അദ്ധ്യാപകർ ഇറങ്ങുമ്പോൾ
- കവിത
ആനന്ദ് അമരത്വ
അദ്ധ്യാപകർ കവിതയിലിറങ്ങുമ്പോൾ
നാലു ചുവരുകൾ കിളിച്ചു വരും.
അറിവാണ് പകരലാണ് നിറയ്ക്കലാണ്.
നാളയെ വാർത്തെടുക്കാൻ
നിയോഗിക്കപ്പെട്ടതാണ്
ഉദിച്ചു വരും ബോധം.
ഒരു വാക്ക് ,വരി ,അക്ഷരം
എങ്ങാനും പിഴച്ചാൽ
" ആശാനക്ഷരമൊന്നു പിഴച്ചാൽ … "
എന്നത് തെളിഞ്ഞു വരും.
അദ്ധ്യാപകർ മൈക്കിനു മുമ്പിൽ
പ്രഭാഷണം തുറക്കുമ്പോൾ
സദസ്സിലുള്ളവരെല്ലാം
ക്ലാസ് മുറിയിലെ കുട്ടികളായി മാറും.
പറയുന്നതെല്ലാം പഠിപ്പീരാണ്
പകർന്നു നൽകുകയാണ്
പഠിച്ചു വച്ചവ പാടുകയാണ്
പഠിച്ചത് അരിച്ച് പുതുക്കി വിളമ്പുകയാണ് .
അദ്ധ്യാപകർ മാർക്കിടീൽ തുടങ്ങുമ്പോൾ
ഗണേശന് അക്ഷരത്തെറ്റുണ്ട്
പത്തിൽ 8,
ടീനയ്ക്ക് കൈയ്യക്ഷരം മോശം
പത്തിൽ 7 ,
കൂട്ടുകാരന്റെ മോൻ സുമേഷെ
നിന്റപ്പനെയൊന്നു കാണട്ടെ
മാർക്ക് അപ്പന്റേയിൽ കൊടുത്തോളാം.
മാർക്കിടീൽ കഴിഞ്ഞാൽ
മികച്ച പത്തു പേരെ
മുൻ ബഞ്ചിൽ പിടിച്ചിരുത്തലുണ്ട്.
അദ്ധ്യാപകർ വിലയിരുത്താനിറങ്ങുമ്പോൾ
മുമ്പിൽ കാണുന്നതിനെയൊക്കെ
വലിച്ചു കീറും.
വിളമ്പി വച്ച സദ്യയിൽ
അച്ചാറിവിടെ, അവിയലിവിടെ, പപ്പടമവിടെ
ചോറിവിടെ ,പരിപ്പ് ആദ്യം ,സാമ്പാർ പിന്നെ
അളവുകൾ പോലും കിറു കൃത്യമായിരിക്കും.
ഒരു ചൂരൽ വടിയുമായ്
നാലു ചുവരുകളിലേക്ക്
വിളിച്ചു കയറ്റുന്നവരായി
അദ്ധ്യാപകർ ഇടപെടലുകൾ തുടങ്ങുന്നതോടെ
കുട്ടികളായ് മാറ്റിയവരെല്ലാം ഓടിയൊളിക്കലിലാണ്.
===============