്സു മുതൽ 18 വയസ്സുവരെയുള്ള ഇരുപതോളം കുട്ടികളാണ് നാടകത്തിൽ അഭിനയിക്കുന്നത്.
തുടർന്ന് ഇപ്റ്റ നാട്ടരങ്ങ് നാടൻ പാട്ടുകൾ അവതരിപ്പിക്കും.