എനിക്കും നിനക്കുമിടയിൽ എന്താണ് ?
- കവിത
അനാമികാ പ്രകാശ്
കണ്ടെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ നാം
അതോ അരുതെന്ന്
സ്വയം വിലക്കിയിട്ടോ?
എന്നിട്ടും
ഞാൻ
നിന്നെയും
നീ
എന്നെയും
എഴുതിവയ്ക്കുന്നു
മറന്നതും
ഓർത്തതും
നീണ്ടതും
കുറിയതും
വക്കുപൊട്ടിയതും
വലിച്ചെറിഞ്ഞതുമൊക്കെച്ചേർത്ത്.
കടുത്ത ഖരാക്ഷരങ്ങൾക്കിടയിലും
പാതിമുറിഞ്ഞ ചില്ലക്ഷരങ്ങൾക്കിടയിലും പെട്ട് ശ്വാസംമുട്ടി
നരിച്ചീറു തേടുന്ന കറുപ്പായി
വാക്കുകളിൽ പടർത്തിയും
കൂമന്റെ കണ്ണിലെ ചുവപ്പിൽ അതിനടിവരയിട്ടും
അക്ഷരങ്ങളോരോന്നും അടർത്തിമാറ്റി
തിരിച്ചും മറിച്ചും
അടുപ്പിച്ചും അകറ്റിയും
മുകളിലും താഴെയുമായി വച്ചുനോക്കി
കുറുങ്കവിതയായി തോന്നിപ്പിച്ച്
ഹൈക്കുവിൽ നിർത്തി
മഹാകവിതയുടെ ഉള്ളിലെ കടങ്കവിതയായി.
എത്രതരം ഭാഷകളാണ്
ഏതെല്ലാം സന്ദർഭങ്ങൾ
നമ്മുടെ നിശ്ശബ്ദത പോലും ചിലപ്പോൾ
വരികൾക്കിടയിൽ വായിക്കപ്പെടുന്നു.
വെട്ടിയും തിരുത്തിയും
പകർത്തിയെഴുതിയും
ഉറക്കെ വായിച്ചും
അക്ഷരങ്ങൾക്കിടയിൽ
അനോന്യം കണ്ടിട്ടും
കണ്ടില്ലെന്നു ഭാവിച്ചും.
എന്നെ
എത്ര മായ്ച്ചെഴുതിയാലും
അതിന്റെ ഏതെങ്കിലും
ഒരു ചില്ലക്ഷരത്തിൽ നീയുണ്ടാകും.
നിന്റെ തോന്നലുകളിൽ
ഒരു ചിറകടിയൊച്ച
ഞാൻ
കടമെടുക്കും !