ആർദ്രം
- കവിത
അമീന ഹനി
നീറുന്ന ഹൃദയത്തിനാർദ്ര
പ്രതലത്തിലുറവെയെടുത്ത
തെളിനീരരുവി
മിഴികളിലെത്തി
വഴിതേടി
ഓർമകളൂറ്റിവറ്റിച്ച
ലവണം കലർന്ന്
കവിളിണ
തഴുകിയൊലിക്കുമ്പോൾ,
തടയണതീർക്കുന്നതെന്തിന്.
കരയുവാനെങ്കിലും
അനുവദിക്കുക
അല്ലങ്കിൽ
ഉരുകി തീരുന്നതാണ് ഉചിതം
വേവുന്ന നോവിൽ
ആവിയായ് പൊങ്ങുന്ന
കവിത കൊയ്താൽ,
ഉള്ളുരുക്കങ്ങളത്രയും
പൊള്ളു കലർത്താതെ
പകർത്തി വെച്ചാൽ
ഭാവനപ്പട്ടം ചാർത്തിടാതെ
എഴുതുവാനെങ്കിലും
അനുവദിക്കൂ
അല്ലങ്കിൽ
വഴുതി വീഴും
ചിതയിലേക്ക് ....
കൈവഴിയായ് വന്ന
കണ്ണീരും കവിതയും
ഇഴുകിയൊഴുകുന്ന
ചുഴിയാണ് ചുറ്റിലും
വഴിയേറെ ദുർഘടം
ഗതിമാറി ഒഴുകുവാൻ
കൊതിയേറെയുണ്ടെങ്കിലും
പ്രണയവും പ്രളയവും
കാത്തിരിക്കുന്നു
കര കവിയാൻ
ഒരുക്കമല്ലാതെ
ആരോ
വരച്ചിട്ടൊരതിരുകൾക്കിട
യിലൂടൊഴുകുകയാണാഴിയെ തേടി
കലങ്ങി പ്രതിഷേധിച്ചും
കുലുങ്ങി ആർമാദിച്ചും
കടലിലടിയുക തന്നെചെയ്യും
ആഴി തൻ ആഴത്തിലിരുളിലും
തിളങ്ങുന്ന മുത്തുകൾ പവിഴങ്ങളാവാൻ....