ഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരം അസീം താന്നിമൂടിന്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ഉള്ളൂർ സ്മാരക സാഹിത്യ പുരസ്കാരം അസീം താന്നിമൂടിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ`മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന കാവ്യ സമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്.
പതിനയ്യായിരം രൂപയും ചിത്രകാരൻ കാരയ്ക്കമണ്ഡപം വിജയകുമാർ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
പ്രൊഫ.എ ജി ഒലീന, ഡോ.എം എ സിദ്ദിഖ്, വി എസ് ബിന്ദു എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. ആവർത്തിച്ചു വായിക്കാൻ പ്രേരിപ്പിക്കുന്ന ധ്വനിസാന്ദ്രമായ കവിതകളാണ് അസീം താന്നിമൂടിന്റേതെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.
മഹാകവി ഉള്ളൂരിന്റെ പേരിൽ ഉള്ളൂർ സർവീസ് സഹകരണ ബാങ്കാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ആഗസ്റ്റ് മാസത്തിൽ തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
അസീം താന്നിമൂടിന്റെ രണ്ടാമത്തെ കാവ്യ സമാഹാരമാണ് മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്. 2001 ലെ മൂലൂർ സ്മാരക അവാർഡ്, 2002 ലെ അബുദാബി ശക്തി പുരസ്കാരം, ഡോ.നെല്ലിക്കൽ മുരളീധരൻ സ്മാരക പുരസ്കാരം, പൂർണ്ണ - ആർ രാമചന്ദ്രൻ പുരസ്കാരം എന്നിവയും ഈ കൃതി നേടിയിരുന്നു. കവിയും പത്ര പ്രവർത്തകനുമായ അസീം താന്നിമൂട് നെടുമങ്ങാട് സ്വദേശിയാണ്.