ഡോ. ലീല ഓംചേരി അന്തരിച്ചു
- വാർത്ത - ലേഖനം
തിരുവനന്തപുരം: സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമായ ഡോ. ലീല ഓംചേരി അന്തരിച്ചു. 93 വയസായിരുന്നു. ക്ലാസിക്കൽ കലാരൂപങ്ങളെ കുറിച്ച് അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഡൽഹിയിലെ കലാസാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന ലീല ഓംചേരിയുടെ ഭർത്താവ് പ്രശസ്ത നാടകകൃത്ത് ഓംചേരി എൻ എൻ പിള്ളയാണ്. കലാരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം 2009ൽ പത്മശ്രീ നൽകി ആദരിച്ചു.
കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ പരേതരായ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായാണ് ജനനം. പ്രശസ്ത ഗായകൻ പരേതനായ കമുകറ പുരുഷോത്തമന്റെ മൂത്ത സഹോദരിയാണ്. കർണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡൽഹി സർവ്വകലാശാലയിൽ നിന്ന് എംഎ, പിഎച്ച്ഡിയും നേടി. ഡൽഹി സർവ്വകലാശാലയിൽ അധ്യാപികയായിരുന്നു.
കേരളത്തിലെ ലാസ്യരചനകൾ (ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം രചിച്ചത്),ദ ഇമ്മോർട്ടൽസ് ഓഫ് ഇന്ത്യൻ മ്യൂസിക് (ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം രചിച്ചത്), ഗ്ലീനിങ്സ് ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്ട് സ്റ്റഡീസ് ഇൻ ഇന്ത്യൻ മ്യൂസിക് ആൻഡ് അലൈഡ് ആർട്ട്സ് (അഞ്ച് ഭാഗം) എന്നിവയാണ് പ്രധാന കൃതികൾ. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പും (1990) ലഭിച്ചിട്ടുണ്ട്.