ഒറ്റക്കൊമ്പന്റെ വിലക്ക് നീക്കില്ല, ഹർജി സുപ്രീം കോടതി തള്ളി
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കാതെ സുപ്രീംകോടതി. വിലക്കിന് സ്റ്റേ ആവശ്യപ്പെട്ട് അണിയറപ്രവർത്തകർ നൽകിയ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതി തള്ളി. തിരക്കഥാകൃത്ത് ജിനു എബ്രഹാം നൽകിയ പകർപ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പൻ ടീം കൊടുത്ത ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
ഒറ്റക്കൊമ്പൻ തന്റെ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ആരോപിച്ചാണ് തിരക്കഥാകൃത്ത് ജിനു പകർപ്പവകാശ കേസ് നൽകിയത്. ഇതേ തിരക്കഥയിൽ പൃഥ്വിരാജിനെ നായകനാക്കിക്കൊണ്ട് കടുവ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കേസിൽ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി തീരുമാനിക്കുകയും വിചാരണ വേഗത്തിലാക്കാൻ വിചാരണക്കോടതിയോട് നിർദ്ദേശിക്കുകയും ചെയ്തു. ഇരു കക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വർഷത്തിനകം തീർപ്പാക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു. ഈ പ്രമേയവുമായി ബന്ധപ്പെട്ട തിരക്കഥയുടെ നിർമാണ ജോലികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രസ്തുത സിനിമ നിർമിക്കുകയോ റിലീസ് ചെയ്യുകയോ അരുതെന്നു മുള്ള ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു.