'കക്കുകളി'ക്ക് ഐക്യദാർഢ്യം
- ലേഖനം
ചാക്കോ ഡി അന്തിക്കാട്
കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ കേരളം കണ്ട, തലച്ചോറും, നട്ടെല്ലും, ഹൃദയവും, പഞ്ചേന്ദ്രിയങ്ങളുമുള്ള, 'കക്കുകളി' എന്ന മികച്ച നാടകം, കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും അവതരിപ്പിക്കപ്പെടണം.
ശേഷം, വിശ്വാസികളും, അല്ലാത്തവരും, യുക്തിവാദികളും, ചോപ്പ്, മഞ്ഞ, പച്ച, കാവി, വെള്ള, മഴവില്ല് നിറം അനുഭാവികളും, ഒരുമിച്ചുള്ള തുറന്ന സംവാദം നടക്കണം.
അപ്പോൾ ഒരു പ്രശ്നം പൊന്തിവരും?
മതസംഘടനകളിൽ മാത്രമാണോ ഈ ജീർണ്ണത?
എല്ലാ ബ്യൂറോക്രാറ്റിക്ക് സംവിധാനത്തിലും ജീർണ്ണയുണ്ട്!
'കക്കുകളി' നിമിത്തമാക്കി, എല്ലാം ധീരമായി ചർച്ച ചെയ്യപ്പെടട്ടെ. പിന്നെ പ്രത്യേകമായി തിരുസഭയുടെ കാര്യമെടുത്താൽ, യൂറോപ്പിൽ അഞ്ചാം നൂറ്റാണ്ട് മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെ ഇരുണ്ട കാലഘട്ടത്തിൽ (Dark Age) സഭ, മണ്ണപ്പം ചുട്ടു കളിക്കയല്ലായിരുന്നു. ലക്ഷങ്ങളെ ഉന്മൂലനം നടത്തുകയായിരുന്നു!
സത്യം പറഞ്ഞ ഒരു ബ്രൂണോ മാത്രമല്ല ചുട്ടെരിക്കപ്പെട്ടത്. സത്യം പറഞ്ഞ ഗലീലിയോ എത്രവർഷം തടവറയിൽ കിടന്നു! പിന്നീട് 4 നൂറ്റാണ്ടുകൾക്കു ശേഷം, സഭ കുറ്റം സമ്മതിച്ചു! മാപ്പു പറഞ്ഞില്ലേ?
ഇപ്പോഴും ആ പശ്ചാത്താപം സഭ ആവർത്തിക്കേണ്ടി വരും! കാലം മാറിയത് സഭ അറിഞ്ഞില്ലെന്നുണ്ടോ? കാരണം, കൊല്ലപ്പെട്ട സിസ്റ്റർ അഭയമുതൽ, പീഡനങ്ങൾ സഹിക്കാഞ്ഞ്, ആത്മരക്ഷാർത്ഥം, മറ്റൊരു 'സിസ്റ്റർ അഭയ'യാവരുതെന്ന് ദൃഢനിശ്ചയം ചെയ്ത്, സന്യാസവും തിരുവസ്ത്രവും ഉപേക്ഷിച്ച, സിസ്റ്റർ ജെസ്മി വരെയുള്ളവരെ, സഭയ്‌ക്കെതിരെ തുറന്നടിച്ച സിസ്റ്റർ ലൂസി വരെയുള്ളവരെ, മനസ്സിൽ ഓർത്താണ്, 'കക്കുകളി' എന്ന കഥയും (ഫ്രാൻസിസ് നോറോണ), അതിൽനിന്നും ഒരു ശക്തമായ നാടകവും, (അജയകുമാർ-ജോബ് മഠത്തിൽ-നെയ്തൽ നാടകസംഘം-പുന്നപ്ര വയലാർ) ഒരുക്കിയെടുത്തിരിക്കുന്നത്.
കലാമേന്മയിലും, അവതരണത്തിലും, കോറോണയ്ക്ക് ശേഷമുള്ള നാടക വേദിയിലെ ഉയിർത്തെഴുന്നേൽപ്പ് അത്ഭുതകരമായി അടയാളപ്പെടുത്തിയ ഈ നാടകത്തെ പത്തു പതിനഞ്ചു അവതരണങ്ങൾക്ക് ശേഷം ക്രിസ്തീയ സഭ എതിർക്കാൻ തീരുമാനിച്ചെങ്കിൽ, അതിനു പുറകിൽ കൃത്യമായ ഇടതുവിരുദ്ധ ഗൂഢാലോചനയുണ്ട് എന്ന് കരുതണം.
'ക്രിസ്തുവിന്റെ ആറാംതിരുമുറിവ്' അവതരിപ്പിക്കും മുൻപ് എതിർത്തു. അതും ഗൂഢാലോചന? പിന്നീട് നിരോധനം വന്നു. 'കക്കുകളി' നാടകം, ഗൾഫിൽ ഭരത് മുരളി നാടക മത്സരത്തിലും,(സഭ ഭീഷണി മുഴക്കി-'ഡിസ്ക്വാളിഫൈ' ചെയ്തു-അവാർഡ് നിഷേധിച്ചു), തൃശ്ശൂരിന്റെ അന്തർദേശീയ നാടകോത്സവമായ 'ഇറ്റ്ഫോക്കി'ലും, KSNA അടക്കമുള്ള, മറ്റു നാടക ഫെസ്റ്റിവലുകളിലും, അവതരിപ്പിച്ചു കഴിഞ്ഞുള്ള, മനപ്പൂർവ്വമുള്ള എതിർപ്പ്-മറ്റൊരു ഗൂഢാലോചന?. എല്ലാം കാലം തെളിയിക്കും.
1957ലെ EMS മന്ത്രിസഭയെ തകിടം മറിക്കാൻ അമേരിക്കൻ-CIA-ഒത്താശയിൽ നടത്തിയ വിമോചനസമരം ഇന്ന് ആവർത്തിച്ചാൽ, അത് 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ, LDFനു കിട്ടേണ്ട 10ഓളം സീറ്റുകൾ ഇല്ലാതാക്കാം, എന്ന മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം! അല്ലേ?(ഒരർത്ഥത്തിൽ ഒരു സംഘി സ്വപ്നം!)
ഇത് ക്രിസ്തീയ അന്ധവിശ്വാസികളുടെ മാത്രം പ്രശ്നമല്ല, എല്ലാ മതങ്ങളിലെ അന്ധവിശ്വാസികളുടെ ആവലാതിയും അങ്കലാപ്പുമാണ്. സന്ദർഭം ഒത്താൽ, അവർ 'യേശുവിന്റെ', 'ഈശ്വരന്റെ' കാര്യത്തിൽ,
'അള്ളാഹുവിന്റെ' നാമത്തിൽ, ഒന്നിക്കും.
(എത്ര പള്ളികൾ, സംഘികളാൽ, തകർക്കപ്പെട്ടു?-പെട്ടെന്ന് മറക്കും!)
തുടർച്ചയായി പുരോഗമന പ്രസ്ഥാനങ്ങൾക്ക് 'ഇന്റേർണൽ പ്രഷർ' കൊടുക്കാൻ തീരുമാനിക്കുന്നത്, നാലഞ്ചു വർഷങ്ങളായി, കേന്ദ്രത്തിലെ ബി.ജെ.പി. ഗവണ്മെന്റ് അജണ്ടയാണല്ലോ?
അതിന് മാധ്യമങ്ങളെ ഒരുക്കിയെടുത്തു കഴിഞ്ഞു.
ഇപ്പോൾ ക്രിസ്തീയ സഭയിൽനിന്ന് 'കാസ' പോലെയുള്ള സംഘടനയെ ഉയർത്തിക്കൊണ്ടു വരുന്നത്, (ഇതും ഒരു സംഘപരിവാർ അജണ്ടയെന്നാണ് പൊതുവെ പറയപ്പെടുന്നത്?), സഭയ്ക്കുള്ളിലെ പുരോഗമന സ്വഭാവമുള്ളവർ, സമാധാനജീവിതം ആഗ്രഹിക്കുന്നവർ, ലോകസമത്വം, സ്നേഹം സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്നവർ, തിരിച്ചറിയണം.
പണ്ട് സഭയെ ശുദ്ധീകരിക്കാൻ 'പ്രൊട്ടസ്റ്റന്റ് മതം' വന്നതുപോലെ, ഇപ്പോഴും സഭയ്ക്കുള്ളിലെ ക്രൂരതയും, അനീതിയും, സ്ത്രീപീഡനവും, മുതലാളിത്ത ചായ്‌വും തുറന്നു കാണിക്കാൻ, ഈ നാടകം തയ്യാറാവുമ്പോൾ, അത് സഭയെ ഉള്ളിൽനിന്നും വിമർശിക്കാൻ ഭയക്കുന്നവരുടെ 'പുറത്തെ നാവാ'യി കണ്ടാൽ മതി!
അവർ താൽപ്പര്യമെടുത്ത് ഇനിയുള്ള അവതരണങ്ങൾക്ക് ഒരു 'റിബൽ' സപ്പോർട്ട് തന്നാൽ, അതായിരിക്കും, ജറുസലേം ദേവാലയത്തിൽ കള്ളക്കച്ചവടക്കാരെ തുരത്താൻ, ചാട്ടവാറെടുത്ത ക്രിസ്തുവിനു വേണ്ടി ചെയ്യുന്ന ലോകനീതി, കാവ്യനീതി!
ഈ നാടകത്തിൽ ദുരിതങ്ങളിൽനിന്നും ദുരിതങ്ങളിലേയ്ക്ക് പ്രയാണം നടത്തുന്ന പെൺകുട്ടിയോട് (മകൾ നഥാലിയ-മെയ്‌ഫ്‌ളവർ കന്യാസ്ത്രിയാകുമ്പോൾ), മറ്റുള്ളവർ എതിർത്തിട്ടും, ഒരു യുവ കന്യാസ്ത്രി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്, ഏറ്റവും ശരിയായ നിലപാടാണ്!
മഠത്തിൽനിന്നും പുറത്തുകടന്ന സിസ്റ്റർ ജെസ്മിയും, ഫ്രാങ്കോ ബിഷപ്പിന്റെ കൊള്ളരുതായ്മക്കെതിരെ സമരം ചെയ്ത മറ്റു സിസ്റ്റർമാരും ഒറ്റപ്പെട്ട സംഭവമായിരിക്കില്ല എന്നതിന്റെ സൂചന നാടകം മുന്നോട്ട് വെക്കുന്നു.
ഒപ്പം, പള്ളിയുടെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ, പണ്ട് ചെങ്കൊടിയുടെ കീഴിൽ അണിനിരക്കുന്ന മത്സ്യത്തൊഴിലാളികളെയും തുറന്നു കാണിക്കുന്നു.
അത് കേരളത്തിൽ സംഭവിച്ചതല്ലേ?
ഇവിടെ വിമോചന ദൈവശാസ്ത്രം,1980 കളിൽ വേരോടിയത്, സഭ മറന്നിട്ടില്ലല്ലോ?
അവർ ഉയർത്തിയ ചോദ്യങ്ങൾക്ക് 'കക്കുകളി' മൊത്തം ഉത്തരം കൊടുക്കുന്നില്ലെങ്കിലും, സഭയുടെ വിഴുപ്പുകൾ ചുമക്കേണ്ടതില്ല, പകരം കടലിന്റെ വിശാലതയിൽ കൂടുതൽ സ്വാതന്ത്ര്യ ബോധത്തിനു വളരാനാവും എന്ന, അവാസന ബിംബം, ജനങ്ങൾ ഏറ്റെടുത്തത് കണ്ട്, ഒരു മതപണ്ഡിതനും അസൂയപ്പെട്ടിട്ടു കാര്യമില്ല.
അപ്പോൾ ജനങ്ങൾക്കൊപ്പം മന്ത്രിയും, പാർട്ടി സെക്രട്ടറിയും കയ്യടിക്കും, നാടക സംഘത്തെ അനുമോദിക്കും!
ഈ നാടകം, 'കോർപ്പറൈറ്റ് അജണ്ട'യുടെ ഭാഗമായി ഒരുക്കപ്പെടുന്ന അരാഷ്ട്രീയ നാടകക്കാർക്ക് ദഹിക്കില്ല. ഇതിലെ 'ചെങ്കൊടി പ്രയോഗം' കണ്ടപ്പോൾ, പിറ്റേ ദിവസത്തെ 'ഇറ്റ്ഫോക്ക് ഓപ്പൺ ഫോറ'ത്തിൽ, സഹികെട്ട കമന്റ് നടത്തിയ നാടകപ്രേമികളുടെ സപ്പോർട്ട് കിട്ടില്ലായിരിക്കാം.
പക്ഷേ,'നാടിന്നകം നാടകം'-'സമരായുധം നാടകം!'-എന്ന് ആത്മസമർപ്പണം നടത്തുന്ന പതിനായിരങ്ങൾ 'കക്കുകളി'ക്കൊപ്പം അണിനിരക്കും. ഒപ്പം നവോത്ഥാന - പുരോഗമന കേരളവും അണിനിരക്കും! അവർ, മതാന്ധതക്കെതിരെ ലക്ഷം ലക്ഷം ചോദ്യങ്ങൾ ഉയർത്തും!
ഇത് IT യുഗമാണ്. പഴയ പ്രാകൃത വിശ്വാസവും, ഭീഷണിയുംകൊണ്ട് പുറത്തിറങ്ങിയാൽ, സ്വയം അവഹേളിക്കപ്പെടും!
നാടകത്തിൽ നായിക 'നഥാലിയ' ഉയർത്തിയ, നീതിക്ക് വേണ്ടിയുള്ള ശക്തമായ അത്തരം ചോദ്യങ്ങൾ ഉയർത്തുന്നവരുടെ എണ്ണം ഭാവിയിൽ കൂടും എന്നത് ഉറപ്പാണ്. അതിനെ സഭ ഭയപ്പെടുന്നു...
പി. എം. ആന്റണി,1986ൽ, 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' ചെയ്തപ്പോൾ കുഞ്ഞാടുകളെ തെരുവിലിറക്കി, ഹാലിളകിയ സഭ, (വി. പി. സിംഗിന്റെ നേതൃത്വത്തിൽ 'വിദേശ ക്രിസ്ത്യൻ ചാരിറ്റി ഫണ്ട്' ഓഡിറ്റിങ് ഭീഷണി വരും എന്നു കണ്ടുള്ള, ഒരു മുഴം നീട്ടിയെറിഞ്ഞുള്ള, തീക്കളി), അതേ പി. എം. ആന്റണി 'വിശുദ്ധ പാപങ്ങൾ' (ഹിറ്റ്ലറുടെ ജൂതവിരുദ്ധ-കമ്മ്യൂണിസ്റ്റ് വിരുദ്ധ കൂട്ടനരനായാട്ടിൽ -Holocaust-മൗനം പാലിച്ച, സഭയുടെ ക്രിമിനൽ നിശബ്ദതയെ ചോദ്യം ചെയ്യുന്ന അതിശക്തമായ നാടകം) ചെയ്തപ്പോൾ മിണ്ടിയില്ലല്ലൊ?
ആ ചരിത്രം ഇവിടെ വീണ്ടും ആവർത്തിക്കേണ്ടി വരുമൊ?
ഒരു 'കക്കുകളി'യെ തെരുവു പ്രതിഷേധത്തിലൂടെ, നിയമക്കുരുക്കിലൂടെ, നിരോധിക്കാൻ ശ്രമിച്ചാൽ, കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾ നേതൃത്വം കൊടുത്ത്, 'വിശുദ്ധ പാപങ്ങൾ', പരമാവധി നാടക സംഘങ്ങൾ അവതരിപ്പിക്കണം.
അപ്പോൾ ഒരു ചോദ്യം സ്വാഭാവികമായും ഉയരും:
"ഈ ക്രിസ്തീയ സഭയിൽ മാത്രമേ ഈ ജീർണ്ണതയുള്ളൂ?
മറ്റു മതങ്ങളിലും ഇതുപോലെ അഴുക്ക് അടിഞ്ഞു കൂടിയിട്ടില്ലേ?"
തീർച്ചയായും എല്ലാ മതങ്ങളിലും പിന്തിരിപ്പൻ പ്രവണതകളുണ്ട്.
മാനവപുരോഗതിയെ പുറകോട്ട് വലിക്കുന്ന, ശാസ്ത്രവിരുദ്ധമായ അത്തരം പ്രവണതകളെ യുക്തിപൂർവ്വം തുറന്നു കാണിക്കുന്ന മികച്ച നാടകങ്ങൾ-സിനിമകൾ-ഡോക്യൂമെന്ററി ഫിലിമുകൾ, ഇനിയെങ്കിലും സംഭവിക്കണം...
പൊൻകുന്നം വർക്കിയും, പി. ജെ. ആന്റണിയും, തൊപ്പിൽ ഭാസിയും, എൻ. എൻ. പിള്ളയും, എസ്. എൽ. പുരവും, പി. എം. ആന്റണിയും എഴുതിയ എത്രയോ നാടകങ്ങൾ, വിവിധ മതങ്ങളുടെ, ഭരണകൂടത്തിന്റെ, വെല്ലുവിളികൾ മറികടന്ന്, അവതരണങ്ങൾ നടത്തിയിട്ടുണ്ട്.
കേരളത്തിലെ പുരോഗമന പൊതുബോധം, ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്!
അന്നെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒപ്പമുണ്ടായിരുന്നു. ഇന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വർഗ്ഗീയ ഫാസിസ്റ്റ് വിരുദ്ധ അജണ്ടയിൽ 'കക്കുകളി'ക്ക് മുഖ്യസ്ഥാനം ലഭിക്കണം.
നിരോധനങ്ങൾ ഒന്നിനും പരിഹാരമല്ല. അത് ഫാസ്സിസത്തിന്റെ അറവുശാലയെ ന്യായീകരിക്കും!
തുറന്ന സംവാദങ്ങൾ ജനാധിപത്യത്തിന്റെ അളവുകോലായി മാറട്ടെ!
ഞാൻ വീണ്ടും ആവർത്തിക്കുന്നു:
'കക്കുകളി'യും സമാനമായ, ചെറുതും വലുതുമായ, 'റിബൽ' നാടകങ്ങളും, 947 പഞ്ചായത്തുകളിൽ കളിപ്പിക്കപ്പെടണം.
അതിന് ഇവിടുത്തെ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങൾ, പുരോഗമന, കർഷക പ്രസ്ഥാനങ്ങൾ, തൊഴിലാളിവർഗ്ഗ-ബഹുജന പ്രസ്ഥാനങ്ങൾ, സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങൾ, മുൻകൈയ്യെടുക്കണം.
അവതരണങ്ങൾക്ക് ശേഷം വിമർശനം-സ്വയംവിമർശനം നടക്കട്ടെ!
മികച്ച കല തിരിച്ചറിയാൻ കഴിയാത്തവർക്ക് നാളെയുടെ മികച്ച ജീവിതം സമ്മാനിക്കാൻ എങ്ങനെ കഴിയും?
ഇത്രയും സംഭവിച്ചില്ലെങ്കിൽ പിന്നെ, 100 ശതമാനം സാക്ഷരത എന്ന് മേനി പറഞ്ഞിട്ടെന്തു കാര്യം?