അതിജീവനത്തിന്റെ കഥാകാരന് പ്രണാമം
- ലേഖനം
സുനിൽ കെ ചെറിയാൻ
ഹാച്ചറ്റ് എന്ന നോവലിലൂടെ ഗാരി പോൾസൺ അടയാളപ്പെടുത്തിയത് ഹെമിങ്ങ് വേയുടെ 'അനന്തരാവകാശി' സ്ഥാനം മാത്രമല്ല, യങ്ങ്-അഡൽറ്റ് സാഹിത്യകൃതികളുടെ തമ്പുരാൻ സ്ഥാനം കൂടിയായിരുന്നു. 1987-ലാണ് ഹാച്ചറ്റ് (മഴു) പുറത്തിറങ്ങുന്നത്. 13 -കാരൻ ബ്രയൻ അച്ഛനെ കാണാൻ കാനഡയിലേയ്ക്ക് പോകുന്നു. വിമാനത്തിലെ ഏകയാത്രക്കാരാണ് ബ്രയൻ. ആകാശമധ്യേ പൈലറ്റിന് ഹൃദയാഘാതമുണ്ടാവുകയും ബ്രയൻ ഒരു ദ്വീപിൽ ഒറ്റയ്ക്ക് പ്രകൃതിയെയും ജീവിതത്തെയും നേരിടുന്നതാണ് പ്രമേയം. അമ്മ സമ്മാനമായി കൊടുത്ത ചെറുകോടാലി കൊണ്ട് അതിജീവനം മാത്രമല്ല ബ്രയൻ നടത്തിയത്; നഗര പരിഷ്‌ക്കാരം എന്ന ശീലത്തിൽ നിന്നുമുള്ള വിടുതി കൂടിയാണ്. അതാണ് നോവലിന്റെ 'റെസ്ക്യൂ' ക്ളൈമാക്‌സ് - രക്ഷപെടൽ ഏകാന്തദ്വീപിൽ നിന്നും മാത്രമല്ല, തന്നിൽ നിന്ന് കൂടിയാണ്.
എഴുത്ത് എന്നാൽ കൊത്തുപണി ചെയ്‌ത് അനാവശ്യമായത് കളഞ്ഞ് അവശ്യം വേണ്ടത് സൂക്ഷിക്കുകയെന്നതാണെന്ന് ഒരിക്കൽ പോൾസൺ പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ 'സംഭവബഹുലമായ' ബാല്യകാലമാണ് എഴുത്തിൽ പ്രതിഫലിച്ചത്. (എഴുത്തുകാരൻ കുട്ടിയായിരിക്കുമ്പോൾ, അമ്മ കിടന്നുറങ്ങിയ ഒരു ദിവസം കുട്ടി പുറത്തിറങ്ങുന്നു; ഒരാൾ തെരുവിലേയ്ക്ക് അവനെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്നു. അന്വേഷിച്ചെത്തിയ അമ്മ പീഡകനെ കായികമായി നേരിട്ട സംഭവം ഒരു ഉദാഹരണം.)
13-കാരൻ ബ്രയൻ ഒരു അസംഭവ്യ കഥ പറയുമ്പോൾ അത് വിശ്വസനീയമായി തോന്നുന്നത് എഴുത്തുകാരൻ കഥാപാത്രത്തിലൂടെ പുനർജനിക്കുന്നത് കൊണ്ടാണ്.
അതിജീവനത്തിന്റെ കഥകളിലൂടെ ജീവിച്ച ഗാരി പോൾസൺ കഴിഞ്ഞയാഴ്ച, 82 വയസിൽ വിട വാങ്ങി.