കേരളത്തില്‍ ആദ്യമായി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍; ഒക്ടോബറില്‍ കൊച്ചിയില്‍
- വാർത്ത - ലേഖനം
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവൽ ഒക്ടോബർ 2 മുതൽ 5 വരെ കൊച്ചിയിൽ. വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഖ്യാതരായ കലിഗ്രഫി കലാകാരന്മാർ പങ്കെടുക്കും. കേരള ലളിതകലാ അക്കാദമിയും നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിലുള്ള കചടതപ ഫൗണ്ടേഷനും ചേർന്നാണ് ഫെസ്റ്റിവലിൽ സംഘടിപ്പിക്കുന്നത്.
കല, സാഹിത്യ, സിനിമ, പരസ്യം തുടങ്ങിയ വിവിധ മേഖലകിൽ ആസ്വാദനവും സംവേദനവും കൂടുതൽ സമ്പുഷ്ടമാക്കുന്ന, കലാരൂപമാണ് കലിഗ്രഫി അഥവാ അക്ഷരകല, ശില്പങ്ങളും പെയിന്റിങ്ങുകളും പോലെ, ആധുനിക ലോകത്ത് മൂല്യവത്തായ ഒരു കലാശാഖയായി കലിഗ്രഫി വളർന്നു കഴിഞ്ഞു.
ലോകപ്രശസ്ത ഹീബ്രു കലിഗ്രാഫറായ മിഷേൽ ഡി അനസ്റ്റാഷ്യോ, ഇറാനിൽ നിന്നുള്ള മസൂദ് മൊഹബിഫാർ, ഏഷ്യൻ കലിഗ്രഫി അസോസിയേഷൻ വൈസ് പ്രസിഡന്റും കലിഗ്രാഫറുമായ ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ജിൻയങ് എന്നിവർക്കു പുറമേ, ഇന്ത്യൻ അക്ഷരകലയുടെ കുലപതി എന്നറിയപ്പെടുന്ന അച്യുത് പാലവ്, ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന്റെ സ്രഷ്ടാവായ ഉദയ് കുമാർ, മുംബൈ ഐ.ഐ.റ്റി പ്രഫസറായ ജി.വി.ശ്രീകുമാർ, പൂശപതി പരമേശ്വര രാജു, അഹമ്മദാബാദ് എൻഐഡി അദ്ധ്യാപകനായ തരുൺ ദീപ് ഗിർധർ, പിക്റ്റോറിയൽ കലിഗ്രാഫറും സംഗീതജ്ഞയുമായ ഖമർ ഡാഗർ, അശോക് പരബ്, നിഖിൽ അഫാലെ, ഇങ്കു കുമാർ, അശോക് ഹിൻഗേ, ഷിപ റൊഹാട്ഗി, അക്ഷയാ തോംബേ, പ്രഫസർ കെ.സി.ജനാർദ്ദനൻ, രഘുനിത ഗുപ്ത, മുകേഷ് കുമാർ, നാരായണഭട്ടതിരി തുടങ്ങി ഇന്ത്യയിൽ നിന്നുള്ള പതിനാറു കലിഗ്രാഫർമാരും അതിഥികളായെത്തും. ഇന്ത്യയിലെ വിവിധ കോളജുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികളും പങ്കെടുക്കും.
ശില്പശാലകൾ, സോദാഹരണപ്രഭാഷണങ്ങൾ, തത്സമയ ഡെമോകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ തുടങ്ങി നിരവധി അനുബന്ധ പരിപാടികളുണ്ടാവും. മലയാളം, ദേവനാഗരി, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, ഹീബ്രു, ഇറാനി, കൊറിയൻ എന്നീ കലിഗ്രഫികളുടെ സങ്കീർണതകൾ അറിയാനുള്ള സുവർണാവസരമാണിത്. ലോകത്തെ വിവിധ ഭാഷകളിലുള്ള നൂറ്റിയമ്പതോളം കലിഗ്രഫി രചനകളുടെ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.
പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://kachatathapa.com വഴി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.