ചരിത്രത്തിലേക്കൊരു വില്ലുവണ്ടി വർത്തമാനത്തിലേക്ക്
എ. സെബാസ്റ്റ്യൻ
വഴി നടക്കാനും അക്ഷരം പഠിക്കാനും പണിമുടക്കി സമരം ചെയ്ത് വിജയം വരിച്ച അയ്യൻകാളിയുടെ ജീവിതത്തിന്റെ നാടകാവിഷ്ക്കാരത്തിന് ഏ ആർ രതീശൻ സ്ത്രീകളെ മാത്രം അരങ്ങിലെത്തിച്ചപ്പോൾ അതൊരു പുതിയ കാഴ്ചയായി. വഴി നടക്കാനോ സംസാരിക്കാനോ സാധ്യമല്ലാത്ത കാലത്ത് മർദ്ദിതരുടെ കൂടെ നിന്ന് സമരം നയിച്ച അയ്യൻകാളിയുടെ ജീവിതം പുതുതലമുറയ്ക്ക് അനുഭവമായിത്തീ രുന്നിടത്താണ് നാടകം ജീവിക്കുന്നത്. കല്ല് മാല ഊരിയെറിഞ്ഞു കൊണ്ട് തമ്പുരാക്കന്മാരെ ധിക്കരിച്ചു കൊണ്ട് സമരം ചെയ്യുവാൻ ധീരനായ വിപ്ലവകാരി മുന്നിൽ നിന്നതു കൊണ്ടും വരുന്ന തലമുറയ്ക്ക് പുതുജീവിതം വിദ്യ നേടുവാൻ കഴിഞ്ഞതിലൂടെയുമാണ് ഇവരിൽ ഒരു വിഭാഗമെങ്കിലും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിയത്. ആ ചരിത്രത്തെ നാടകത്തിലൂടെ പുനരാവിഷ്കരിച്ചു കൊണ്ട് മികവുറ്റതാക്കാൻ പനമ്പുകാട് സമത സാംസ്കാരിക വേദി അവതരിപ്പിച്ച ചരിത്രത്തിലേക്കൊരു വില്ലുവണ്ടി എന്ന നാടകത്തിന് കഴിഞ്ഞു.