കേരള സംഗീത നാടക അക്കാദമി 30 സീനിയര്‍ കാഥികര്‍ക്ക് 12 ലക്ഷം രൂപ സഹായധനം നല്‍കും
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതിന് കേരള സംഗീത നാടക അക്കാദമി 30 സീനിയര്‍ കാഥികര്‍ക്ക് 12 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് അക്കാദമി വാർത്താക്കുറിപ്പിൽ അറിയിച്ചു. 50 വയസ്സിന് മുകളില്‍ പ്രായമുള്ള കാഥികര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന രേഖയും കുറഞ്ഞത് 15 മിനുട്ട് ദൈര്‍ഘ്യമുള്ള കഥാപ്രസംഗ അവതരണ വീഡിയോയും ഹാജരാകണം.
സിഡിയിലോ, പെന്‍ഡ്രൈവിലോ സേവ് ചെയ്ത അവതരണ വീഡിയോയും അനുബന്ധവിവരങ്ങളും തപാല്‍ മുഖേനയോ, നേരിട്ടോ ജൂലൈ 25 ന് വൈകീട്ട് അഞ്ചിനകം അക്കാദമി ഓഫീസില്‍ ലഭിക്കണം. ഫോണ്‍ നമ്പരും തപാല്‍ വിലാസവും പൂര്‍ണ്ണമായ രേഖകളും ഉള്ള അപേക്ഷകള്‍ മാത്രമേ പരിഗണിക്കുള്ളു. സഹായധനത്തിന് അക്കാദമിയില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ തിരികെ നല്‍കുന്നതല്ല.
അപേക്ഷഫോറം അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന 30 കാഥികര്‍ക്ക് 40,000 രൂപ വീതം സഹായധനം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കാഥികര്‍ക്ക് അവതരണം നടത്തുന്നതിന് കേരളത്തിൻ്റെ വിവിധയിടങ്ങളില്‍ കഥാപ്രസംഗ മഹോത്സവം നടത്തും. കഥാപ്രസംഗ മഹോത്സവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.