അവാർഡ് തുക പാവപ്പെട്ട കലാകാരനു വീട് വച്ചു നൽകുന്നതിന് സംഭാവന നൽകി സൂര്യ കൃഷ്ണ മൂർത്തി.
- വാർത്ത - ലേഖനം
ബഹ്‌റൈൻ : ബഹ്‌റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ വിശ്വകലാരത്ന പുരസ്‌കാരം ഏറ്റുവാങ്ങി നടത്തിയ മറുപടി പ്രസംഗത്തിൽ ഈ പുരസ്കാരം എല്ലാ സൂര്യ കുടുംബാംഗങ്ങൾക്കും കലാകാരന്മാർക്കും സമർപ്പിക്കുന്നതായും അവാർഡ് തുക പാവപ്പെട്ട ഒരു കലാകാരന് വീടുവച്ചു നൽകുന്നതിലേക്കായി സമാജം ഭരണ സമിതിക്ക് കൈമാറുന്നതായും ശ്രീ. സൂര്യ കൃഷ്ണ മൂർത്തി അറിയിച്ചു.
അഞ്ചുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ബി കെ എസ് വിശ്വകലാ രത്ന പുരസ്‌കാരം. വേദിയിൽ സന്നിഹിതനായിരുന്ന വ്യവസായ പ്രമുഖൻ ശ്രീ. എം.എ യൂസഫ് അലി രണ്ടുലക്ഷം രൂപകൂടി ഈ ഭവന നിർമാണത്തിനു സംഭാവന നൽകി.
ഇതിനോടകം വിവിധ ജില്ലകളിൽ പൂർത്തിയാക്കി നൽകി കഴിഞ്ഞ 28 സമാജം ഭവനങ്ങൾക്കൊപ്പം ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷ്ണ മൂർത്തി നിർദ്ദേശിക്കുന്ന നിർധനനായ ഒരു കലാകാരന് ഈ തുക വിനിയോഗിച്ച് വീടുവെച്ചു നൽകുന്നതാണെന്നു സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള വേദിയിൽ പ്രഖ്യാപിച്ചു.