എന്തു വിളിക്കണം?
- കവിത
ചാക്കോ ഡി അന്തിക്കാട്
ജനകീയ നാടകം ചെയ്ത്
വലഞ്ഞവനൊപ്പം നടന്ന്,
വിശപ്പിനാൽ, ദാഹത്താൽ,
വർഗ്ഗീയ ശക്തിയാ
ലാക്രമിക്കപ്പെട്ട്, തളർന്നു വീണ,
'നാടക'മെന്ന അനാഥക്കുഞ്ഞിനൊരു
കവിൾ വെള്ളം കൊടുത്തപ്പോളത്
'നിയമവിരുദ്ധ'മായി കുത്തിയ
'കിണറി'ൽനിന്നെന്ന്, വാചാലമായി,
ക്രൂരനിയമം, FB യിലൂടെ
പഠിപ്പിക്കുന്നവരെ
യെന്തു വിളിക്കണം?
പട്ടിണിമൂലം വട്ടംകറങ്ങി
തെണ്ടുന്നവന്, ഒരുപിടിയരി
പരസഹായം കൊടുത്തവന്റെ
കുലമഹിമ നോക്കി,
തൊലിനിറം നോക്കി,
പുച്ഛിക്കണോ...
പുലയാട്ട് വിളിക്കണോ...
എന്നു ചിന്തിക്കുന്നവരെ
യെന്തു വിളിക്കണം?
സദ്യയ്ക്ക് ക്ഷണിച്ചിലയിട്ട ശേഷം,
അച്ഛന്റെ പേരിൽ 'കോരൻ'
എന്ന ദളിത് നാമം കണ്ടെത്തിയപ്പോൾ, ആമാശയത്തിലെ
തലേന്നത്തെയത്താഴം
അനധികൃത നിർമ്മിതിയാകയാൽ,
'പ്രാതൽ ജൈവാഹാരം'
വിളമ്പാൻ കഴിയില്ലാ
യെന്നു പറഞ്ഞ്, അതിഥിയെ
പടിക്ക് പുറത്താക്കുന്ന
നീതിബോധത്തെ
യെന്തു പേരു വിളിക്കണം?
അപ്പോൾ, രണ്ടു ഭക്ത
രൊപ്പം മുഴുകീ...
പ്രാർത്ഥനയിൽ...
അഞ്ഞൂറിന്റെ കൂടെ
നൂറുരൂപ കൂടിയായാൽ,
ആസ്തമ മരുന്നിനുള്ള
തുക തികയുമല്ലോ...
യീശ്വരാ... യെന്നു,
ശ്വാസംമുട്ടി
വിലപിച്ചവനും,
അഞ്ഞൂറുരൂപ
വീണു കിട്ടിയാൽ
ഫുൾ റം സ്വന്തമല്ലോ
ഭഗവാനെയെന്ന്...
കേണവനും
അമ്പലമുറ്റത്തെത്തിയപ്പോൾ,
ആസ്തമ രോഗിയുടെ
മടിയിലെ
അഞ്ഞൂറു രൂപ
മടിക്കുത്തിൽനിന്നും
വീണത്, പുറകെ വരുന്ന
മദ്യപൻ കുനിഞ്ഞെടുത്ത്,
അമ്പലം നോക്കി
തൊഴുതപ്പോൾ,
മുഴങ്ങിയ ആചാര
വെടിശബ്ദം
കേട്ട്, "ദൈവം
ആരുടെ പക്ഷം?"-
എന്നൊരു യുക്തിവാദി
ചോദിച്ചാൽ... അതിനെ
എന്തു പേരിട്ടു വിളിക്കണം?
"ആസ്തമ രോഗിയുടെ
ഗോത്രഭാഷയിലുള്ള തെറികൾക്ക്,
നിങ്ങടെ
സവർണ്ണ-അടിമ ദൈവങ്ങൾ
മാപ്പു കൊടുക്കുമോ?"-
എന്ന് ഒരു 'ചുവപ്പൻ'
നിരീശ്വരവാദി
പല്ലു ഞെരിച്ചാൽ,
അതിനെയേത്
മൂല്യസംഹിതയാൽ,
പേരിട്ടു വിളിക്കും...
സാക്ഷരകേരളമേ...?
അതേ മദ്യപാനി വണ്ടിയിടിച്ചു
തെരുവിൽ പിടഞ്ഞു വീണപ്പോൾ,
റോഡരികിൽ തെറിച്ചു വീണ
അറുന്നൂറു രൂപ
സ്വന്തമാക്കിയ രോഗിയുടെ
.ദൈവവിളിയെ
ഏതു 'ഭക്തി വ്യാകരണ'
ഓമനപ്പേരിട്ടു വിളിക്കണം...
വിപ്ലവ-പ്രതിവിപ്ലവ
ബോധമേ...?
കറുത്ത കുഞ്ഞുങ്ങളെ
തെറി വിളിക്കുന്നവർ,
വെളുത്ത കുഞ്ഞുങ്ങളെ
ഉമ്മവെയ്ക്കുന്നത് നോക്കി,
കാക്കയും കൊക്കും
ഒപ്പം കരഞ്ഞാൽ,
ആ 'അപൂർവ്വ പ്രതിഭാസ'ത്തെ
എന്ത് പേരിട്ടു വിളിക്കണം?