കേരള സംഗീത നാടക അക്കാദമി കലാപരിശീലനത്തിന് 30 ലക്ഷം രൂപ സ്റ്റൈപന്റ് നല്‍കും. ഇപ്പോൾ അപേക്ഷിക്കാം.
- വാർത്ത - ലേഖനം
വിദ്യാര്‍ത്ഥികളുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിന് കേരള സംഗീത നാടക അക്കാദമി സ്റ്റൈപന്റ് നല്‍കും. പത്തിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള 250 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്റ്റൈപന്റ് അനുവദിക്കുക. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ശാസ്ത്രീയസംഗീതം (വായ്പ്പാട്ട്, വീണ, വയലിന്, മൃദംഗം) എന്നിവ അഭ്യസിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്.
സ്റ്റൈപന്റിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. 2023 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്കാണ് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ നിരക്കില്‍ സ്റ്റൈപന്റ് ലഭിക്കുക. അക്കാദമി വെബ്സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ഇതിനുള്ള അപേക്ഷാഫോറം ലഭ്യമാണ്. ഈ അപേക്ഷാഫോറം പൂരിപ്പിച്ച്, ജനനസര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സഹിതം മാര്‍ച്ച് 31 നകം അക്കാദമി ഓഫീസില്‍ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു.
ഫോണ്‍-0487 2332134