ഗ്രാമീണ നാടക വേദിയിലെ ഒരു നടൻ കൂടി യാത്രയാകുമ്പോൾ
രാഘവൻ പട്ടാന്നൂരിനെ നാടക പ്രവർത്തകൻ മുരളി വായാട്ട് അനുസ്മരിക്കുന്നു.
പട്ടാന്നൂരിലെ ആദ്യകാല നാടക പ്രവർത്തകരിൽ പ്രധാനിയായിരുന്ന രാഘവേട്ടൻ്റെ ചില കഥാപാത്രങ്ങൾ ഓർമ്മയിൽ തെളിയുന്നു.ശ്രീധരൻ നീലേശ്വരം സംവിധാനം ചെയ്ത പെരുന്തി എന്ന നാടകത്തിലെ ഇംഗ്ലീഷ് മേസ്ത്രി എന്ന ഹാസ്യകഥാപാത്രം അദ്ദേഹത്തിൻ്റെ സ്വതസിദ്ധമായ ശരീരഭാഷ കൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും പ്രൊഫഷണൽ നടൻമാരെ പോലും കടത്തിവെട്ടുന്നതായിരുന്നു എന്നത് പട്ടാന്നൂരിലെ പഴയ തലമുറയിൽ പെട്ട ആൾക്കാർ മറക്കാൻ സാധ്യതയില്ല.
റീഫണ്ട് എന്ന മറ്റൊരു നാടകത്തിലും രാഘവേട്ടൻ മികച്ച വേഷം ചെയ്തത് ഓർക്കുന്നു. മരട് രഘുനാഥിൻ്റെ അഗ്നിരേഖ എന്ന നാടകത്തിലെ മറ്റൊരു വേഷം കൂടി ഓർമ്മയിൽ വരുന്നു. നാടകം പുരോഗമിക്കവേ രംഗത്ത് ചെരിപ്പ് കൊണ്ട് മറ്റൊരു കഥാപാത്രത്തെ അടിക്കണം.റിഹേഴ്സൽ സമയത്ത് ചെരിപ്പില്ലാത്തതിനാൽ സാങ്കല്പികത്തിലുള്ള ചെരിപ്പ് കൊണ്ടാണ് പരിശീലിച്ചത്. രംഗത്ത് ഈ ഘട്ടം വന്നപ്പോൾ ചെരിപ്പ് വീശി അടിക്കുന്നതിനിടയിൽ തെറിച്ച് സദസ്യരുടെയിടയിലേക്ക് വീണ ചെരിപ്പ് രാഘവേട്ടൻ സ്റ്റേജിൽ നിന്ന് ചാടിയിറങ്ങിയെടുക്കുകയും നാടകത്തിന് ചേരുന്ന വിധത്തിൽ അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തത് കൂടെയഭിനയിച്ചവർ ഇപ്പോഴും പല സന്ദർഭങ്ങളിൽ അയവിറക്കുന്നത് കേട്ടിട്ടുണ്ട്. അനുകൂല സാഹചര്യങ്ങളില്ലാത്തതു കൊണ്ട് മാത്രം ഗ്രാമീണ തലത്തിൽ ഒതുങ്ങിപ്പോയ നിരവധി കലാപ്രതിഭകളുടെയിടയിൽ രാഘവേട്ടൻ്റെ ജീവിതം മറ്റ് സാമൂഹ്യ പ്രവർത്തനത്തിലൂടെ എന്നും ജ്വലിച്ചു നില്ക്കും. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചത് പോലുള്ള നിരന്തര പോരാട്ടങ്ങൾ ഉദാഹരണം.
മൂന്നു നാല് കൊല്ലം മുമ്പ് പഴയകാല നാടക പ്രവർത്തകരുടെ അനുഭവങ്ങൾ പങ്കിട്ടു കൊണ്ടു ഒരു മാഗസിൻ തയ്യാറാക്കേണ്ടതിനായി സമീപിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ആഗ്രഹം കേട്ട് വല്ലാത്ത വിഷമം തോന്നി. ഒരു പ്രാവശ്യം കൂടി ഒരു നാടകത്തിൽ അഭിനയിക്കണമെന്ന വലിയ കുഞ്ഞുമോഹം സാഫല്യമാകാതെ യവനികക്ക പിന്നിൽ മറഞ്ഞ രാഘവേട്ടന് ആദരാഞ്ജലികളർപ്പിക്കുന്നു.