2022 കനൽ - വയലാ പുരസ്കാര ജേതാവ് ഡോ. സാംകുട്ടി പട്ടംകരിയെ ഇപ്റ്റ അനുമോദിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കനൽ-വയലാ പുരസ്കാര ജേതാവ് ഡോ. സാംകുട്ടി പട്ടംകരിയെ ഇപ്റ്റ അനുമോദിച്ചു. നാടക രചയിതാവും സംവിധായകനുമായ ഡോ. സാംകുട്ടി പട്ടംകരി സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി പുരസ്കാരങ്ങളും ദേശീയ അന്തർദേശീയ അംഗീകാരങ്ങളും നേടി നാടക പ്രവർത്തനങ്ങളിലൂടെ മലയാള നാടകവേദിയെ ലോക നാടക വേദിയിലേക്ക് എത്തിക്കുന്നതിൽ നിസ്തുലമായ പങ്ക് വഹിച്ചയാളാണ്.
കേരളത്തിന്റെ ഫോക് ലോർ വേദിയിൽ ഡോ.സാംകുട്ടി പട്ടംകരിയുടെ ഗവേഷണങ്ങൾ കേന്ദ്ര ജൂനിയർ ഫെല്ലോഷിപ്പും സീനിയർ ഫെല്ലോഷിപ്പും നേടുന്നതിനും കുട്ടനാടിന്റെ തനത് സാസ്കാരത്തെ പുതിയ തലമുറക്ക് പഠന വിധേയമാക്കുന്നതിനും വളരെയധികം സഹായിച്ചിട്ടുണ്ട്. 1997 മുതൽ എസ്.എൽ.പുരത്തെ ഇപ്റ്റ നാടക പഠന ഗവേഷണ കേന്ദ്രത്തിൽ അ
പരിശീലകനായും 2002 ൽ പാതിരപ്പള്ളി ഇപ്റ്റ വില്ലേജ് തീയ്യേറ്ററിന്റെ നാടകം "പ്രിയപ്പെട്ട ചെ" യുടെ സംവിധായകനായും പ്രവർത്തിച്ചിട്ടുള്ള ഡോ. സാംകുട്ടി പട്ടംകരിക്ക് ഇപ്റ്റയുടെ പ്ലാറ്റിനം ജൂബിലി വർഷമായ 2018 ൽ നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആദരം ഇപ്റ്റ സംസ്ഥാന പ്രസിഡന്റ് പത്മശ്രീ മധു സമർപ്പിക്കുകയുണ്ടായി.
നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്കാരമായ ഇപ്റ്റ നാട്ടരങ്ങിന്റെ പുതിയ പ്രോഗ്രാം "നാട്ടുപാട്ടു കളിയാട്ടം" പുതിയ സീനിക് ഡിസൈനും ലൈറ്റ് ഡിസൈനുമൊരുക്കി കലാസംവിധാനം നിർവ്വഹിക്കുന്നത് ഡോ. സാംകുട്ടി പട്ടംകരിയാണ്.
കഞ്ഞിക്കുഴി കെ.കെ.നാരായണൻ സ്മാരകത്തിൽ ഇപ്റ്റ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ
ഇപ്റ്റ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും ഇപ്റ്റ ജാർഖണ്ഡ് ദേശീയ യൂത്ത് ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി തിരിച്ചു വന്ന ഇപ്റ്റ ടീമംഗങ്ങൾക്ക് സ്വീകരണവും നൽകി.
ഇപ്റ്റ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശ്രീ. സി.പി. മനേക്ഷാ അദ്ധ്യക്ഷനായ സമ്മേളനം ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാർഖണ്ഡ് ക്യാമ്പംഗങ്ങൾക്കുള്ള പുരസ്കാരം ഇപ്റ്റ ദേശീയ കമ്മിറ്റിയംഗവും ചലച്ചിത്ര സംവിധായകനുമായ ആർ.ജയകുമാർ നിർവ്വഹിച്ചു. ജാർഖണ്ഡ് ദേശീയ ക്യാമ്പിലെ ചിത്ര പ്രദർശനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രം വരച്ച മാസ്റ്റർ അനന്തുവിനെ ചടങ്ങിൽ അനുമോദിച്ചു. ഇപ്റ്റ ആലപ്പുഴ ജില്ലാ സെക്രട്ടറി കെ. സജീവൻ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ ക്യാമ്പംഗങ്ങളായ സജു KPAC, രാജീവ് തിരൂർ, ശ്രീഹരി, രാഹുൽ, നിരഞ്ജൻ, നിഖിൽ, ഇപ്റ്റ ജില്ലാ കമ്മിറ്റിയംഗം സുരേഷ് കണ്ടനാട്, നാട്ടരങ്ങ് പ്രസിഡന്റ് ഗിരീഷ് അനന്തൻ, സെക്രട്ടറി സജീവ് കാട്ടൂർ, വി.പ്രസന്നൻ, കെ. നാസർ, സജേഷ് തമ്പുരാൻ, സുമൻ ചേർത്തല തുടങ്ങിയവരും നാട്ടരങ്ങ് കലാകാരൻമാരും പങ്കെടുത്തു. . രണ്ടു ദിവസമായി കഞ്ഞിക്കുഴിയിൽ നടക്കുന്ന ഇപ്റ്റ നാട്ടരങ്ങിന്റെ പരിശീലന ക്യാമ്പ് തികളാഴ്ച സമാപിക്കും.നാട്ടരങ്ങിലെ കലാകാരൻമാർക്കുള്ള ഇപ്റ്റ മെമ്പർഷിപ്പ് ക്യാമ്പിൽ വിതരണം ചെയ്തു.