അനുഭവ പങ്കിടലുമായി മാർക്സ് അവതരണം
സാംസ്കാരിക ലേഖകൻ
മഹാമാരിയുടെ ഈ കാലത്ത് പുതു അവതരണ ഭാഷ തേടുകയാണ് 'മാർക്സ്: എ കൊളാബറേറ്റീവ് പെർഫോമൻസ്'. കാലിക്കറ്റ് യൂണിവേഴ്സിറ്റി, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികളുടെ പഠനഭാഗമായുള്ള ഈ സ്കൂൾ പ്രൊഡക്ഷൻ 2021 ഒക്ടോബർ മാസം 4 മുതൽ 8 വരെയാണ് നടന്നത്. ബി ടി എ, എം ടി എ, എം ഫിൽ വിദ്യാർത്ഥികളായ 24 യുവ കലാകാരൻമാരും കലാകാരികളുമായിരുന്നു പെർഫോർമേഴ്സും അതിന്റെ മേക്കേഴ്‌സും. നാലു യുവ കലാപ്രവർത്തകർ കൊളാബറേറ്റേഴ്‌സുമായി. സമകാലിക അവതരണ പ്രവർത്തകനായ അഭീഷ് ശശിധരനാണ് ആശയാവിഷ്കാരം. യുവ നാടക വിദ്യാർത്ഥികൾ തങ്ങളുടെ ശരീരത്തിലൂടെയും, വസ്തുകളിലൂടെയും, സ്ഥലത്തിലൂടെയും, സാങ്കേതികതയിലൂടെയും സ്വന്തം ഒഴുക്കിനെയും, ഗതിവിഗതികളെയും, ഉരച്ചിലുകളെയും, നോക്കികാണലുകളെയും അനുഭവരൂപത്തിലുള്ള ചെറു അടയാളങ്ങളാക്കുന്ന അവതരണമാണ് മാർക്സ്. അർത്ഥത്തിനപ്പുറം അനുഭവപരത തേടുന്നതായിരുന്നു മാർക്സിന്റെ അവതരണം. 26 യൂണിറ്റുകൾ നിറഞ്ഞതാണ് മാർക്സ്. ഓരോ അവതരണവും ഏത് യൂണിറ്റിൽ നിന്നും ആരംഭിക്കാനും അവസാനിക്കുവാനും കഴിയുന്ന രീതിയിലായിരുന്നു അവതരിപ്പിച്ചത്. ഒരേസമയം 20 ആസ്വാദകർക്ക് മാത്രം പ്രവേശനമുള്ള ഈ അവതരണം ലാറി ബേക്കർ രൂപകല്പന ചെയ്ത സ്കൂൾ ഓഫ് ഡ്രാമ സ്റ്റുഡിയോ തിയേറ്ററിന്റെ വാസ്തു സാധ്യതകളെ ഉപയോഗിച്ചു. സുസ്ഥിരമായ കലാപ്രയോഗം എന്ന സങ്കല്പത്തിലൂന്നി സോളാർ ലൈറ്റുകളും, ഡൈനാമോ ലൈറ്റുകളും മാത്രമാണ് അവതരണത്തിന്റെ പ്രകാശ വിന്യാസത്തിനായി ഉപയോഗിച്ചത്. മൊബൈൽ വിഡിയോകളും, ഇന്ററാക്ടിവ് സൗണ്ട് ആപ്പുകളും ഉപയോഗിച്ചുള്ള യൂണിറ്റുകൾ അവതരണത്തിൽ നാടകീയതക്കപ്പുറമുള്ള നവ മേഖലകളെക്കുറിച്ചുള്ള ചോദ്യങ്ങൾ നിർമ്മിക്കുന്നു. മുൻകൂട്ടി രൂപകൽപ്പന ചെയുന്ന പ്രയോഗ രീതിയല്ല മറിച്ച് വിദ്യാർത്ഥികളോട് ചേർന്നുള്ള കൊളാബറേറ്റീവ് രീതിയാണ് അവതരണത്തിനായി ഉപയോഗിച്ചത്. 2021 ഏപ്രിൽ മാസം നടന്ന എട്ട് ദിവസത്തെ ശില്പശാലയിൽ നിന്നുമാണ് അവതരണത്തിന്റെ ഘടന രൂപപ്പെട്ടുവന്നത്. പിന്നീട് ലോക്ഡൗണിന്റെ സമയത്ത് വിദ്യാർത്ഥികൾ ഗവേഷണത്തിലേർപ്പെട്ടു. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ പരിസ്ഥിതി, വികസനം, മഹാമാരി എന്നീ മൂന്ന് താക്കോൽ വാക്കുകളെ മുൻനിർത്തി പ്രൊഡക്ഷൻ പ്രോസസ്സ് നടന്നു. മൂന്ന് താക്കോൽ വാക്കുകളെ ഓരോ വിദ്യാർത്ഥിയും സ്വന്തം അനുഭവ പശ്ചാത്തലത്തിൽ നിന്നും അവതരണമാക്കി. കാഴ്ച്ചയ്ക്കും കേൾവിക്കുമൊപ്പം ഗന്ധം, രുചി, സ്പർശം എന്നിവയുടെ സാദ്ധ്യതകളിലൂടെ ആസ്വാദകന് അനുഭവതലത്തിലെത്തിക്കുവാൻ മാർക്സിലൂടെ ശ്രമിച്ചു. " യുവ തലമുറയുടെ പുഞ്ചിരികളും, നെടുവീർപ്പുകളും, നിശ്ചലതയും, ചലനങ്ങളും, അലർച്ചകളും, വൃച്ചുവൽ നിമിഷങ്ങളും, നിലപാടുകളും നിറഞ്ഞ മാർക്സ് ബ്രിഹത്ത് ആഖ്യാനമല്ല മറിച്ച് നാം ശ്രദ്ധിക്കാതെ പോകുന്ന ചെറു അനുഭവങ്ങളെയാണ് അവതരണമാക്കുവാൻ ശ്രമിച്ചത് " എന്ന് അഭീഷ് ശശിധരൻ പറഞ്ഞു. കോവിഡ് നിബന്ധനകൾക്കകത്ത് മുന്നോട്ടു ഉണ്ടാകേണ്ടുന്ന പുതു അവതരണ സങ്കൽപ്പത്തെക്കുറിച്ചുള്ള ആലോചനകളും പ്രയോഗങ്ങളും മാർക്‌സിൽ കാണാം. അശ്വതി എസ് ആർ , ജിഷ്ണു കിളി, ശ്രാവൺ സെൽവൻ, ആദർശ് കെ പി, അശോക് ഇ, ശരത് കാരന്ത് എം ജി, മല്ലിക എം, അമൽ ബാബു, കൃഷ്ണപ്രസാദ്, മുഹമ്മദ് ഷിബിൻ പി, അൽഫി തങ്കച്ചൻ, വിപിൻ കുമാർ വി യു, ശ്രീസലിം മനുഷ്യ, ജീവ ജനാർദ്ദനൻ, ആർച്ച എസ്, നിഷ്‌മിക ദാസ്, അൻസിൽ മനാഫ്, ശരത് മെറാക്കി, ശ്രീപാർവ്വതി ജെ ബി, എൽ ഇ ഡി ശ്രീജിത്ത്, വൈശാഖ് കൃഷ്ണപ്രസാദ്, ബിനീഷ് കെ, അഭിജിത് പ്രകാശ്, കുര്യൻ ഐസക്, സുരേഷ് കുട്ടിരാമൻ എന്നിവരാണ് മാർക്‌സിലെ പെർഫോർമേഴ്സും മേക്കേഴ്‌സും. കൊളാബറേറ്റീവ് കലാകാരന്മാരായി സൗൻഡ്‌സ്‌കേപ്പിൽ ലാമി, മൂവേമെന്റിൽ ഫവാസ് അമീർ, വോയിസ് ആൻഡ് സ്പീച്ചിൽ പൂജ മോഹൻരാജ്, ലാൻസ്‌കേപ്പിൽ ബാലഗോപാലൻ എന്നിവരും പ്രവർത്തിച്ചു. ഈ മഹാമാരിയുടെ കാലത്ത് രംഗവേദിയിലുണ്ടാകേണ്ടുന്ന 'പങ്കിടൽ' എന്ന സങ്കല്പം മാർക്സ് അവതരണത്തിൽ അനുഭവിക്കാം .