അതിസാന്ദ്രമായ സംഗീതത്തെ ചുംബിച്ച രംഗഭാഷ ഒരുക്കിയ ഒറ്റ്
- ഫെയിസ്ബുക്ക് പോസ്റ്റ്
എം എസ് നൗഫൽ
രംഗഭാഷയുടെ എല്ലാ സാധ്യതകളേയും ഉൾക്കൊണ്ട് പി എൻ മോഹൻ രാജ് സംവിധാനം ചെയ്ത ഒറ്റ് സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ നാടക മത്സരത്തിൽ ഏറ്റവും മികച്ച അനുഭവമായി മാറി. പ്രദീപ് മണ്ടൂരാണ് നാടക രചന. മികച്ച നാടകത്തിനും സംവിധാനത്തിനുമുള്ള പുരസ്കാരങ്ങൾ ഒറ്റ് കരസ്ഥമാക്കി. ചരിത്രത്തിലേയും ഇതിഹാസത്തിലേയും ഒറ്റിൻ്റെ പശ്ചാത്തലത്തിൽ ഒരു നാടകകൃത്തിൻ്റെ സർഗ്ഗാത്മകവും സാമൂഹികവുമായ പ്രതിസന്ധികളിലൂടെ കടന്നുപോയ ഈ നാടകം മെറ്റാ ഡ്രാമയുടെ സാധ്യതകളാണ് വരച്ചിട്ടത്. അരങ്ങിലെ രണ്ടു കളങ്ങളിൽ സമകാലികവും പൗരാണികവുമായ സന്ദർഭങ്ങളെ ഇഴചേർത്ത് തുന്നിയ സംവിധായകൻ തീയേറ്ററിലെ കാല സങ്കല്പങ്ങളെ പുനർനിർമ്മിച്ചു. അതിനായി പലതരത്തിലുള്ള രംഗഭാഷകളെ വിദഗ്ദ്ധമായി കൂട്ടിയോജിപ്പിച്ചു കൊണ്ട് അവതരണത്തിൽ ക്ലാസ്സിക്കൽ കൊളാഷിലൂടെ എഴുത്തുകാരൻ്റെ ആത്മസംഘർഷങ്ങളിലേക്കാണ് കടന്നു ചെന്നത്. കൂടിയാട്ടത്തിൻ്റെയും യഥാതഥ നാടകവേദിയുടെയും രംഗഭാഷകളെ കൂട്ടിയോജിപ്പിക്കുമ്പോൾ പാളിപ്പോകാമായിരുന്ന ഭാവതലത്തെ കൃത്യമായി അനുഭവിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് ഒറ്റിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു പരീക്ഷണമായി നിൽക്കുമ്പോൾ പോലും രസാവിഷ്കാരത്തിൻ്റെ ഉന്നത തലങ്ങളിലേക്കെത്തിയ ഈ നാടകം സംവിധായകൻ്റെ പ്രസക്തിയ്ക്കും പ്രാധാന്യത്തിനും വ്യക്തമായ തെളിവാണ്. അരങ്ങിൽ അനുഭവത്തെപകർന്നാടിയ എല്ലാ അഭിനേതാക്കളും ഒറ്റിൻ്റെ വിജയത്തിൽ അവരവരുടെ സംഭാവനകൾ നൽകിയിട്ടുണ്ട്.
മികച്ച ചിട്ടയോട് കൂടി അവതരിപ്പിക്കുന്ന ഒരു ഓർക്കസ്ട്രയുടെ പ്രതീതിയാണ് ഒറ്റ് വേദിയിലുണർത്തിയത്. അതിസാന്ദ്രമായ സംഗീതത്തെ ചുംബിച്ച രംഗഭാഷ.