അടിയൊഴുക്കുകൾ
- ചെറുകഥ
മിനി ഉതുപ്പ്
ബെന്നിച്ചേട്ടൻ ബിജുമോനെയും കൊണ്ട് സിനിമ കാണാൻ പോകുന്നു. വാർത്ത പെട്ടെന്നാണ് കേട്ടത്.
.
"അതെന്താണ് ബെന്നിച്ചെട്ടൻ ഞങ്ങളെ ആരെയും കൊണ്ടുപോകാത്തത്..?"
എനിക്ക് വല്യ സങ്കടമായി..
"ആ... ഇപ്പോഴവർ പോകട്ടെ. നമുക്ക് പിന്നെ പോകാം" എന്ന് അപ്പച്ചനും പറഞ്ഞു.
ഏതായാലും അവർ പോയി..
അവിടെ നടന്ന സംഭവങ്ങൾ എന്തൊക്കെയാണെന്ന് പറയാം.
അന്നൊക്കെ സിനിമ കാണുക എന്നു പറഞ്ഞാൽ മൂവാറ്റുപുഴയിൽ ഉള്ള വല്യമ്മച്ചിയുടെ വീട്ടിൽ പോവുക എന്നാണ് അർത്ഥമാക്കുന്നത്.... ആ വീട്ടിൽ ആണ് തുണിനെയ്ത്ത് നടക്കുന്നത്... ഞാനും പണ്ട് പോയപ്പോൾ തുണിനെയ്ത്ത് പഠിച്ചിട്ടുണ്ട്. ഇവർ അവിടെ ചെന്നു വല്യമ്മച്ചിയുടെ, അതായത് സാറാമ്മ എന്ന് യഥാർഥ പേരുള്ള തങ്കമ്മയുടെ ആങ്ങളമാർ 4 പേരുണ്ട്, കുഞ്ഞ്, പാപ്പി, പാപ്പച്ചൻ, വർഗ്ഗീസ് _ ഇവരെല്ലാം കൂടെ നന്നായി സൽക്കരിച്ചു... എന്തൊക്കെയോ കൊടുത്തു.. അതൊക്കെ തിന്ന് വയറു നിറച്ചു. പിന്നെ
രണ്ട് പേരും തീയേറ്ററിൽ പോയി. ബെന്നിച്ചേട്ടൻ ടിക്കറ്റ് ഒക്കെയെടുത്ത് പടം കാണാൻ ബിജുമോനെയും കൊണ്ട് ഇരുന്നു..
പടം തുടങ്ങി.. നല്ല രസം. ആസ്വദിച്ചങ്ങനെ ഇരിക്കുകയായിരുന്നു അപ്പോൾ ഇടി വരുന്നു... അതായത് സ്റ്റണ്ട് സീൻ ആണ്... ബിജുവിനിഷ്ടപ്പെട്ട സീൻ ആണ്...
പെട്ടെന്ന് ബിജുവിനൊരു തോന്നൽ, വയറുവേദന എടുക്കുന്നു... ആദ്യമൊന്നും മൈൻഡ് ചെയ്യാതെ ഇടി കണ്ടുകൊണ്ടിരുന്നു.. പിന്നെ സീൻ മാറിയപ്പോൾ.... ബെന്നിച്ചേട്ടനോടു പറഞ്ഞു. ബെന്നിച്ചേട്ടൻ ചോദിച്ചു.കക്കൂസിൽ പോണോ...?
വയറ് ഇളകി മറിയുന്നു.... അപ്പോഴേക്കും അടുത്ത സ്റ്റണ്ട് സീൻ എത്തി...
ബിജുവിന് ഉത്സാഹം ആയി.... അവൻ ആസ്വദിച്ചു കാണാൻ തുടങ്ങി. ബെന്നിച്ചേട്ടന് അപകടം മണത്തു.....
"വാ നമുക്ക് പോകാം"
ബിജുവിനെയും കൂട്ടിക്കൊണ്ട് പുറത്തേക്കിറങ്ങി
അവന് ഇടി കാണാഞ്ഞിട്ടുള്ള സങ്കടം ഒരു വശത്ത്..... വയറിളകുന്നു എന്ന സങ്കടം മറുവശത്ത്...
ബെന്നിച്ചേട്ടനോ, ആ ചെറിയ തീയേറ്ററിൽ എവിടെപ്പോകും എന്ന സങ്കടം.
അവിടെയെങ്ങും പോകാൻ ഒരു രക്ഷയുമില്ല....
അങ്ങനെ മൂവാറ്റുപുഴയരികിൽ പോയിരുന്ന് ബാക്കി സാധിച്ചു.
അപ്പോഴേക്കും ബിജുമോൻ നിക്കറിലൊക്കെ ആക്കിയാരുന്നു....
നിക്കറൊക്കെ കഴുകി ഇട്ട് ഉണക്കി... വല്യ കാര്യായിട്ടൊന്നും ഉണങ്ങീല.
കുറച്ച് ഉണങ്ങിയ ശേഷം
അവിടന്ന് എടുത്തിട്ടോണ്ട് പോന്നു... പടം
കാണാൻ പറ്റിയില്ല...
ഏതായാലും അവിടന്ന് പോരും മുൻപ് ഒരു കാര്യം ചെയ്തു ബെന്നിച്ചേട്ടൻ.
മൂവാറ്റുപുഴ പാലത്തിന്റെ മേലെ കേറ്റി ബിജുമോനെ നിർത്തി.
"കണ്ടോ മോനെ.. അതാണ്.. അടിയൊഴുക്കുകൾ.... ശരിക്കും നോക്കിക്കോട്ടോ...."
അങ്ങനെ അടിയൊഴുക്കുകളും കണ്ട് അവർ വീട്ടിലെത്തി...
ഏത് സിനിമയാണ് ബെന്നിച്ചേട്ടൻ കാണിച്ചു തന്നത് എന്നാരു ചോദിച്ചാലും അവൻ പറയുമായിരുന്നു.
"അടിയൊഴുക്കുകൾ"
കാണിച്ചു തന്നു...
ഞങ്ങളെ ആരെയും കൊണ്ടുപോകാത്തതു കൊണ്ടല്ലേ... അങ്ങനെയൊക്കെ സംഭവിച്ചത്.. എന്ന് ഞാനും.