ഒക്ടോബർ മാസം-കൊറോണ അതിജീവന നാടക വേദിയുണരുമ്പോൾ!
- ലേഖനം
ചാക്കോ ഡി അന്തിക്കാട്
ഒക്ടോബർ മാസം എന്നു കേൾക്കുമ്പോൾ, റഷ്യയിലെ ഒക്ടോബർ വിപ്ലവത്തെ ഓർമ്മിപ്പിക്കും. ഇവിടെ കൊറോണ രണ്ടാംതരംഗത്തിനിടയിലും, നാടകവേദി വീണ്ടും സജീവമാകുക, എന്നത്, വിപ്ലവകരമായ അവസ്ഥതന്നെയാണ്! നാടകവേദി മാത്രമല്ല, 2021 മാർച്ച് മുതൽ വീണ്ടും അടച്ചിടപ്പെട്ട, കേരളത്തിലെ കലാ-സാംസ്കാരികരംഗം മൊത്തം വീണ്ടും സജീവമാകാൻ തുടങ്ങുകയാണ്.
കൊറോണ കാലത്തിന്റെ നാടകവേദി തളർന്നു കിടക്കുകയായിരുന്നു... ലോകംത്തന്നെ മഹാമാരി ഭയത്താൽ വിറകൊണ്ട ഒന്നരവർഷം!
ഇപ്പോഴും മുഴുവനായി മാനവരാശി രക്ഷപ്പെട്ടു എന്നു പറയാറായിട്ടില്ല!
കരുതൽ തുടരുകയാണ്...
മനുഷ്യരുടെ ജീവിതനിലനിൽപ്പിനാണ്, അതിജീവനത്തിനാണ്, ഏതൊരു ഭരണകൂടവും പ്രാധാന്യം കൽപ്പിക്കുക. മനുഷ്യർ നിലനിന്നിട്ടു വേണ്ടേ കലയും സംസ്ക്കാരവും നിലനിൽക്കാൻ! കച്ചവടസ്ഥാപനങ്ങൾ തുറന്നാലും, പണിയില്ലാത്ത മനുഷ്യർ എല്ലാവരും കൈയ്യിൽ കാശില്ലെങ്കിൽ, കടകളെ ഉപേക്ഷിക്കും! പിന്നെ അവർക്ക് കല ആസ്വദിക്കാനുള്ള മനസ്സ് എങ്ങനെയുണ്ടാവും. നമ്മുടെ കൊച്ചുകേരളത്തിൽ, ഇത്രയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ഉള്ളതുകൊണ്ടാണ് മഹാമാരിയുടെ വലിയ കടന്നാക്രമണം സഹിക്കാതെ നമ്മൾ അതിജീവിച്ചത്! ഓൺലൈൻ നാടക അതിജീവനം ഒരു രോഗിക്ക് തൽക്കാലം മരുന്ന് കൊടുക്കുന്നപോലെയാണ്. പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ കാണികളും അഭിനേതാക്കളും തമ്മിൽ പരസ്പ്പരം ഓക്സിജൻ കൈമാറണം. അതിന് നേരിട്ടുള്ള അവതരണങ്ങൾ അനിവാര്യമാണ്. ജൈവകലയായ നാടകത്തിന് ബദൽ ഒരിക്കലും, ഓൺലൈൻ അല്ല എന്നത്, അറിയാമെങ്കിലും, കഴിയാവുന്നവർ അതിനെ ആശ്രയിക്കേണ്ടി വന്നത്, ഒരു തയ്യാറെടുപ്പിന്റെ ഭാഗമായി മാത്രമാണ്. ഓൺലൈൻ ലഘുനാടക മത്സരങ്ങൾ മിക്കവാറും എല്ലാ ജില്ലകളിലും സംഭവിച്ചു. മികച്ച പല പ്രതിഭകളും വെളിപ്പെട്ടു...ഭാവി പ്രതീക്ഷ നിലനിർത്തി...അപ്ലോഴും പ്രൊഫഷണൽ നാടക അഭിനേതാക്കൾ അധികം പുറത്തുവന്നില്ല. അവർ ഓൺലൈൻ നാടക അവതരണത്തിൽ അമിതതാൽപ്പര്യം കാണിച്ചില്ല! അവരുടെ സ്വയം 'ഗ്ലാമർ ബോധം' മറ്റു തിയറ്റർ ആക്റ്റിവിസ്റ്റുകളെപോലെ, തെരുവിലിറങ്ങിയും, ചെറിയ ഇടങ്ങളിലും, വീട്ടുമുറ്റങ്ങളിലും, അമേച്വർ നാടകക്കാരെപ്പോലെ ഇടപെടാൻ അവർക്ക് സാധിക്കാത്ത മനസികാവസ്ഥയും സൃഷ്ടിച്ചു! അതിൽ അൽപ്പം സാമ്പത്തിക ശേഷിയുള്ളവർ, പിടിച്ചുനിന്നു. അല്ലാത്തവർ ദുരിതം നുണഞ്ഞു...വിശപ്പും ദാഹവുമടക്കി, പരാതികളുമായി മുറുമുറുത്തു! പക്ഷേ, അമേച്വർ നാടകകലാകാരന്മാരിൽ പലരും, LNV പോലുള്ള ഓൺലൈൻ നാടകഗ്രൂപ്പ്, സംഘാടകരായും , നാടകപ്രതിഭകളെ ചർച്ചചെയ്‌തുണർത്തി! അവരും ഓണം മുതൽ പരാതികൾ തുടങ്ങി.
നിയമസഭാ തിരഞ്ഞെടുപ്പിൽ, എല്ലാ രാഷ്ട്രീയ പാർട്ടികളും തെരുവുനാടകങ്ങളുമായി കറങ്ങി. മെയ് മാസത്തിൽ കൊറോണ എഫക്ട് രൂക്ഷമായിട്ടും, ഇന്ത്യയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ ജനങ്ങൾ തെരുവിൽ കൂട്ടംകൂടി! അപ്പോഴും നാടകക്കാർ ക്ഷമയോടെ കാത്തിരുന്നു...അവർക്കറിയാം, ഭയമില്ലാതെ കാണികൾ, ടിക്കറ്റെടുത്തു നാടകം കാണാൻ വന്നെങ്കിലെ ഗുണമുള്ളൂ... ഇലക്ഷൻ പ്രചരണം ഒരു വളണ്ടറിപ്രവർത്തനമാണ്... നാടകം വെറുതേ കാണിക്കാൻ കഴിഞ്ഞാലും, അതു ചെയ്യുന്നവരിൽ, സാമ്പത്തിക ശേഷിയില്ലാത്തവർ ദുരിതത്തിൽനിന്നും ദുരിതത്തിലേയ്ക്ക് കൂപ്പുകുത്തും! മുറുമുറുപ്പ് കൂടി. ഗവണ്മെന്റ് നാടകക്കാരെ തഴയുന്നുണ്ടോ?... ഇതിനിടയിലാണ് കേരള സംഗീത നാടക അക്കാദമിയുടെ, 2019ലെ പ്രൊഫഷണൽ നാടക മത്സരം ലിസ്റ്റും, 2021ലെ, 25 അമേച്വർ നാടക സമിതികളുടെ ലിസ്റ്റും പുറത്തു വന്നത്. തിരഞ്ഞെടുക്കപ്പെട്ട, എല്ലാ പ്രൊഫഷണൽ, അമേച്വർ നാടകസമിതികൾക്കും, ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ...നേരുന്നു! നമ്മുടെ LDF ഗവണ്മെന്റ്, കലാകാരന്മാരെ ഉപേക്ഷിച്ചില്ല, എന്നതാണ്, എല്ലാ വിമർശനങ്ങൾക്കുമുള്ള, ഒറ്റ വാചകത്തിലുള്ള മറുപടി!
പ്രൊഫഷണൽ നാടക സമിതികൾക്കുള്ള അവതരണചിലവ്,30000 ത്തിൽ നിന്നും ഒരു ലക്ഷമാക്കിയത്, ഒരു ബൂർഷ്വാ പത്രങ്ങളും കാര്യമായി എഴുതിയില്ല?
കൊറോണ കാലത്തെ സർഗ്ഗഅതിജീവനത്തിന്റെ ഭാഗമായി, കേരള സംഗീത നാടക അക്കാദമി, 25 അമേച്വർ നാടകകലാ സമിതികളെ നാടകഫെസ്റ്റിലേയ്ക്ക് തിരഞ്ഞെടുത്തത്, നേരത്തെയുണ്ടായ വിമർശനങ്ങൾക്ക് വിരാമമുണ്ടാക്കി!
ഓരോ സമിതിക്കും 2 ലക്ഷം വീതം, മൊത്തം 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്, അത്ര നിസ്സാര കാര്യമല്ല! അത് ഏറ്റവും ക്രിയാത്മകമായി, കലാപരമായി ഉപയോഗിക്കുന്നവർക്ക്, തുടർവർഷങ്ങളിൽ കൂടുതൽ മികച്ച പ്രൊജക്റ്റുകൾ ഡിമാന്റ് ചെയ്യാം. അല്ലാത്തവർക്ക്, പഴയ പുച്ഛവാദത്തിലേയ്ക്കും, അലസതയിലേയ്ക്കും, പിൻവാങ്ങാം! അധ്വാനിക്കുന്നവർ മുന്നേറട്ടെ...അലസർ കണ്ടും കൊണ്ടും പഠിക്കട്ടെ!
തിരഞ്ഞെടുക്കപ്പെട്ട, അമേച്വർ നാടകങ്ങൾ ജില്ല തിരിക്കുമ്പോൾ
കാസർഗോഡ്
(1) ഒറ്റൻ
(നെരൂദ തീയറ്റേഴ്സ് - നടക്കാവ്-ഉദിന്നൂർ)
(2) ഭൂപടത്തിൽ ഇല്ലാത്തവർ
(നെഹ്‌റു ബാലവേദി & സർഗ്ഗവേദി - അജാന്നൂർ)
(3) നിലാവിൽ കൊത്തിവെച്ച ചെങ്കോൽ
(ജ്വാല - കരുവാരക്കോട് - മൗവ്വൽ )
കണ്ണൂർ
(1) ഉത്തരാർദ്ധത്തിന്റെ സ്വപ്‌നങ്ങൾ
(പൊന്ന്യം കലാധാര - തലശ്ശേരി)
(2) പൊക്കൻ
(ജനകീയ കലാസമിതി - ചെറുകുന്ന്)
കോഴിക്കോട്
(1) ഇരിക്കപിണ്ഡം കഥ പറയുന്നു
(റിമെംമ്പ്രൻസ് തിയറ്റർ ഗ്രൂപ്പ് - കേരള - കോഴിക്കോട്)
(2) ജാരൻ
(ബാക്ക് സ്റ്റേജ് - പുതുപ്പണം - വടകര)
(3) അതിരാണിപ്പാടം
(പൂക്കാട് കലാലയം - ചേമഞ്ചേരി)
മലപ്പുറം
(1) ദ വില്ലന്മാർ
(ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയറ്റർ - കുറുവമ്പലം - കൊളത്തൂർ)
പാലക്കാട്
(1) മിന്നുന്നതെല്ലാം
(തിയറ്റർ റൂട്സ് & വില്ലേജ് - താവളം - അട്ടപ്പാടി)
(2) 1947-നോട്ട് ഔട്ട്
(അത് ലറ്റ് കായിക നാടക വേദി - വേലൻകോട്)
തൃശ്ശൂർ
(1) നിണം
(ജനഭേരി - പതൂർക്കര -അയ്യന്തോൾ)
(2) ഒരാൾക്ക് എത്ര മണ്ണ് വേണം
(ഹാഷ്മി കലാവേദി, വായനശാല & ഹാഷ്മി തിയറ്റർ ഗ്രൂപ്പ് - വെള്ളാംങ്കല്ലൂർ)
(3) ചേരൂർപ്പട
(രംഗചേതന - ചേറൂർ)
(4) മ്യൂസിയം ഓഫ് സൈലൻസ്
(കലാപാഠശാല - ആറങ്ങോട്ടുകര)
(5) ഹ്യൂമർ ഫാക്ടർ
(ദേശാഭിമാനി കലാ - കായിക സാംസ്‌ക്കാരിക വേദി - എടക്കളത്തൂർ)
(6) നിലവിളികളും മർമ്മരങ്ങളും
(ഗ്രാമിക കലാവേദി - കുഴിക്കാട്ടുശ്ശേരി)
(7) രാത്രിയുടെ മകൾ
(ചമയം നാടകവേദി - പുല്ലൂർ)
എറണാകുളം
(1) ഛായാചിത്രം/മായാചിത്രം
(ലോകധർമ്മി - എറണാകുളം)
ആലപ്പുഴ
(1) മുക്തി
(സംസ്കൃതി - നീർക്കുന്നം - വണ്ടാനം)
(2) കക്കുകളി
(നെയ്തൽ നാടകസംഘം - പുന്നപ്ര നോർത്ത്)
കൊല്ലം
(1) തീണ്ടാരിപ്പച്ച
(പ്രകാശ് കലാകേന്ദ്ര - നീരാവിൽ - പേരിനാട്)
തിരുവനന്തപുരം
(1) സുഖാനി
(തിരുവരങ്ങ് - മുക്കോലയ്ക്കൽ - മണക്കാട്)
(2) അന്ധിക
(നിരീക്ഷ - ചൂഴാറ്റുകോട്ട - മലയം)
(3) സോവിയറ്റ് സ്റ്റേഷൻ കടവ്
(കനൽ സാംസ്‌ക്കാരികവേദി - വട്ടിയൂർക്കാവ്)
ഇത്രയും നാടകങ്ങൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, മൊത്തം വന്ന 70 (ഏകദേശം കണക്ക്) രചനകളിൽ, തഴയപ്പെട്ട 45 രചനകൾക്ക് അരങ്ങിൽ പ്രകാശനം ലഭിക്കാത്ത ദുരവസ്ഥയും കാലങ്ങളായി കേരളത്തിൽ നിലനിൽക്കുന്നുണ്ട്!(അമേച്വർ നാടക ചരിത്രംകൂടി ഉൾപ്പെടിത്തിയാണ് ഞാനിത് സൂചിപ്പിച്ചത്.) തോറ്റവരുടെ സംഘാടനത്തിൽ ഒരു ബദൽ നാടകചരിത്രം രചിക്കപ്പെടണ്ടേ? അതിന് സിനിമാ സെലിബ്രിട്ടികളും, ഗൾഫ് പണക്കാരും കണ്ണുതുറക്കാത്തതെന്തുകൊണ്ട്?
പരാതികൾ പരിഭവങ്ങൾ മാറ്റിവെക്കുക...കൂടുതൽ ക്രിയാത്മകമാവുക... വേറെ ഏത് സംസ്ഥാനമാണ്, അമേച്വർ ഗ്രാമീണ / നഗര നാടകസമിതികൾക്ക് ഇത്രയും പ്രോത്സാഹനം കൊടുത്തിട്ടുള്ളത്? എല്ലാവരും നന്നായി അധ്വാനിക്കുക...
2021 ൽ നാടകവസന്തം പുലരട്ടെ... എല്ലാ ജില്ലകളിലും 25 നാടകങ്ങളുടെ ഡ്രാമ ഫെസ്റ്റ് / ഹാർവെസ്റ്റ് സംഭവിക്കട്ടെ!!!
എല്ലാ നാടകങ്ങളും 140 മണ്ഡലങ്ങളിൽ കളിപ്പിക്കാൻ ഒരു ജനകീയ സംഘാടനം എങ്ങിനെ സാധ്യമാക്കാം എന്ന് ആലോചിക്കണ്ടേ?...
ഒരാൾക്ക് കിഡ്ണി വേണം... ചിലവ് 5 ലക്ഷം! അതിന് സ്പോൺസർ വരുന്നു! എന്തുകൊണ്ട്... ഒരു നാടകം ഒരു മണ്ഡലത്തിൽ 50000 രൂപയ്ക്ക് സ്പോൺസർ ചെയ്യാനും, അങ്ങിനെ ചരിത്രത്തിന്റെ ഭാഗമാകാനും സിനിമാ പ്രൊഡ്യൂസർമാർ തയാറാവുന്നില്ല!?!
ഓരോ മണ്ഡലത്തിലും 25 നാടകങ്ങളുടെ ഡ്രാമ ഫെസ്റ്റ് /ഹാർവെസ്റ്റ് നടത്താൻ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല?
തിരഞ്ഞെടുക്കപ്പെടാത്ത നാടകങ്ങൾ നിർമ്മിക്കാൻ മറ്റൊരു ബദൽ സംഘാടനം എന്തുകൊണ്ട് നടക്കുന്നില്ല?
ഒരു തിരക്കഥ ഒരു പ്രൊഡ്യൂസർ ഉപേക്ഷിച്ചാൽ...അതിന്റെ രചയിതാവ് മറ്റൊരു നിർമ്മാതാവിനെ കാണും! ഫിലിം നിർമ്മിക്കും!
എന്തുകൊണ്ട് നാടകകൃത്ത് പെട്ടെന്ന് തളരുന്നു? ആ മനോഭാവം മാറണം! 50000 രൂപവീതം, 2 കളികൾക്ക് തരുന്ന KSNAയുടെ തലയിൽ എല്ലാ ദുരിതവും കെട്ടിവെക്കാതെ, സ്വയം ജനകീയ സംഘാടകരാകണ്ടേ?
കൊറോണ കാലത്തിന്റെ അതിജീവനത്തിന്റെ ഭാഗമായുള്ള ചില നാടക സംരംഭങ്ങൾ... പ്രതീക്ഷകൾ
കേരളത്തിലെ 25 അമേച്വർ നാടക സംഘങ്ങൾക്ക്, 2 ലക്ഷംരൂപ വീതം (1 ലക്ഷം നാടകം സെറ്റ് ചെയ്യാനുള്ള ചിലവ് + 50000 + 50000, 2 അവതരണങ്ങൾക്കുള്ള ചിലവ്) KSNA കൊടുക്കുന്നതിന്റെ ലിസ്റ്റ് വന്നു കഴിഞ്ഞല്ലൊ... (ഒന്നര മണിക്കൂർ മിനിമം സമയം അവതരണം വേണം) 5 മേഖലകളിലായി നാടക ഫെസ്റ്റ് എന്നാണ് സെക്രട്ടറി പറഞ്ഞത് (5×5=25)
ഇത് വിജയിച്ചാൽ, അടുത്ത വർഷം, 100 അമേച്വർ നാടകസമിതികൾക്ക്, വലിയ നാടകങ്ങൾ ചെയ്യാൻ, 3 ലക്ഷം രൂപ വെച്ച്, 3 കോടി രൂപ ഗവണ്മെന്റ് വകയിരുത്തിയേക്കും എന്നും പറഞ്ഞിട്ടുണ്ട്! ഇതിന്റെ കൂടെ എല്ലാ പഞ്ചായത്തുകളിലും(മിനിമം 25000രൂപയെങ്കിലും ഒരു ടീമിന് അനുവദിക്കണം. 941 പഞ്ചായത്തുകൾ വരും കേരളോത്സവങ്ങൾ കാര്യമായി നടക്കാത്ത സാഹചര്യം ഉണ്ടല്ലോ?!?) തെരുവ് നാടകങ്ങൾ നിർബന്ധമായും ചെയ്തിരിക്കണം എന്ന ഓർഡറും ഇറക്കിയാൽ, സംഗതി ഉഷാറായിരിക്കും! ഒന്ന് സങ്കൽപ്പിച്ചു നോക്കു... ഗ്രാമങ്ങളിലും, നഗരങ്ങളിലുമായി, 100 വലിയ നാടകസംരംഭങ്ങൾ! 941 അരമണിക്കൂർ തെരുവ് നാടകങ്ങൾ! മൊത്തം 50000 പേരെങ്കിലും, അരങ്ങിലും, അണിയറയിലുമായി (50 പേർ വെച്ച്, 941 തെരുവ് നാടകങ്ങൾ +100 അമേച്വർ അവതരണങ്ങൾ) ആക്റ്റീവ് ആകും! ഹാ! ശരിക്കും നാടക വസന്തം!
ഒക്ടോബർ 25 മുതൽ പ്രൊഫഷണൽ നാടകമത്സരം. തൃശ്ശൂർ KSNA തിയറ്ററിൽ... 5 ദിവസമായി പകലും, @ 10 am (ആഡിറ്റോറിയം ഇരുട്ടാക്കുമായിരിക്കും?) & @ 5 pm നടക്കുമെന്നറിഞ്ഞു. ഒരു ദിവസം 2 നാടകങ്ങൾ മത്സരത്തിൽ മൊത്തം 10 നാടകങ്ങളുണ്ട്.
ഒക്ടോബർ 31 & നവംബർ 1ന് കേരള സംസ്ഥാന NGO യൂണിയൻ നാടക മത്സരം തൃശ്ശൂർ വെച്ചുതന്നെ നടത്തപ്പെടും എന്നും കേൾക്കുന്നു. (മൊത്തം 14 ജില്ലകളിൽനിന്നായി 15 നാടകങ്ങൾ വരും. തിരുവനന്തപുരം നോർത്ത് & സൗത്ത് അടക്കം)
കൊച്ചിയിൽ ഐ.ടി.ജോസഫിന്റെ വീട്ടിൽ മീനാരാജും ചേർന്നഭിനയിക്കുന്ന "മത്തായിയുടെ മരണം" 3 ദിവസം നടന്നുകഴിഞ്ഞു. ടിക്കറ്റ് 100 രൂപയും, കണ്ടറിഞ്ഞു 500/1000 രൂപയും കൊടുത്ത്, മാക്സിമം 60/80 പേർ കണ്ടല്ലോ!
പാലക്കാട് കണ്ണന്റെ 'നവരംഗി'ൽ 10 ദിവസം, മാക്സിമം ഒരു ദിവസം 20 പേർ വെച്ച്, 200 പേരെങ്കിലും കണ്ടിരിക്കണം... "ലിമ്പ്" എന്ന, ഒന്നര മണിക്കൂർ ധൈർഘ്യമുള്ള, ഇംഗ്ലീഷ് നാടകം. (100 രൂപ ടിക്കറ്റ്) അവതരണം നടന്നു. ക്രൂരയും, ഏകാധിപതിയുമായ ഒരു റാണിയിൽനിന്നും മോചനം നേടുന്ന കുള്ളന്റെ സ്വാതന്ത്ര്യപ്രഖ്യാപനം, കൊട്ടാരം ഉപേക്ഷിച്ച്, ജനങ്ങളിലേയ്ക്കിറങ്ങി വരൽ, എല്ലാം, ഈ അമേരിക്കൻ നോവലിന്റെ സ്വതന്ത്ര നാടകരചനയ്ക്ക്, പുരോഗമന ധ്വനിപാഠം നൽകിയിട്ടുണ്ട്.
അവസാന ദിവസം ഞാനും പോയിരുന്നു... എല്ലാ അഭിനേതാക്കൾക്കും (മൊത്തം ടീം 15 പേർ വരും) എന്റെ "പ്രതികരണങ്ങൾ" (നാടകങ്ങൾ 31*400 പേജുകൾ) നാടക പുസ്തകം കോപ്പികൾ ഫ്രീ ആയി കൊടുത്തിരുന്നു. കണ്ണനും, നരിപ്പറ്റ രാജുവിനും, നന്ദജനും, പുത്തൂർ രവിക്കുമടക്കം ബുക്ക് കൊടുത്തിരുന്നു
തൃശ്ശൂർ-ഊരകം വായനശാലയിലും (അപ്പൂപ്പൻത്താടി WA ഗ്രൂപ്പിന്റെ അവാർഡ് സമർപ്പണം), പഴുവിൽ, ഗോകുലം പബ്ലിക്സ്കൂൾ മാനേജ്മെന്റിന്റെ, 45ഓളം അധ്യാപകരെ അന്യായമായി പിരിച്ചുവിട്ട നടപടിക്കെതിനെതിരെയുള്ള, CPIM യൂണിയൻ, പ്രതിഷേധ സമരത്തിലും, കർഷക സമരത്തിന് ഐക്യദാർഢ്യമായുള്ള, LDF പരിപാടിയിലും, ഞാൻ തെരുവിൽ 'സോളോ ആക്ടിങ്ങ്' ചെയ്തിരുന്നു. കളിയരങ്ങ് എങ്ങണ്ടിയൂരിന്റെ സംഘാടനത്തിൽ, ചേറ്റുവ രാമുകാര്യാട്ട് സ്മാരക സമൂച്ചയത്തിൽ (ESSENCE- കൾച്ചറൽ ഗ്രൂപ്പ്- അറീന വേദി), പ്രിയാഷൈനിന്റെ ഷോർട് ഫിലിം പ്രകാശനം, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവ്വഹിച്ചപ്പോഴും, ഞാൻ, 50 പേർക്ക് മുൻപിൽ "രണ്ട് വാക്കുകൾ" എന്ന Solo Acting Practice (SAP-11), ചെയ്തു. അന്നുതന്നെ അവിടെയുള്ള സെന്റ്.മേരിസ് സ്കൂൾ പറമ്പിൽ, തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ട സ്ത്രീകൾക്ക് മുൻപിൽ, സ്വന്തം കവിതയുടെ, മനോധർമ്മാഭിനയം ("ബസ്സ്സ്റ്റോപ്പിൽ ഒരു പ്രണയക്കുമിള"- SAP-12) അവതരിപ്പിച്ചു. ഒരു പോലീസും അറസ്റ്റിന് വന്നില്ല, ഒരു ഗവണ്മെന്റ് മുന്നറിയിപ്പും ഉണ്ടായില്ല.
2021 ഓഗസ്റ് അവസാനം മുതൽ, കഴിഞ്ഞ 8 ഞായറാഴ്ച്ചകളിലായി, അമ്മാടം-കോടന്നൂർ കേന്ദ്രീകരിച്ചുള്ള (പാറളം പഞ്ചായത്ത്) "ഉമ്മറപ്പടി" നാടകാവതരണം, ഓരോ വീട്ടുമുറ്റത്തും തുടരുന്നുണ്ട്... (അവതരണം: 'തീം തിയറ്റർ' ഗ്രൂപ്പ് -കോടന്നൂർ). മൊത്തം 3 നാടകങ്ങൾ ഉണ്ട്. ('ശിങ്കിടി', 'വേഷം', 'തിരിഞ്ഞു നോട്ടം') എല്ലാം കൂടി ഒന്നര-രണ്ട് മണിക്കൂർ വരും. 8 അവതരണങ്ങൾ കഴിഞ്ഞു. ഏഴാമത്തെ അവതരണം, കോടന്നൂർ, കാസ വർഗീസിന്റെ വീട്ടുമുറ്റത്ത്, ഞാൻ സോളോ കളിച്ചാണ്, ഉദ്ഘാടനം ചെയ്തത് (ഒക്ടോബർ 3ന്@7pm) അമ്മാടത്തുള്ള ബിജു, വർഗീസ്, ജോജു സുഖദേവ് എന്നിവരാണ് നേതൃത്വം കൊടുക്കുന്നത്.
വല്ലച്ചിറ ശശിധരൻ നടുവിലിന്റെ നേതൃത്വത്തിൽ "റിമെംബ്രൻസ് തിയറ്റർ" 10 ഏകാങ്ക നാടകങ്ങൾക്ക് വേദി കൊടുക്കുന്ന വിപുലമായ പദ്ധതിക്ക് രൂപംകൊടുത്തു കഴിഞ്ഞു. അവിടെ മികച്ച കുറേ നാടകങ്ങൾ, 2021 ഫെബ്രുവരിയിൽ നടന്നിരുന്നു. അതിന്റെ തുടർച്ച പ്രതീക്ഷിക്കാം...
"തിയറ്റർ കൾച്ചർ" എന്നപേരിൽ കോഴിക്കോട് 7 ഓളം നാടക സമിതികളുടെ (Old & New) കൂട്ടായ്മ നിലവിൽ വന്നു. അടുത്ത മാസം (2021 നവംബർ) ഒടുവിൽ, ഒരു ഉഗ്രൻ 'നാടക ഫെസ്റ്റ്' കാത്തിരിക്കുന്നുണ്ട്. ചുറ്റും നാടകമുഴക്കങ്ങൾ വേണമെന്ന് കൊതിക്കുന്നവരും, ചെറുനാടകങ്ങൾ ചെയ്യുന്നവരും, അതു ചെയ്യാതെ, സംഘടനാ ബയോഡാറ്റമാത്രം മിനുക്കിക്കൊണ്ട് വീരവാദം മുഴക്കുന്നവരും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ഛിക്കുന്ന നാളുകളാണ്, കൊറോണയ്ക്ക് ശേഷം സംഭവിക്കാൻ പോകുന്നത്.
ഏങ്ങണ്ടിയൂർ കളിയരങ്ങിന്റെ നേതൃത്വത്തിൽ, കേരളത്തിലെ മികച്ച 10 സംവിധായകരെക്കൊണ്ട്, 10 നാടകങ്ങൾ സജ്ജമാക്കുക എന്ന, വിപുലമായ പദ്ധതികൾക്ക് രൂപംകൊടുത്തു വരുന്നു. അതായത്, ഒരു കലാ സംഘടന തുടങ്ങി, അതിന്റെ വരവ് ചിലവ് കണക്കുകൾ വ്യക്തമാക്കാതെ, രജിസ്ട്രേഷൻ പുതുക്കാതെ, ഓഡിറ്റിങ് ഗവണ്മെന്റിനെ ബോധിപ്പിക്കാതെ, ക്ഷേമപ്രവർത്തനങ്ങളും, മെമ്പർഷിപ്പ് പിരിവും, അതിന്റെ 'പേർസെന്റൈജും' പങ്കുവെക്കുന്നതിൽ മാത്രം രമിക്കാതെ, ('ഒന്നൊന്നര' ബാങ്ക് അക്കൗണ്ട് സ്വപ്നം കാണാതെ...) നിങ്ങൾക്ക് 'ലഘു' നാടക / 'ഗുരു' നാടക പദ്ധതിയുണ്ടെങ്കിൽ പ്രയോഗിക്കാം... ആരും തടയില്ല. ഇതുവരെ തടഞ്ഞിട്ടില്ല. നാടകത്തെ ഗൗരവമായി കാണുന്നവർ സപ്പോർട്ട് ചെയ്യും!
ഇപ്പോൾ കോളേജുകളും തുറന്നു. ഇനി ഫിലിം തിയറ്ററുകളും തുറക്കാൻ പോകുന്നു. ഇനി ആരെ കാത്തിരിക്കണം? ഒരു അവതരണത്തിന്, 20 മുതൽ 50 പേരെ ക്ഷണിക്കാം... അവർ കാശു തന്നാൽ വാങ്ങാം...
കഴിഞ്ഞ ആഴ്ച്ച പ്രദീപ് മണ്ടൂരിന്റെ "നമുക്ക് ജീവിതം പറയാം..." നാടക പുസ്തകം പ്രകാശനം കണ്ണൂർ നടന്നു. ഇതിനകം, ജനശ്രദ്ധനേടിയ "ബാവൂൾ" അടക്കം 2 നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു.
FB / Youtube ഓൺ ലൈൻ SNAP / SAP/ FOCUS / STEP ഞാൻ തുടരുമ്പോഴും... (2021 മാർച്ചിൽ, കൊറോണ തുടങ്ങിയ അന്നുമുതൽ, കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ, എല്ലാംകൂടി മൊത്തം ക്രീയേറ്റീവ് എക്സ്പ്രഷൻസ്, 150 ൽ കൂടുതൽ വരും), ചേർപ്പ് എട്ടാം വാർഡിൽ, കൊറോണ 'എഫക്ട്' കാര്യമായില്ലെങ്കിൽ, വിദ്യാരഭംമുതൽ / നവംബർ 1 മുതൽ എന്റെ വീട്ടുമുറ്റത്ത് ('നാടക സാധകം'-ചേർപ്പ്) അല്ലെങ്കിൽ, തൊട്ടുമുൻപിലുള്ള, കോമറൈഡ് ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിൽ, മിനിമം 30 പേരെ ക്ഷണിച്ചുള്ള, 'ഓഫ് ലൈൻ' ലൈവ് സമകാലികതയിലൂന്നിയ, നാടകാവതരണങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്...ജയൻ കോമറൈഡ്, സുരേഷ് ഊരകം, ലതമോഹൻ, അനിലാസ് ഏങ്ങണ്ടിയൂർ, ഡേവീസ് കുത്തൊക്കാരൻ, ശ്രീകുമാർ പൂത്തറയ്ക്കൽ, രവിമാഷ്, അങ്ങിനെ സമാന ചിന്താഗതിയുള്ളവരുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു തൃശ്ശൂർ ജില്ലയിലെ എല്ലാ വാർഡുകളിലും, ക്ഷണിച്ചാൽ, മിനിമം 5 സോളോകൾ / 2 പേരുള്ള നാടകങ്ങൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
എല്ലാം ഗവണ്മെന്റ് സമ്മതിച്ചുമാത്രം എന്നതല്ല, നമ്മൾ സ്വയം സജ്ജരാണോ? എന്നതും ഗൗരവത്തോടെ കാണേണ്ട കാര്യമാണ്.
കഴിഞ്ഞ വർഷവും ഒക്ടോബർ മുതൽ ഫെബ്രുവരിവരെയേ ഗവണ്മെന്റ്, കലാ അവതരണത്തിനായുള്ള ഇളവ് തന്നിരുന്നുള്ളൂ... പിന്നെ... നാട്ടിലുള്ളവർ എന്തെങ്കിലും പണിയെടുത്താലേ, സാമ്പത്തിക ക്രയവിക്രയം നടന്നാലേ, കലക്കുവേണ്ടി അവർക്ക് 10 രൂപ തരാൻ കഴിയൂ..
അങ്ങിനെ കിട്ടിയ കാശുകൊണ്ട് തൃശ്ശൂർ രംഗചേതന ഓരോ കലാകാരന്റെയും (കാരിയുടെയും) വീട്ടുമുറ്റത്ത് നാടകം കളിക്കുമ്പോൾ, അതു ചെയ്ത ആർട്ടിസ്റ്റിന് 10000 രൂപ കൊടുക്കുന്നത്, ആരോടും സമ്മതം ചോദിച്ചിട്ടല്ലല്ലോ... അതൊരു ധീരമായ തീരുമാനമാണ്! മൊത്തം
100 പേർക്കെങ്കിലും കൊടുക്കുമെന്ന് അവർ പറയുന്നു (ഇതുവരെ 22 പേർക്ക് *10000 വീതം കൊടുത്തു കഴിഞ്ഞുവെന്ന് തോന്നുന്നു.)
എനിക്ക് കിട്ടിയ 4000 രൂപ 3 ആർട്ടിസ്റ്റുകൾക്ക് ഞാനും കൊടുത്തു കഴിഞ്ഞു.
ഒക്ടോബർ 4 മുതൽ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ 3 ദിവസം 20 പേർക്ക് എൻട്രി കൊടുത്ത് "മാർക്ക്‌സ്"(MARKS) എന്ന നാടകവും, ഫൈനൽ ഈയർ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
26 രംഗങ്ങളിലായി, 25ഓളം പേർ പങ്കെടുത്ത, ഒരവതരണത്തിൽ 20ഓളം കാണികളെ, യാതൊരു കെട്ടിക്കാഴ്ചകളില്ലാതെ, ക്ലോസ്അപ്പിൽ, ആക്റ്റീവ് ആയി ഉപയോഗിച്ചുള്ള, ഈ അവതരണം ഞാനും അനുഭവിച്ചതാണ്... ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യനിൽനിന്നും തുടങ്ങി, ചരിത്രത്തിലൂടെയുള്ള, ഭാഷയിലൂടെയുള്ള, സാംസ്കാരിക സഞ്ചാരത്തിൽ , ടൈം & സ്പേസ്, മനുഷ്യരുടെ അവബോധത്തിൽ, കാഴ്ച്ചയിൽ, കേൾവിയിൽ, എങ്ങിനെ പ്രതിപ്രവർത്തിക്കുന്നു, എന്ന പരീക്ഷണം നടത്തിയത്, ഏറെക്കുറെ വിജയിച്ചു എന്നു പറയാം...സ്കൂൾ ഓഫ് ഡ്രാമയുടെ കെട്ടിടം പണിത, ലാറി ബേക്കറുടെ ദീർഘദൃഷ്ടി, കാണികളെ ബോധ്യപ്പെടുത്തുന്ന, അവതരണം, ഒരു സംവിധായകന് പകരം, എല്ലാവരും കളക്റ്റീവ് ആയി, രചനയും, സംവിധാനവും, അഭിനയവും, നടത്തുന്ന രീതി, എനിക്ക് ഇഷ്ടപ്പെട്ടു! കെട്ടിപ്പൊക്കിയ ഒരു വേദിക്കു പകരം, ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും നാടക അവതരണ സാധ്യത കണ്ടെത്തണമെന്ന, എന്റെ കമന്റിനോട്, അവിടത്തെ കോ - ഓർഡിനേറ്റർമാരായ, പൂജയും അഭീഷും, ഉടൻ യോജിച്ചു. കാണികളുടെ കണ്ണുകൾ 2 തവണ കെട്ടി, അന്തരീക്ഷ ചലനങ്ങളുടെ, നിശബ്ദതയുടെ, ശബ്ദത്തിന്റെ, മാസ്മരികത അനുഭവിപ്പിക്കുന്ന രീതി, കുട്ടികളുടെ നാടകവേദിയിൽ ശക്തമായി പ്രയോഗിക്കാവുന്നതാണ്! കുറച്ചുകൂടി സമകാലികമായ ഷോക്കിങ്ങ് ബിംബങ്ങൾ ചില മുറികളിലോ, പുറത്തെ വലിയ മരങ്ങളിലോ ഒരുക്കി, കാണികൾക്ക്, ഒരു 'പെയിൻഫുൾ' അനുഭവം കൊടുക്കാനുള്ള, പൊളിറ്റിക്കൽ മൂന്നാംകണ്ണ് നാടക വിദ്യാർത്ഥികൾ ആർജ്ജിക്കട്ടെ... എന്ന് പ്രതീക്ഷിക്കുന്നു. അവരുടെ ചില ഡയലോഗുകളിലും, ചലനങ്ങളിലും, അതിന്റെ സ്പാർക്ക് കണ്ടിരുന്നു! 26 രംഗങ്ങളിലൂടെ വികസിക്കുന്ന, ഈ 'നോൺ ലീനിയർ' രംഗഭാഷ, ഏത് രംഗവും ആദ്യരംഗമായി തുറന്ന്, ഡേ & ലൈറ്റ് സാധ്യതയിലൂടെ പ്രയോഗിക്കാവുന്നതാണ്, എന്ന് അവരുടെ ബ്രോഷറിൽ പറഞ്ഞിട്ടുണ്ട്! എല്ലാവർക്കും കൂട്ടുത്തരവാദിത്തമുള്ള ഈ അവതരണം മനസ്സിൽ തങ്ങി നിൽക്കും!
നടൻ ശിവജി ഗുരുവായൂരിന്റെ നേതൃത്വത്തിൽ, "അരങ്ങും അണിയറയും" അവതരിപ്പിക്കുന്ന "ബ്ലാക്ക് ഔട്ട്" എന്ന നാടകം, ഒക്ടോബർ 12 മുതൽ, ഗുരുവായൂർനിന്നും അവതരണം തുടങ്ങി, സംവിധായകൻ രഞ്ജിത്തിന്റെ കാസർഗോഡ് ഉത്ഘാടനത്തിന് ശേഷം, കാസർഗോഡ്‌നിന്നും, തിരുവനന്തപുരംവരെ, യാത്ര ചെയ്ത്, 30ഓളം വേദികളിൽ, പ്ലെയിൻ ലൈറ്റിൽ, അവതരിപ്പിക്കാൻ പോകുന്നു. കൊറോണകാലത്തെ ലോക്‌ഡൗണിൽ, നാടകക്കാരുടെ യഥാർത്ഥ പ്രശ്നങ്ങൾ തുറന്നുകാട്ടി, ഒക്ടോബർ 19 സമാപന അവതരിപ്പിക്കുന്നതിനുള്ള, ഒരുക്കങ്ങൾ, ശിവജിയുടെ വീട്ടിൽ നടക്കുന്നുണ്ട്. റാണിയായി വേദിയിൽ തിളങ്ങി, നിരവധി ബെസ്റ്റ് ആക്ട്രസ്സ് അവർഡുകൾ നേടിയയ നടി, ഇന്ന് ഹോട്ടലിൽ എച്ചിൽപ്പാത്രം, കഴുകുന്നു...ആർട്ട് ചെയ്തിരുന്ന കലാകാരൻ, റീത്തുകടയിൽ, റീത്തിന്മേലുള്ള എഴുത്തു ജോലി ചെയ്യുന്നു... ദുര്യോധനൻ, അതേ വേഷത്തിൽ, ഹോട്ടലിലേയ്ക്ക് ആളുകളെ ക്യാൻവാസ് ചെയ്യാൻ നിൽക്കുന്ന, റിയൽ സംഭവവും, ഈ നാടകത്തിന്റെ ഹൈലൈറ്റ് ആണ്! വെറും അന്നം മാത്രം കലാകാരന് പോരാ, ആത്മാവിഷ്‌ക്കാരവും വേണം എന്നതാണ്, ഇങ്ങനെ ഒരു നാടകയാത്രക്ക് ശിവജി ഗുരുവായൂരിനെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. നാടകസംഘടനകൾ, വെറും പിരിവുസംഘടനകളായി, നിഷ്ക്രിയത്വത്തെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ, നാടകങ്ങളുമായി, ജനങ്ങളിലേയ്ക്ക് ഇറങ്ങാൻ, മടി കാട്ടുന്നതിനോടുള്ള പ്രതിഷേധവും, ഈ മൂവ്മെന്റ് ഏറ്റെടുക്കാൻ, അഭിനേതാക്കളെ പ്രേരിപ്പിച്ചിട്ടുണ്ട്...വ്യക്തം! സുരേഷ്ബാബു ശ്രീസ്ഥയുടെ രചന. മനോജ് നാരായണൻ സംവിധാനം. ശിവജി ഗുരുവായൂർ, ചാത്തന്നൂർ വിജയൻ, നിലമ്പൂർ പ്രേമയടക്കം 15 ഓളം അഭിനേതാക്കൾ പങ്കെടുക്കുന്നുണ്ട്.
മധുവിന്റെ ജീവിതം അടിസ്ഥാനമാക്കി, ആലപ്പുഴ കലാകേന്ദ്രം (സോളോ by കെ.പി.എ.സി.ജാക്സൺ) ഒക്ടോബർ 4ന് അവതരണം നടന്നു. തുടർന്നും തെരുവവതരണം ചെയ്യാൻ പോകുന്നു.
കഴിഞ്ഞ കൊറോണ ഇളവിൽ, കാഞ്ഞങ്ങാട് നാടക സംഘം അവതരിപ്പിച്ച, അതിശക്തമായ നാടകം, "പുലകേശി" (ഇതുവരെ 40 അവതരണങ്ങൾ കഴിഞ്ഞു), തുടർ അവതരണങ്ങൾക്ക്, തയ്യാറായിക്കഴിഞ്ഞുവെന്നറിയുന്നു. ഒരു കാറിൽ പോയി കളിക്കാവുന്ന സാങ്കേതിക ലാളിത്യം, ഈ നാടകത്തിന്റെ സംഘാടനത്തിന് മാറ്റ് കൂട്ടിയിട്ടുണ്ട്!
ഈ വർഷം ITFOK വേണോ? എന്ന ചർച്ചയും നടക്കുന്നുണ്ടെന്നാണ്... അനൗപചാരികമായി അറിയാൻ കഴിഞ്ഞത്.
കോറോണകാലത്ത്, അവശതയനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാൻ, 100 കേരളഗാനം (5000 രൂപ വീതം- രചന, സംഗീതം, ആലാപനം കിട്ടും,) KSNA കൊടുക്കുന്നുണ്ട്. അതിന്റെ സെലക്ഷൻ നടക്കുന്നു.
കേരള സർക്കാർ കലാകാരന്മാർക്കുവേണ്ടി, സഹകരണസംഘം പ്രസ്ഥാനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
(NB: ഏതെങ്കിലും ഡോ.ജോസൺന്മാർ/ പ്രൈവറ്റ് സംഘടനയുടെ ജനറൽ സെക്രട്ടറിമാർ ''ഐഡിയ' കൊത്തിവിഴുങ്ങുംമുൻപ്, അത്ജ നകീയമായി സംഭവിക്കട്ടെ!!!)
നാടകവും, കലയും, ജീവിതവും ഒപ്പമുണരുന്ന ദിവസങ്ങളാണ് അടുത്തു വരുന്നതെന്ന് സാരം!
സതീഷ് കെ സതീഷ് എഡിറ്റ് ചെയ്ത 34 നാടകങ്ങളുടെ സമാഹാരം(" തിയറ്റർ സ്പേസ് ") ഇറങ്ങിക്കഴിഞ്ഞു. രാജ്‌മോഹൻ നീലേശ്വരത്തിന്റെ "നോട്ടം"( 11 നാടകങ്ങൾ)ഒക്ടോബറിൽ കാസർഗോഡ് വെച്ച് പ്രകാശനം നടക്കും.ബൈജു സി.പി.യുടെ "ആയുധപ്പുര" (പ്രസാധകർ : ഗ്രീൻ ബുക്സ് തൃശ്ശൂർ) ഉടൻ പ്രകാശനം നടക്കും. രവിതൈക്കാടിന്റെയടക്കം, കേരളത്തിൽ, കൊറോണകാത്ത്, പത്തോളം നാടകഗ്രന്ഥങ്ങൾ പുറത്തിറങ്ങിയത്, നമ്മൾ കൊറോണയെ, സർഗ്ഗചേതനകൊണ്ടും നേരിടും എന്നതിന്റെ തെളിവായിത്തന്നെ കാണണം!
ചുമ്മാ വിലപിക്കാതെ വീട്ടുമുറ്റത്തും, തെരുവിലും, ചെറു സദസ്സുകിലും അഭിനയിക്കാൻ തയ്യാറാവുക(?)
ഓൺലൈൻ (ഉള്ളൊരുക്കം) & ഓഫ്‌ലൈൻ (പുറംപ്പെരുക്കം) അവതരണങ്ങൾ ഒരുമിച്ചു മുന്നേറട്ടെ...
ലാൽസലാം!