കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പ്രവാസി അമേച്വര്‍ നാടകോത്സവത്തിലേക്ക് സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ചു
- വാർത്ത - ലേഖനം
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പ്രവാസി അമേച്വര്‍ നാടകോത്സവത്തിലേക്ക് സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ചു. ചെന്നൈ, മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രങ്ങള്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി പ്രവാസി അമേച്വര്‍ നാടകോത്സവം സംഘടിപ്പിക്കുക. പുതിയ നാടകങ്ങളുടെയോ, നിലവില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നാടകങ്ങളുടെയോ സ്‌ക്രിപ്റ്റുകള്‍ എന്‍ട്രികളായി നവംബര്‍ 21 നകം സമര്‍പ്പിക്കാം.
എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ള പ്രവാസി നാടകസംഘങ്ങള്‍, പ്രവാസി കലാസമിതികള്‍ എന്നിവര്‍ വെള്ളക്കടലാസില്‍ തയ്യറാക്കുന്ന അപേക്ഷയോടൊപ്പം, സ്‌ക്രിപ്റ്റിന്റെ നാലു കോപ്പിയും, നാടകകൃത്തിന്റെ സമ്മതപത്രവും നാടകത്തിന്റെ ഉള്ളടക്കം, സന്ദേശം എന്നിവ രേഖപ്പെടുത്തിയ ചെറുകുറിപ്പും സഹിതം അക്കാദമിയില്‍ അപേക്ഷിക്കണം.
നാടകാവതരണം, സ്വതന്ത്രമായ നാടക രചനയല്ലാതെ, മറ്റേതെങ്കിലും കൃതിയുടെയോ, ആവിഷ്‌കാരങ്ങളുടെയോ അഡാപ്‌റ്റേഷനായോ, പ്രചോദമുള്‍ക്കൊണ്ടോ, തയ്യാറാക്കിയതാണെങ്കില്‍, പകര്‍പ്പവകാശ പരിധിയില്‍ വരുന്നതാണെങ്കില്‍, മൂലകൃതിയുടെ ഗ്രന്ഥകര്‍ത്താവില്‍ നിന്ന് സമ്മതപത്രം വാങ്ങി അപേക്ഷയൊടൊപ്പം ഹാജരാക്കണം. മൂലകൃതിയുടെ ഗ്രന്ഥകര്‍ത്താവില്‍ നിന്ന് സമ്മതപത്രം വാങ്ങി ഹാജരാക്കാന്‍ പറ്റിയില്ലെങ്കില്‍, പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ പ്രശ്‌നങ്ങള്‍ക്കും അപേക്ഷകന്‍ ഉത്തരവാദിയായിരിക്കുമെന്ന് രേഖപ്പെടുത്തി, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം അപേക്ഷയോടൊപ്പം ഹാജരാക്കണം.
അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള രചനകളാണ് എന്‍ട്രിയായി സമര്‍പ്പിക്കേണ്ടത് അപേക്ഷയോടൊപ്പം അക്കാദമിയില്‍ ഹാജരാക്കുന്ന രേഖകള്‍ തിരിച്ചു നല്‍കുന്നതല്ലെന്നും സംഘാടനം സംബന്ധിയായ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുന്നതാണെന്നും അക്കാദമി സെക്രട്ടറി ജനാര്‍ദ്ദനന്‍ കെ അറിയിച്ചു