ജോൺ പോളിന് സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ജോൺ പോളിനെ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും മൂലമാണ് ജോൺ പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചായിരുന്നു ചികിത്സ. ഇതുവരെ 20 ലക്ഷം രൂപയോളം ചികിത്സയ്ക്കായി വേണ്ടി വന്നു. ഇതോടെ സാമ്പത്തികമായി തകർന്ന കുടുംബത്തെ സഹായിക്കാൻ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ചു. ജോൺ പോൾ ചികിത്സ സഹായ ഫണ്ടിലേക്ക് 9,45,000 രൂപയാണ് ലഭിച്ചത്.
മാക്ടയടക്കമുള്ള സിനിമ സംഘടനകൾ സാമ്പത്തിക സഹായം നൽകിയെങ്കിലും പ്രതിസന്ധി മാറിയില്ല. ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അപേക്ഷ നൽകുകയും ചെയ്തിരുന്നു.