ധബാരി ക്യുരുവി ജനുവരി 5 മുതൽ
- ഫെയിസ്ബുക്ക് പോസ്റ്റ്
പ്രിയനന്ദനൻ
പ്രിയരേ,
ഇന്ത്യയിൽ 10 കോടിയിലധികം വരുന്ന ജനവിഭാഗമാണ് തദ്ദേശീയർ അഥവാ ആദിവാസികൾ. ഇന്ത്യൻ ജനസംഖ്യയിലെ 8.6% എന്ന് കണക്കുകൾ പറയുന്നു. കേരളത്തിലുമുണ്ട് അഞ്ച് ലക്ഷത്തോളം വരുന്ന ഈ ജനവിഭാഗം. ആ മനുഷ്യരുടേതായിരുന്നു ഇന്ത്യ. കാടുകളിലും മേടുകളിലും പുഴയോരങ്ങളിലുമായി അവർ ജീവിച്ചു വരുന്നു. മറ്റെല്ലാ ജനവിഭാഗങ്ങളേക്കാളും അവർ നമ്മുടെ മണ്ണിലുണ്ട്. ഒരു യുദ്ധവും അവർ നടത്തിയിട്ടില്ല. ഒന്നും വെട്ടിപ്പിടിച്ചിട്ടില്ല. നമ്മുടെ പാട്ടുകളെല്ലാം അവരിൽ നിന്നു വന്നത്. നമ്മുടെ കഥകളെല്ലാം അവിടെ നിന്ന് എടുത്തത്.
എന്നിട്ടും നമ്മുടെ സിനിമകളിൽ അവരില്ല. ഉണ്ടെങ്കിൽ തന്നെ വൈകൃതവല്ക്കരിച്ച പ്രതിനിധാനം മാത്രമായി. നമ്മുടെ വികസന സങ്കല്പങ്ങൾ അവർക്ക് വേണ്ടിയല്ല. നമ്മുടെ സൗന്ദര്യ സങ്കല്പങ്ങളിലും അവരില്ല. നമുക്ക് അവർ വെറും കൗതുകങ്ങൾ മാത്രം.
'ധബാരി ക്യുരുവി' അവരുടെ ചിത്രമാണ്. അവരിൽ നിന്ന് ഉരുത്തിരിഞ്ഞ, അവരുടെ ജീവിതം പറയുന്ന ഒരു കുഞ്ഞു സിനിമ. ഇതിൽ കമ്പോളം ആഘോഷിക്കുന്ന താരങ്ങൾ ഇല്ല. നഗര വ്യാപാരത്തിൻ്റെ കണക്കു പുസ്തകത്തിൻ്റെ താളുകളിൽ ഈ സിനിമ ഇല്ല. ആദിവാസികൾ മാത്രം അഭിനയിച്ച ഈ ചിത്രം അതിനാൽ നിങ്ങളുടെ കണ്ണുകളെ തേടി എത്തുകയാണ്. നിങ്ങളുടെ ജീവിതത്തിൻ്റെ കുറച്ചു നേരം ഇതിനായി മാറ്റിവെയ്ക്കൂ എന്ന അഭ്യർത്ഥനയുമായി.
ഇത് കാണുമ്പോൾ, ഞങ്ങൾക്ക് തീർച്ചയാണ്, നിങ്ങളിൽ പലർക്കും നമ്മെപ്പോലെത്തന്നെ ഒരു ജീവിതം ഉള്ളവരാണ് അവരും എന്ന് ആദ്യമായി ബോധ്യപ്പെടും. നമ്മെപ്പോലെ ജീവിതാഹ്ലാദങ്ങളും സംഘർഷങ്ങളും അവർക്കുണ്ട് എന്ന് ഉണരും. ജനാധിപത്യത്തിൽ നിന്ന് എല്ലാ നിലയ്ക്കും മാറ്റി നിർത്തപ്പെട്ട ആ ജീവിതത്തിൻ്റെ അദൃശ്യതയ്ക്ക് തങ്ങളും പങ്കാളികളാണ് എന്ന സത്യം തിരിച്ചറിയും.
പൂർണ്ണമായും ആദിവാസികളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. അവരുടെ ഉജ്ജ്വല പ്രകടനം ഈ ചിത്രത്തെ ഇന്ത്യൻ പനോരമ (iffi), ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ ഓഫ് കേരള (iffk), അമേരിക്കയിലെ ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവെൽ (imff), തുടങ്ങി അനേകം ചലച്ചിത്രമേളകളിലും എത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ, അവർ കേരള സമൂഹത്തിലേയ്ക്ക് തങ്ങളെത്തന്നെ ദൃശ്യപ്പെടുത്താൻ ഇറങ്ങി വരുന്നു. 2024 ജനുവരി അഞ്ച് മുതൽ കേരളത്തിലങ്ങോളമിങ്ങോളം ഉള്ള തിയ്യറ്ററുകളിലും, ഗ്രാമീണ കേന്ദ്രങ്ങളിലും ഈ ചിത്രം പ്രദർശനത്തിന് തയ്യാറാകുകയാണ്. ഒരു സമാന്തര സിനിമയായതിനാൽ നിങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് മാത്രമല്ല, അനിവാര്യവുമാണ്. നല്ല സിനിമകളെ കാത്തു രക്ഷിച്ച പാരമ്പര്യം മലയാളികൾക്കുണ്ട്. ടിക്കറ്റ് എടുത്തും എടുപ്പിച്ചും പ്രദർശിപ്പിച്ചും നല്ല സിനിമയുടെ കാവലാളുകൾ ആവാൻ ഓരോരുത്തരേയും ക്ഷണിക്കുന്നു.
നിങ്ങളുടെ സ്വന്തം
പ്രിയനന്ദനൻ