ഇതിഹാസം; ദമ്മാം നാടകവേദിയുടെ പുതിയ നാടകം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
'ശിഖണ്ഡിനി', 'അവനവൻ തുരുത്ത്', 'ഇരയും വേട്ടക്കാരനും', 'കടുവ', 'വേഷം' തുടങ്ങി അഞ്ചോളം ഹിറ്റ് നാടകങ്ങൾ സൗദിയുടെ മണ്ണിൽ ഒരുക്കി വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ള ദമ്മാം കേന്ദ്രമായി കഴിഞ്ഞ എട്ടു വര്ഷങ്ങളായി പ്രവർത്തിച്ചു വരുന്ന പ്രവാസി നാടക കൂട്ടായ്മയായ ദമ്മാം നാടകവേദി, അവരുടെ ആറാമത്തെ നാടകം പ്രഖ്യാപിച്ചു, 'ഇതിഹാസം'. ശ്രീ. അശോക് ശശികുമാർ എഴുതി, ശ്രീ. ബിജു പി. നീലീശ്വരം സംവിധാനം ചെയ്യുന്ന ഈ നാടകം കഴിഞ്ഞ രണ്ട് വർഷങ്ങളിലായി തിരുവനന്തപുരം സൗപർണ്ണിക തീയേറ്റേഴ്സ് നാട്ടിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന നാടകമാണ്. മഹാനായ കവിയും നാടകക്കാരനും ആയ വില്യം ഷേക്സ്പിയറുടെ ജീവിതം പറയുന്ന ഈ നാടകം അവതരിപ്പിക്കുന്നത് ത്രസ്റ്റ് / എലിസബേത്യൻ സ്റ്റേജ് രീതിയിൽ ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ലണ്ടനിൽ പ്രവർത്തിക്കുന്ന ഗ്ലോബ് തിയേറ്റർ സ്റ്റേജ് സങ്കേതം ആണ് ഈ നാടകത്തിന്റെ അവതരണ ശൈലി. കേരളത്തിൽ എട്ടോളം കേരള സ്റ്റേറ്റ് അവാർഡുകളും മറ്റു നിരവധി അംഗീകാരങ്ങളും നേടിയ ഈ നാടകം കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും അധികം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നാടകങ്ങളിൽ ഒന്നാണ്. സൗദിയുടെ മണ്ണിലേക്ക് ഈ നാടകം എത്തുമ്പോൾ പ്രൊഫെഷണൽ സാങ്കേതികതികവിന്റ കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറാവാത്ത ദമ്മാം നാടകവേദിയുടെ കഴിഞ്ഞ അഞ്ചു നാടകങ്ങൾ സംവിധാനം ചെയ്ത നാടക രചയിതാവും നാടക വേദി ഡയറക്ടർ കൂടിയായ ശ്രീ. ബിജു പി. നീലീശ്വരം തന്നെയാണ് സംവിധാനം ഒരുക്കുന്നത്. കൂടെ നിന്ന് സഹകരിക്കാൻ ഒരു കൂട്ടം പ്രവാസി കലാകാരന്മാരും ഒപ്പമുണ്ട്. 22 ൽ പരം ആർട്ടിസ്റ്റുകളും അതിലേറെ സാങ്കേതിക പ്രവർത്തകരും അണി നിരക്കുന്ന ഈ നാടകം പ്രവാസികൾ ഇന്നേ വരെ കാണാത്ത ഒരു നാടക അനുഭവം ഏവർക്കും സമ്മാനിക്കുമെന്ന് സംഘടകർ അറിയിച്ചു. അടുത്ത ഡിസംബർ മാസം സൗദിയുടെ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഈ നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പ് ഈ വരുന്ന ഓഗസ്റ്റ് മാസം അവസാനം ആരംഭിക്കും. അതിന് മുന്നോടിയായി കാസ്റ്റിംഗ് കോൾ നടത്തപ്പെടുമെന്നും ഭാരവാഹികൾ അറിയിക്കുകയുണ്ടായി. ഇത് വരെ ദമ്മാമിൽ അവതരിപ്പിച്ചിട്ടുള്ള നാടകങ്ങൾ പ്രൊസീനിയം സ്റ്റേജ് രീതിയിൽ ആയിരുന്നു. ഇത്തരമൊരു നാടകം പ്രവാസികൾക്ക് ഒരു പുതുമയും നല്ലൊരു അനുഭവവും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.