കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടക സംഘങ്ങള്‍ക്കുള്ള രണ്ടുകോടി രൂപ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നൂതന പദ്ധതിയുമായി കേരള സംഗീത നാടക അക്കാദമി. ഈ പദ്ധതിയുടെ ഭാഗമായി നാല് ലക്ഷം രൂപ വീതം ആകെ രണ്ടു കോടി രൂപയായിരിക്കും 50 പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്ക് അക്കാദമി നല്‍കുക. കേരളത്തിൻ്റെ കലാ-സാംസ്‌കാരിക ചരിത്രത്തില്‍ പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്കായി ഇത്രയും വലിയ പദ്ധതി നടപ്പിലാക്കുന്നത് ആദ്യമായിട്ടാണെന്ന് അക്കാദമി സെക്രട്ടറി ജനാര്‍ദ്ദന്‍.കെ പറഞ്ഞു.
ധനസഹായത്തിന് അപേക്ഷിക്കാന്‍ താല്‍പര്യമുള്ള പ്രൊഫഷണല്‍ നാടകസംഘം, അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നാടകത്തിൻ്റെ അഞ്ചു കോപ്പിയും മറ്റ് അനുബന്ധരേഖകളും സഹിതം അക്കാദമിയുടെ നിശ്ചിത ഫോറത്തില്‍ അവതരിപ്പിക്കുന്ന സംഘത്തിൻ്റെ സെക്രട്ടറിയുടെ/മറ്റു ഉത്തരവാദപ്പെട്ട അധികാരികളുടെ ഒപ്പോടുകൂടി ഏപ്രില്‍ 30 ന് വൈകീട്ട് അഞ്ചിനകം അക്കാദമിയില്‍ സമര്‍പ്പിക്കണം. ഇതിനുമുന്‍പ് അവതരിപ്പിച്ച നാടകങ്ങള്‍ ധനസഹായത്തിനായി പരിഗണിക്കുന്നതല്ല. നാടകത്തിൻ്റെ അവതരണ ദൈര്‍ഘ്യം ഒന്നരമണിക്കൂറിനും രണ്ടരമണിക്കൂറിനും ഇടയിലായിരിക്കണം. ധനസഹായത്തിനായി അര്‍ഹരാകുന്ന പ്രൊഫഷണല്‍ നാടകസംഘങ്ങള്‍, അവരുടെ തെരഞ്ഞെടുത്ത നാടകം അക്കാദമി നിര്‍ദ്ദേശിക്കുന്ന രണ്ട് വേദികളില്‍ അവതരിപ്പിക്കണം. അങ്ങനെ 50 പ്രൊഫഷണല്‍ നാടകങ്ങളുടെ രണ്ട് അവതരണങ്ങള്‍ വീതം നടത്തുന്നതിന് അക്കാദമി പ്രത്യേക നാടകോത്സവം സംഘടിപ്പിക്കുകയും ചെയ്യും.
നാടകം സ്വതന്ത്രമായ രചനയല്ലാതെ മറ്റേതെങ്കിലും കൃതിയുടെയോ, ആവിഷ്‌കാരങ്ങളുടെയോ, അഡാപ്‌റ്റേഷനുകളിലൂടെയോ തയ്യാറാക്കിയതാണെങ്കില്‍, മൂലകൃതിയുടെ രചയിതാവിൻ്റെ/അവകാശിയുടെയോ സമ്മതപത്രം ഹാജരാക്കണം. നാടകസംഘങ്ങള്‍ക്ക് അതിന് എന്തെങ്കിലും സാങ്കേതിക തടസ്സം നേരിടുകയാണെങ്കില്‍, പകര്‍പ്പാവകാശം സംബന്ധിച്ച് നിയമപരമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം നാടകസംഘം ഏറ്റെടുക്കുന്നതാണെന്ന് കാണിച്ചുകൊണ്ടുള്ള നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും അക്കാദമിയില്‍ അപേക്ഷയൊടൊപ്പം ഹാജരാക്കണം. നാടകസമിതികളുടെ മുന്‍വര്‍ഷങ്ങളിലെ പ്രവര്‍ത്തന രേഖയും അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. ധനസഹായത്തിനായി അപേക്ഷിക്കുന്ന നാടകസംഘം/നാടകസമിതികള്‍ അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ നാടകസമിതികളായിരിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും രജിസ്റ്റര്‍ ചെയ്ത സമിതികള്‍ക്കായിരിക്കും ആദ്യപരിഗണന. ഒരു സമിതിയുടെ ഒന്നില്‍ കൂടുതല്‍ നാടകങ്ങള്‍ തെരഞ്ഞെടുക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന നാടകസംഘത്തിലെ അഭിനേതാക്കള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട മറ്റ് സംഘങ്ങളില്‍ അഭിനയിക്കരുത്. അപേക്ഷയൊടൊപ്പം നാടകകൃത്ത്,സംവിധായകന്‍ എന്നിവരുടെ ബയോഡാറ്റയും നാടകകൃത്തിൻ്റെ/അവകാശിയുടെ സമ്മതപത്രവും സംവിധായകക്കുറിപ്പും ഉണ്ടായിരിക്കണം. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന നാടകസംഘങ്ങള്‍ കലാസമിതിയുടെയും അഭിനേതാക്കളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും പിന്നണി പ്രവര്‍ത്തകരുടെയും വിശദാംശങ്ങളും നല്‍കണം. സ്‌ക്രിപ്റ്റ് അവതരണത്തിനായി തെരഞ്ഞെടുക്കുകയാണെങ്കില്‍ നാടകം നിര്‍മ്മിക്കുന്നതിനുള്ള ചെലവുകള്‍ക്ക് ഒരു ലക്ഷം രൂപ മുന്‍കൂറായി അനുവദിക്കും. അവശേഷിക്കുന്ന തുക ഘട്ടം ഘട്ടമായിട്ടായിരിക്കും അനുവദിക്കുക . ധനസഹായത്തിനായി സംഘം അക്കാദമിയില്‍ സമര്‍പ്പിക്കുന്ന സ്‌ക്രിപ്‌റ്റോ അനുബന്ധരേഖകളോ തിരികെ നല്‍കുന്നതല്ല. പ്രതിലോമകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നാടകങ്ങളും പരിഗണിക്കില്ല.അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in സന്ദര്‍ശിക്കുക.
അപേക്ഷ സമര്‍പ്പിക്കണ്ട വിലാസം
സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി , ചെമ്പൂക്കാവ്, തൃശ്ശൂര്‍-20. ഫോണ്‍-0487-2332134, 2332548.